Follow the FOURTH PILLAR LIVE channel on WhatsApp
മോഹൻലാൽ -ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 ട്രെയിലർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിൻ്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസ് ചെയ്തത്. കേന്ദ്ര കഥാപാത്രമായ ജോർജുകുട്ടിയുടെ മാനസികസഞ്ചാരങ്ങളാണ് ട്രെയിലറിൻ്റെ ഹൈലൈറ്റ്. ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളിലെ സംഭവങ്ങളുടെ തുടർച്ച ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രെയിലറിൽ ജോർജുകുട്ടിയുടെ പോരാട്ടം തുടരുമെന്ന സൂചനാണുള്ളത്.
ആദ്യത്തേയും രണ്ടാമത്തെയും ഭാഗങ്ങളിലെ കഥാപാത്രങ്ങൾക്കൊപ്പം ചില പുതിയ കഥാപാത്രങ്ങളും സിനിമയിലെത്തുന്നു. വരുൺ തിരോധാനക്കേസ് പിന്തുടർന്നെത്തുന്ന മാധ്യമസംഘമാണ് ദൃശ്യത്തിൻ്റെ മൂന്നാം ഭാഗത്തിൽ കഥയെ മുൻപോട്ടു കൊണ്ടുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ദൃശ്യം 2ലെ താരങ്ങളായ സുമേഷ് ചന്ദ്രൻ, ശാന്തി മായാദേവി, മുരളി ഗോപി എന്നിവർ ഇത്തവണയും ചിത്രത്തിലുണ്ട്. വീണാ നന്ദകുമാറാണ് ദൃശ്യം ചലച്ചിത്രപരമ്പരയിലെ പുതിയ താരസാന്നിധ്യം. മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3ലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ.
2013ൽ ആണ് ദൃശ്യത്തിൻ്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021ൽ രണ്ടാം ഭാഗം റിലീസ് ചെയ്തു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് 4 വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യം 3 പറയുന്നത്. ചിത്രത്തിൻ്റെ ആഗോള തിയറ്റർ, ഓവർസീസ്, ഡിജിറ്റൽ, എയർബോൺ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് പനോരമ സ്റ്റുഡിയോസ് ആണ്.





























