നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ മരിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

പത്തനംതിട്ട: നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ ശുഭശ്രീക്കു ഗുരുതര പരുക്കേറ്റു.

ചൊവ്വാഴ്ച രാവിലെ 6.15നാണ് അപകടം. തിരുവനന്തപുരത്ത് നിന്നു കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.

നടൻ സഞ്ചരിച്ച ഇന്നോവ കാർ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. നാട്ടുകാർ ഉടനെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർക്കും പരുക്കുണ്ട്.

1960 നവംബർ 12 ന്  സി.എൻ.കേശവൻ നായരുടെയും, പി രാജലക്ഷ്മി അമ്മയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് കോൺവെന്റ്, സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മഹാത്മാ ഗാന്ധി കോളേജിൽ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കി. എംജി കോളേജില്‍ പഠിക്കുന്ന സമയത്ത് മോഹന്‍ലാല്‍, സന്തോഷിന്റെ സീനിയറായിരുന്നു.

1982ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു  എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായിമാറി. 1985ൽ പതിനെട്ടോളം സിനിമകളിൽ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലൻ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയിൽ ചെയ്തു. 1986 ൽ ഇറങ്ങിയ യുവജനോത്സവം എന്ന സിനിമയിലെ നിസ്സാർ എന്ന പോസിറ്റീവ് റോൾ, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 

മുളമൂട്ടിൽ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കടത്തനാടൻ അമ്പാടി, വിഷ്ണുലോകം, ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളിൽ അദ്ദേഹം നല്ല വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്കു ശേഷം അദ്ദേഹത്തിന്റെ ശക്തമായൊരു കഥാപാത്രമെന്ന് പറയുന്നത് ചന്ദ്രോത്സവത്തിലെ നായകന്റെ സുഹൃത്തായ സഹദേവന്റെ വേഷമായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി, രതീഷ്, ശങ്കർ, ജയറാം, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടെയൊക്കെ വില്ലൻ ജോഡിയായി വന്നിട്ടുള്ള ഈ നടൻ നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം കമ്മത്ത് ആൻഡ് കമ്മത്ത്, എന്നീ സിനിമകളിൽ കോമഡി ഫ്ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. നൂറിലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചു. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത മോഹിനിയാട്ടമാണ് അവസാനമായി അഭിനയിച്ച സിനിമ.

സന്തോഷിന്റെ ഭാര്യ ശുഭശ്രീ സ്കൂൾ അധ്യാപികയാണ്. ഡോ.രാജശ്രീ എസ്.നായർ മകളാണ്.

ആദ്യം മോഹൻലാലിന്റെ ഒപ്പം പഠിച്ചു, പിന്നെ ജൂനിയറായി

മോഹൻലാലുമായുള്ള കോളേജ് കാലഘട്ടത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും സന്തോഷ് തുറന്നു പറഞ്ഞിട്ടുണ്ട്:

‘ഞാനും ലാലും ഒരേ കാലഘട്ടത്തിലാണ് എംജി കോളേജില്‍ പഠിക്കുന്നത്. ഞാന്‍ ബി.എസ്.സി. മാത്തമാറ്റിക്‌സ് ആയിരുന്നു. മോഹന്‍ലാല്‍ കൊമേഴ്‌സ് ആയിരുന്നു. പ്രീഡിഗ്രി ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അത് കഴിഞ്ഞിട്ട് വേഗം എൻജിനീയറാകാനുള്ള ത്വരയില്‍ ഞാന്‍ ചിന്മയ ക്ലാസില്‍ പോയി ചേര്‍ന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മനസിലായി എനിക്ക് അത് പറ്റില്ല എന്ന്. പിന്നെ തിരിച്ച് വന്ന് ബി.എസ്.സിക്ക് ചേര്‍ന്നു. അങ്ങനെ വന്നപ്പോള്‍ ലാല്‍ ഒരു വര്‍ഷം സീനിയറായി. ഞങ്ങള്‍ ഒരേ പ്രായമാണ്. നാലഞ്ച് മാസത്തിന്റെ വ്യത്യാസമേ ഉള്ളൂ. ഞാന്‍ അവിടെ മാഗസിന്‍ എഡിറ്ററൊക്കെ ആയിട്ടുള്ള ആളായിരുന്നു. അപ്പോള്‍ വേണമെങ്കില്‍ കോളജില്‍ കുട്ടി ഹീറോ കളിച്ച് നടന്നു എന്നൊക്കെ പറയാം. ബുള്ളറ്റിലൊക്കെ കറക്കവുമൊക്കെ ആയിട്ട് പോയിരുന്നു. മോഹന്‍ലാല്‍ എസ്.എഫ്‌.ഐയുടെ ഭാഗമായിരുന്നു.എസ്.എഫ്‌.ഐ. എന്ന് പറയുമ്പോള്‍ ഇന്നത്തെ പോലെ തന്നെ അന്നും അതിന്റേതായിട്ടുള്ള ടെററൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പാര്‍ട്ടിയുമായിട്ട് അധികം അടിയും പിടിയും നടന്നിട്ടില്ല. ഞാന്‍ ഡി.എസ്‌.യു. ആയിരുന്നു. അന്ന് എന്‍.എസ്.എസിന്റെ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു എന്‍.ഡി.പി. അതിന്റെ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു ഡി.എസ്.യു. എ.ബി.വി.പിയല്ല. എല്ലാവരും പറയും ഞാന്‍ എ.ബി.വി.പിയാണ് എന്ന്. എ.ബി.വി.പി അന്നും ഉണ്ട്. പക്ഷേ അവര്‍ തിരഞ്ഞെടുപ്പില്‍ നില്‍ക്കില്ല. തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ ഡി.എസ്‌.യുവില്‍ ആയത്. ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു. ഞാന്‍ ശാഖയിലുണ്ടായിരുന്നു. ശിക്ഷക്, മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു. പിന്നീട് സിനിമയില്‍ എത്തി.’

Recent Articles

Related Articles

Special