Follow the FOURTH PILLAR LIVE channel on WhatsApp
ടോക്യോ: 94 വർഷമായി ഷിറ്റ്സുയി ഹകോയ്ഷി മുടിവെട്ടുകയാണ്. അവർക്കിപ്പോൾ പ്രായം 108. ഗിന്നസ് ലോക റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ച ലോകത്തെ ഏറ്റവും പ്രായംകൂടിയ വനിതാ ബാര്‍ബര്‍ ആണിവര്‍. ഒരു പക്ഷേ, ഇനിയാരും ഭേദിക്കാനിടയില്ലാത്ത റെക്കോഡ്.
ഹകോയ്ഷിയുടെ 14ാം വയസ്സില്‍ സ്വീകരിച്ച തൊഴില്‍ ഇപ്പോഴും തുടരുന്നു. മാര്‍ച്ച് 5ന് ടോച്ചിഗി പ്രിഫെക്ചറിലെ നകഗാവയില്‍ നടന്ന ചടങ്ങിലാണ് ഗിന്നസ് റെക്കോഡ് അംഗീകാരം ലഭിച്ചത്. ഹകോയ്ഷി ഇപ്പോഴും ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഇടംകൂടിയാണിത്.
1931ല്‍ സ്വന്തം നാട്ടില്‍നിന്ന് ടോക്യോവിലെത്തിയ ഹകോയ്ഷി ചെറിയ ഒരു സലൂണില്‍ ജോലിക്കാരിയായാണ് കരിയര്‍ ആരംഭിച്ചത്. 20 വയസ്സുള്ളപ്പോള്‍ ബാര്‍ബര്‍ ലൈസന്‍സ് നേടി. ഇതോടെ 1939ല്‍ ഹകോയ്ഷിയും ഭര്‍ത്താവും ടോക്യോവില്‍ സ്വന്തമായി ബാര്‍ബര്‍ ഷോപ്പിട്ടു. പക്ഷേ, രണ്ടാംലോക മഹായുദ്ധത്തില്‍ ഹകോയ്ഷിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ഒരു വ്യോമാക്രമണത്തില്‍ അവരുടെ സലൂണ്‍ തകര്‍ന്നുവീഴുകയും ചെയ്തു.
ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട ഹകോയ്ഷി പക്ഷേ, പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെ ജീവിതം മുന്നോട്ടു നീക്കാൻ തന്നെ തീരുമാനിച്ചു. 1953ല്‍ നകഗാവയില്‍ പുതിയ ബാര്‍ബര്‍ഷോപ്പ് തുറന്നു. ആ നിലയില്‍ പ്രശസ്തയായ അവരെ, 2020 ടോക്യോ ഒളിമ്പിക്‌സില്‍ ദീപശിഖയേന്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക് ടോര്‍ച്ചിന് തുല്യമായ ഭാരമുള്ള ദണ്ഡ് വഹിച്ചുകൊണ്ട് ദിവസവും 1000ലധികം ചുവടുകള്‍ നടന്ന് പരിശീലനം നടത്തി.
ഭക്ഷണക്രമീകരണം, എല്ലാദിവസവും രാവിലെ നടത്തം, മറ്റു വ്യായാമങ്ങള്‍ എന്നിവയാണ് തൻ്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് ഹകോയ്ഷി പറയുന്നു.