29 C
Trivandrum
Wednesday, April 30, 2025

ധോണി അണ്‍ക്യാപ്ഡ് പ്ലെയര്‍ ആയേക്കും

Follow the FOURTH PILLAR LIVE channel on WhatsApp 

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി അണ്‍ക്യാപ്ഡ് പ്ലെയര്‍ ആയി ഐ.പി.എല്ലില്‍ തുടരുന്നതിനുള്ള സാധ്യത തെളിയുന്നു. അണ്‍ക്യാപ്ഡ് പ്ലെയറാക്കി മാറ്റി ധോണിയെ നിലനിര്‍ത്താനുള്ള ചെന്നൈയുടെ ശ്രമങ്ങള്‍ വിജയം കാണുന്ന മട്ടാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ഐ.പി.എല്ലില്‍ സജീവമാണ്. ഇപ്പോഴും ആരാധകര്‍ ആവേശത്തോടെ പിന്തുടരുന്ന അദ്ദേഹത്തെ കൈയൊഴിയാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തയ്യാറല്ല എന്നതു തന്നെയാണ് പുതിയ നീക്കങ്ങള്‍ക്കു പിന്നില്‍.

2022 മെഗാ ലേലത്തില്‍ 12 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് അദ്ദേഹം കൈമാറിയിരുന്നു. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ സ്വതന്ത്രനായി കളിച്ച ധോണി സീസണില്‍ 220.55 സ്ട്രൈക്ക് റേറ്റോടെ 161 റണ്‍സ് നേടി. അടുത്ത എഡിഷന്‍ ഐ.പി.എല്ലില്‍ മെഗാ ലേലമാണ്. അതില്‍ ധോണിയെ നിലനിര്‍ത്തണമെങ്കില്‍ അണ്‍ക്യാപ്ഡ് പ്ലെയര്‍ നിയമം നടപ്പാവണം. അണ്‍ക്യാപ്ഡ് വിഭാഗത്തിലേക്കു വന്നാല്‍ നാലു കോടി രൂപയ്ക്ക് ധോണിയെ നിലനിര്‍ത്താന്‍ ചെന്നൈക്കു സാധിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞവരെ അണ്‍ക്യാപ്പ്ഡ് താരമാക്കി മാറ്റുന്ന നിയമം നേരത്തേ നിലവിലുണ്ടായിരുന്നു. ഐ.പി.എല്‍. പ്രഥമ സീസണ്‍ മുതല്‍ 2021 വരെ നിലവിലുണ്ടായിരുന്ന ഈ നിയമം ഫ്രാഞ്ചൈസികള്‍ പ്രയോജനപ്പെടുത്താത്തതിനാല്‍ നീക്കി. ഈ നിയമം തിരികെ കൊണ്ടുവരണമെന്ന് ബി.സി.സി.ഐക്കു മുന്നില്‍ ആവശ്യമുന്നയിച്ചത് ചെന്നൈ തന്നെയാണ് . ചെന്നൈയുടെ ഈ ആവശ്യത്തിന് മറ്റു ഫ്രാഞ്ചൈസികളുടെ പിന്തുണയില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉടമ കാവ്യ മാരനെപ്പോലുള്ളവര്‍ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തു.

അണ്‍ക്യാപ്ഡ് പ്ലെയര്‍ നിയമം നടപ്പാക്കാന്‍ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ചെന്നൈ സി.ഇ.ഒ. കാശി വിശ്വനാഥന്‍ പറയുന്നത്. ബി.സി.സി.ഐ. തന്നെ നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുകയായിരുന്നെന്ന് അദ്ദേഹം വാദിക്കുന്നു. കാശി വിശ്വനാഥന്റെ വാദം ശരിയാവാനുള്ള സാധ്യതയുമുണ്ട്. ഐ.പി.എല്‍. എന്നാണ് പണത്തിന്റെ കളിയാണ്. അവിടെ ധോണിയെപ്പോലെ വിപണിമൂല്യമുള്ളൊരു താരം നിലനില്‍ക്കണമെന്ന് ബി.സി.സി.ഐയുടെ സാമ്പത്തികബുദ്ധി കേന്ദ്രങ്ങള്‍ ആഗ്രഹിക്കുന്നു. അണ്‍ക്യാപ്ഡ് പ്ലെയര്‍ ചര്‍ച്ചാവിഷയമാവുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.

Recent Articles

Related Articles

Special

Enable Notifications OK No thanks