മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബി.ജെ.പി. നിയമസഭാകക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് കാവൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ടു നിലനിന്ന അനിശ്ചിതത്വം നീങ്ങി. ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീനാഥ് ഷിൻഡെയെ ഉപമുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി. സമ്മതിച്ചോടെയാണ് മഞ്ഞുരുകിയത് എന്നാണ് സൂചന.
Follow the FOURTH PILLAR LIVE channel on WhatsApp
മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുമെന്ന് മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി. നിയസഭാ കക്ഷി നേതൃ സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരിനാണ് ഇപ്പോൾ മുൻതൂക്കം. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഫഡ്‌നാവിസ് തന്നെയാവും മഹാരാഷ്ട്ര മുഖ്യമന്ത്രി.
‘ഈ സർക്കാർ ജനകീയ സർക്കാരാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അന്തിമ തീരുമാനം എടുക്കും. ബി.ജെ.പി. എം.എൽ.എമാർ യോഗം ചേരും. അവർ തീരുമാനിക്കും -ഏക്‌നാഥ് ഷിൻഡെ പറഞ്ഞു.
അമിത് ഷായുമായുള്ള ചർച്ചകൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ നേതാക്കൾക്ക് പിടികൊടുക്കാതെ ഗ്രാമത്തിലേക്ക് മടങ്ങിയത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. രണ്ടരവർഷം മുഖ്യമന്ത്ര ിസ്ഥാനം എന്ന ആവശ്യം ബി.ജെ.പി. കേന്ദ്രനേതൃത്വം തള്ളിയതോടെ ഷിൻഡേ നിരാശനായിരുന്നു. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പുറത്തുനിന്ന് പിന്തുണയ്ക്കാമെന്ന് അദ്ദേഹം ബി.ജെ.പി.യോട് വ്യക്തമാക്കിയതായി വാർത്തകളും വന്നു. അതിനു ശേഷമാണ് അദ്ദേഹത്തിന്റെ മകനെ മുൻനിർത്തിയുളള ഒത്തുതീർപ്പ് ഉരുത്തിരിഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ക്ഷീണിതനാണെന്നും വിശ്രമത്തിനായി സത്താറയിൽ എത്തിയതാണെന്നും ഷിൻഡെ പറഞ്ഞു. ഞാൻ എപ്പോഴും എന്റെ ഗ്രാമത്തിൽ വരാറുണ്ട്. കഴിഞ്ഞയാഴ്ച എന്റെ നിലപാട് വ്യക്തമാക്കി. എന്തിന് ആശയക്കുഴപ്പമുണ്ടാകണം? ബിജെപി നേതൃത്വം എടുക്കുന്ന തീരുമാനം എനിക്കും ശിവസേനയ്ക്കും സ്വീകാര്യമായിരിക്കുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ പൂർണ പിന്തുണയുണ്ടാകും -ഷിൻഡെ വ്യക്തമാക്കി.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് ബി.ജെ.പി. നേതൃത്വം നൽകുന്ന മഹായുതി സഖ്യത്തിന് ലഭിച്ചത്. 288 സീറ്റുകളിൽ 230 ലും മഹായുതി സഖ്യമാണ് ജയിച്ചത്. 132 സീറ്റുകൾ നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന 57 സീറ്റിലും അജിത് പവാറിന്റെ എൻ.സി.പി. 41 ഇടത്തുമാണ് വിജയിച്ചത്.
അജിത് പവാറിന്റെ എൻ.സി.പി.യെ കൂട്ടി സർക്കാർ രൂപവത്കരിക്കാൻ കഴിയുമെങ്കിലും ഷിൻഡെയെ ബി.ജെ.പിക്ക് ഒഴിവാക്കാനാവുമായിരുന്നില്ല. മന്ത്രിസഭയിൽ അധികാരസംതുലനത്തിന് ഷിൻഡെ തന്നെ വേണമെന്ന് പാർട്ടി കരുതുന്നു. അല്ലെങ്കിൽ അജിത് പവാർ ഉപമുഖ്യമന്ത്രിയെന്നനിലയിൽ കൂടുതൽ കരുത്താർജിക്കുന്ന സാഹചര്യവും ബി.ജെ.പി. മുന്നിൽക്കാണുന്നു. പ്രധാനപ്പെട്ട വകുപ്പുകൾ ശിവസേനയ്ക്കു നല്കാമെന്ന് ബി.ജെ.പി. സമ്മതിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.