വാഷിങ്ടണിൽ ട്രംപ് പങ്കെടുത്ത പരിപാടിയിൽ വെടിവെപ്പ്, ആളപായമില്ല; ഒരാൾ കസ്റ്റഡിയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

വാഷിങ്ടൺ: വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പരിപാടിയിൽ വെടിവെപ്പ്. വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. ഇതേത്തുടർന്ന് പരിപാടിയിലുണ്ടായിരുന്ന പ്രസിഡൻ്റ് ട്രംപിനെ സീക്രട്ട് സർവീസ് അതിവേഗം വേദിയിൽനിന്ന് മാറ്റി.

വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസും മറ്റു കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കെങ്കിലും പരുക്കേറ്റതായി വിവരമില്ല. വെടിയൊച്ച കേട്ടതോടെ അതിഥികൾ മേശകൾക്ക് താഴെ അഭയം തേടിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

പ്രസിഡൻ്റും പ്രഥമ വനിതയും മറ്റ് എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് സീക്രട്ട് സർവീസ് വക്താവ് ആൻ്റണി ഗുഗ്ലിയൽമി പറഞ്ഞു. ഒരു വ്യക്തി കസ്റ്റഡിയിലുണ്ടെന്ന് പറഞ്ഞ യു.എസ്. ഉദ്യോഗസ്ഥർ സംഭവത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

ട്രംപിൻ്റെ നിർദേശത്തോടെ പിന്നീട് വിരുന്ന് പുനരാരംഭിച്ചു. ട്രംപ് പരിപാടിയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇതിന് അനുവദിച്ചില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ട്രംപിനെ സ്ഥലത്തു നിന്നു മാറ്റുന്നതിനു മുമ്പ് വാൻസിനെ രക്ഷപ്പെടുത്തുന്നത് വിവാദത്തിനു വഴിമരുന്നിട്ടിട്ടുണ്ട്. പ്രസിഡൻ്റാണോ വൈസ് പ്രസിഡൻ്റാണോ വലുത് എന്നതാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.

Recent Articles

Related Articles

Special