തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും ‘ഫാക്ട് ചെക്കിങ്ങി’ന് കുട്ടികളെ പര്യാപ്തമാക്കാനും ലക്ഷ്യമിടുന്ന ഉള്ളടക്കം കേരളത്തിലെ 5, 7 ക്ലാസുകളിലെ പുതിയ ഐ.സി.ടി. പാഠപുസ്തകങ്ങളുടെ ഭാഗമായി.
Follow the FOURTH PILLAR LIVE channel on WhatsApp
നേരത്തെ 2022ല്‍ ‘സത്യമേവ ജയതേ’ പദ്ധതിയുടെ ഭാഗമായി അഞ്ചു മുതല്‍ പത്തു വരെ ക്ലാസുകളിലെ 19.72 ലക്ഷം കുട്ടികള്‍ക്ക് വ്യാജവാര്‍ത്തകള്‍ പ്രതിരോധിക്കാനുള്ള പ്രത്യേക ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം കൈറ്റിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. 5,920 പരിശീലകരുടെ സഹായത്തോടെയാണ് 9.48 ലക്ഷം യു.പി. തലത്തിലെ കുട്ടികള്‍ക്കും 10.24 ലക്ഷം ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്കും രാജ്യത്താദ്യമായി പരിശീലനം നല്‍കിയത്.
ഇന്റര്‍നെറ്റ് നിത്യജീവിതത്തില്‍, സോഷ്യല്‍ മീഡിയയ്ക്ക് നമ്മെ വേണം, സോഷ്യല്‍ മീഡിയയിലെ ശരിയും തെറ്റും, വ്യാജവാര്‍ത്തകളുടെ വ്യാപനം എങ്ങനെ തടയാം എന്നിങ്ങനെ നാലു മേഖലകളിലായാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനം കൈറ്റ് കുട്ടികള്‍ക്ക് ‘സത്യമേവ ജയതേ’യുടെ ഭാഗമായി നല്‍കിയത്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുന്ന സത്യവിരുദ്ധമായ വിവരങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന തെറ്റായ സ്വാധീനവും വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കലും വിവിധ ‘കേസ് സ്റ്റഡി’കളിലൂടെ പരിശീലനത്തിന്റെ ഭാഗമാക്കിയിരുന്നു.
അടുത്ത വര്‍ഷം 6, 8, 9, 10 ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകങ്ങള്‍ മാറുമ്പോള്‍ ഈ രംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ കൂടി അതിലുള്‍പ്പെടുത്തും. വ്യാജവാര്‍ത്തകള്‍ തിരിച്ചറിയാനും ആധികാരികത ഉറപ്പാക്കാനും മാത്രമല്ല സ്‌ക്രീന്‍ സമയം നിയന്ത്രിക്കാനും അഞ്ചാം ക്ലാസിലെ ‘ഇന്റര്‍നെറ്റില്‍ തിരയുമ്പോള്‍’ എന്ന അദ്ധ്യായത്തിലുണ്ട്. ഏഴാം ക്ലാസിലെ ‘തിരയാം, കണ്ടെത്താം’ എന്ന അദ്ധ്യായത്തിലും ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്നതും വിശദീകരിക്കുന്നുണ്ട്.
ലഭിക്കുന്ന വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് പങ്കുവെയ്ക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരെ അവയുടെ ഭവിഷ്യത്ത് ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കേണ്ടതിനെക്കുറിച്ചും ഉള്ളടക്കങ്ങളുടെ പകര്‍പ്പവകാശത്തെക്കുറിച്ചും പാഠപുസ്തകത്തിലുണ്ട്. ഏഴാം ക്ലാസിലെ പുതിയ ഐ.സി.ടി പാഠപുസ്തകത്തിലാണ് രാജ്യത്താദ്യമായി 4 ലക്ഷം കുട്ടികള്‍ക്ക് എ.ഐ പഠനത്തിന് അവസരം നല്‍കിയിട്ടുള്ളത്.