ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ കഴിയാതെ തിരികെ പറന്നതിൽ വിശദീകരണവുമായി ഇൻഡിഗോ. അപകടകരമായ സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ചെയ്യുന്ന ഗോ-എറൗണ്ട് എന്ന മാർഗമാണ് പൈലറ്റ് നടത്തിയതെന്നാണ് വിശദീകരണം.
Follow the FOURTH PILLAR LIVE channel on WhatsApp
ശനിയാഴ്ച ഉച്ചയോടെ ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിന് ശ്രമിച്ച ഇൻഡിഗോ എയർലൈൻസിന്റെ എ320 നിയോ വിമാനമാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിഞ്ഞു. ലാൻഡിങ് സുരക്ഷിതമായി പൂർത്തിയാക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതിനെത്തുടർന്ന് പറന്നുയരുകയായിരുന്നു. റൺവേയിൽ വെള്ളം കെട്ടിക്കിടന്നതും ലാൻഡിങ് ദുഷ്‌കരമാക്കി. വിമാനം നടത്തിയ ലാൻഡിങ് പരിശ്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ ഉറപ്പാക്കേണ്ട സുരക്ഷാ പ്രോട്ടോകോളിന്റെ ഭാഗമായാണ് മുംബൈയിൽ നിന്നു വന്ന 6ഇ 683 നമ്പരുള്ള വിമാനം ഗോ-എറൗണ്ട് നടപ്പാക്കിയതെന്നാണ് ഇൻഡിഗോ പ്രസ്താവനയിൽ പറയുന്നത്. ശക്തമായ കാറ്റും മഴയും മൂലം ലാൻഡിങ്ങിന് സാധിക്കാത്ത പ്രതികൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് കോക്പിറ്റ് ക്രൂ എല്ലാ സുരക്ഷ പ്രോട്ടോകോളും പാലിച്ച് ഗോ-എറൗണ്ട് നടത്തിയതെന്നും ഇൻഡിഗോ അറിയിച്ചു.