മുംബൈ: ഇന്ത്യന്‍ വിനോദവ്യവസായത്തിന്റെ നിയന്ത്രണം കൈയാളാന്‍ പുതിയ ഭീമന്‍ കമ്പനി നിലവില്‍ വന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനു കീഴിലുള്ള വയാകോം 18 മീഡിയ ലിമിറ്റഡ്, ജിയോ സിനിമ എന്നിവയും വാള്‍ട്ട് ഡിസ്‌നി കമ്പനിയുടെ കീഴിലുള്ള ഡിസ്‌നി സ്റ്റാര്‍ ഇന്ത്യയും തമ്മിലുള്ള ലയനം പൂര്‍ത്തിയായി. 70,352 കോടി രൂപയുടെ പുതിയ സംയുക്തകമ്പനിക്കാണ് ഇതോടെ രൂപംനല്‍കിയിരിക്കുന്നത്. ലയനശേഷമുള്ള സംയുക്തകമ്പനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നിയന്ത്രിക്കും.
Follow the FOURTH PILLAR LIVE channel on WhatsApp
സ്റ്റാര്‍ നെറ്റ്‌വര്‍ക്കിനും കളേഴ്‌സ് ടെലിവിഷനും കീഴിലുള്ള ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളായ ജിയോ സിനിമ, ഹോട്ട്സ്റ്റാര്‍ എന്നിവയാണ് ഒന്നിച്ചണിനിരക്കുന്നത്. നൂറിലധികം ടെലിവിഷന്‍ ചാനലുകളാണ് കമ്പനിക്കുകീഴില്‍ പ്രവര്‍ത്തിക്കുക. സംയുക്തകമ്പനിയുടെ ഭാവി വളര്‍ച്ച മുന്‍നിര്‍ത്തി റിലയന്‍സ് 11,500 കോടിയുടെ നിക്ഷേപംനടത്തും.
നിതാ മുകേഷ് അംബാനിയാകും സംയുക്തകമ്പനിയുടെ ചെയര്‍പേഴ്‌സണ്‍. ബോധി ട്രീ സിസ്റ്റംസ് സഹസ്ഥാപകന്‍ ഉദയ് ശങ്കര്‍ വൈസ് ചെയര്‍പേഴ്‌സണാകും. കമ്പനിയുടെ തന്ത്രപ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുക ഉദയ് ശങ്കറായിരിക്കും. റിലയന്‍സിന് 16.34 ശതമാനവും വയാകോം 18-ന് 46.82 ശതമാനവും ഡിസ്‌നിക്ക് 36.84 ശതമാനവുമാകും ഇതിലെ പങ്കാളിത്തം.
സംയുക്തകമ്പനിക്ക് മൂന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുണ്ടാകും. വിവിധ പ്ലാറ്റ്‌ഫോമുകളിലുള്ള എന്റര്‍ടെയ്ന്‍മെന്റ് ഓര്‍ഗനൈസേഷനെ കെവിന്‍ വാസും ഡിജിറ്റല്‍ ഓര്‍ഗനൈസേഷനെ കരണ്‍ മാനിയും സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷനെ സന്‍ജോങ് ഗുപ്തയുമായിരിക്കും നയിക്കുക. രാജ്യത്തെ പ്രധാന മാധ്യമബ്രാന്‍ഡുകളെ ഒരുകുടക്കീഴിലാക്കുന്നതാണ് ലയനം.
ഹോട്ട്സ്റ്റാറിനും ജിയോ സിനിമയ്ക്കുമായി അഞ്ചുകോടിയിലധികം വരിക്കാരാണ് നിലവിലുള്ളത്. ലയനത്തോടെ ഇന്ത്യന്‍ മാധ്യമരംഗം മാറ്റത്തിന്റെ കാലഘട്ടത്തിലേക്കു പ്രവേശിക്കുകയാണെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.
മറ്റൊരിടപാടില്‍ പാരമൗണ്ട് ഗ്ലോബലിന് വയാകോം 18ല്‍ ഉണ്ടായിരുന്ന 13.01 ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുത്തു. 4286 കോടിയുടേതാണ് ഇടപാട്. ഇതോടെ വയാകോം 18ലെ 70.49 ശതമാനം ഓഹരികളും റിലയന്‍സിന് സ്വന്തമായി. 13.54 ശതമാനം ഓഹരികള്‍ നെറ്റ്വര്‍ക്ക് 18 മീഡിയ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിനും 15.97 ശതമാനം ബോധി ട്രീ സിസ്റ്റംസിനുമാണുള്ളത്.