കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സീല്‍ വെച്ച കവറില്‍ കൈമാറണം എന്ന ഹൈക്കോടതിയുടെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍. ആയിരക്കണക്കിന് സ്ത്രീകള്‍ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ് സിനിമ വ്യവസായം എന്നത് ഉറച്ച അഭിപ്രായമാണെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Follow the FOURTH PILLAR LIVE channel on WhatsApp
‘വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം ഒഴിവാക്കപ്പെട്ട പേജുകളും വരികളും കാരണം പൊതു സമൂഹത്തിനിടയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവരും മോശക്കാരാണ് എന്ന തെറ്റിദ്ധാരണയ്ക്ക് കാരണമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹൈക്കോടതി നിര്‍ദേശത്തെ പൂര്‍ണമായും സ്വാ?ഗതം ചെയ്യുകയാണ്. 2019ല്‍ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഈ അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ സിനിമ വ്യവസായത്തില്‍ പല ഗുണകരമായ മാറ്റം സംഭവിച്ചിട്ടുണ്ട്.
തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി (ഐ.സി.സി.) നിര്‍ബന്ധമാക്കണമെന്ന കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം 2022 മാര്‍ച്ച് 26 മുതല്‍ വനിതാ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ സിനിമാ സെറ്റുകളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. ഇത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ കേരള ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ എല്ലാ സിനിമാ സംഘടകളില്‍ നിന്നും വനിതാ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഒരു മേല്‍നോട്ട സമിതി പ്രവര്‍ത്തിച്ചു വരുന്നു.
ഐ.സി.സി. ഒരു പരാതി പരിഹാര സമിതി എന്ന നിലയ്ക്ക് ആവരുത് പ്രവര്‍ത്തിക്കേണ്ടത്. ലൈംഗിക അതിക്രമങ്ങള്‍ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഉണ്ടായാല്‍ അതത് സെറ്റിലെ ഐ.സി.സി. തന്നെ പൊലീസിനെ അറിയിച്ച് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ പരാതിക്കാരെ സഹായിക്കണം. ഒരു കാസ്റ്റിങ് കോള്‍ നടത്തുന്നതിന് മുന്‍പ് കേരള ഫിലിം ചേംബറിനെ അറിയിക്കണം എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനു പുറമേ വ്യാജ കാസ്റ്റിങ് കോളുകളില്‍ വഞ്ചിതരാകരുത് എന്ന അഭ്യര്‍ത്ഥനയും നിരവധി തവണ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.
സാധാരണയില്‍ കൂടുതലായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അല്ലെങ്കില്‍ ജനക്കൂട്ടത്തെ ചിത്രീകരണത്തിനായി ഉപയോഗിക്കുമ്പോള്‍ ആവശ്യമായ ടോയ്ലറ്റ് സൗകര്യം ഉറപ്പാക്കണം എന്നും നിര്‍മ്മാതാക്കളോടും ഫെഫ്ക മുഖേന പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത് നടപ്പാക്കാത്ത അപൂര്‍വ്വം തൊഴിലിടങ്ങളില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷനും ഫെഫ്ക്കയും ഇടപെട്ടിട്ടുമുണ്ട്.
ഹേമ കമ്മിറ്റിയുടെ മറ്റൊരു നിര്‍ദ്ദേശം കരാര്‍ ഉണ്ടാക്കുക എന്നതാണ്. ഒരു ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്ന എല്ലാവരും നിര്‍മ്മാണക്കമ്പനിയുടെ ലെറ്റര്‍ഹെഡില്‍ നിര്‍മ്മാതാവുമായി കരാര്‍ ഒപ്പിടണം. ഒരു ലക്ഷം രൂപയ്ക്ക് മേല്‍ പ്രതിഫലം വാങ്ങുന്ന എല്ലാവരും കരാര്‍ മുദ്രപത്രത്തില്‍ നിര്‍മ്മാതാവുമായി ഒപ്പിട്ട് അസോസിയേഷനില്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധവുമാണ്. അതില്‍ താഴെയുള്ള ബാറ്റ പോലുള്ള കാര്യങ്ങള്‍ക്ക് തൊഴിലാളി സംഘടനയായ ഫെഫ്കയുമായി കരാറുമുണ്ട്.
ഹേമ കമ്മീഷന്‍ പറഞ്ഞതില്‍ ഇതുവരെയും പൂര്‍ണ്ണമായും പരിഹരിക്കാന്‍ ആകാത്ത ഒരു പ്രശ്നം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടേതാണ്. പ്രായോഗികമായി അത് സാധ്യമാകാത്തതിന്റെ കാരണം ഇവര്‍ എല്ലാവരും സ്ഥിരമായി ഈ ജോലി ചെയ്യുന്നവരല്ല എന്നുള്ളതാണ്. ഇന്ന് വരുന്ന ആളാവില്ല നാളെ എന്നതാണ് ഒരു പ്രതിസന്ധി. മറ്റൊന്ന്, രാവിലെ ഷൂട്ട് തീരുമാനിക്കുമ്പോള്‍ 100 ജൂനിയര്‍ വേണം എന്ന് ഡയറക്ടര്‍ പറഞ്ഞാല്‍ ആ സ്ഥലത്തുനിന്ന് അത്രയും പേരെ സംഘടിപ്പിക്കാന്‍ കോ ഓര്‍ഡിനേറ്റേഴ്സ് ഇല്ലാതെ സാധിക്കില്ല. അതുകൊണ്ടു തന്നെ നിര്‍മാതാക്കള്‍ സബ് ലീസ് വ്യവസ്ഥയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ നല്‍കാന്‍ മീഡിയേറ്റേഴ്സിനെ ഏര്‍പ്പാടാക്കുമ്പോള്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് അര്‍ഹിക്കുന്ന പ്രതിഫലം പൊതുവെ ലഭിക്കാത്ത സാഹചര്യവുമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പരാതികള്‍ ലഭിക്കുമ്പോള്‍ അവര്‍ക്ക് മുഴുവന്‍ തുകയും ലഭ്യമാക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
സിനിമാ വ്യവസായത്തില്‍ ലിംഗവ്യത്യാസം ഇല്ലാതെ പ്രതിഫലം നല്‍കണമെന്ന് അഭിപ്രായം ഉയര്‍ന്നത് സംബന്ധിച്ച് സംഘടനയ്ക്ക് പറയാനുള്ളത്, അഭിനേതാക്കാളും സാങ്കേതിക പ്രവര്‍ത്തകരുമായി കരാര്‍ ഏര്‍പ്പെടാനും പ്രതിഫലം തീരുമാനിക്കാനുമുള്ള അവകാശം ഒരു നിര്‍മ്മാതാവില്‍ മാത്രം നിക്ഷിപ്തമാണ്. കാരണം സിനിമ സാമ്പത്തികം മുടക്കി വരുമാനം ഉണ്ടാക്കാനുള്ള ഒരു വ്യവസായം കൂടി ആയതിനാല്‍ ആയതിന്റെ സാഹചര്യം മനസ്സിലാക്കി നിര്‍മാതാവ് നല്‍കുന്ന പ്രതിഫലം വാണിജ്യപരമായ ഘടകങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടാണ്.
ആയിരക്കണക്കിന് സ്ത്രീകള്‍ സുരക്ഷിതമായി ജോലി ചെയ്യുന്ന ഇടമാണ് സിനിമാ വ്യവസായം എന്ന ഉറച്ച അഭിപ്രായം ആണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019ല്‍ സമര്‍പ്പിച്ചതിനു ഏറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നിട്ടുള്ള ചില ദുരനുഭവങ്ങള്‍ സിനിമ വുവസായത്തിലെ ചില ആളുകള്‍ പങ്കുവച്ചത് സംബന്ധിച്ച് പരിഹാരം കാണേണ്ട ആവശ്യകതകളുണ്ട്.
വ്യവസായത്തിനുള്ളില്‍ ഹാനികരമായി കാര്യങ്ങള്‍ തുടര്‍ന്നും സംഭവിക്കുന്നുെങ്കില്‍ ആയതിനു പരിഹാരം കാണാന്‍ സിനിമാ വ്യവസായത്തിലെ എല്ലാ സംഘടനകള്‍ക്കും അതിലെ അംഗങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും ഈ വിഷയത്തില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഹേമ കമ്മിറ്റിയുടെ മുന്‍പാകെ ഉണ്ടായിരുന്ന ഏഴ് പരിഗണനാ വിഷയത്തില്‍ സംഘടനകള്‍ക്ക് പരിഹാരം കാണാന്‍ പറ്റാത്ത കാര്യങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.