ആലപ്പുഴ: സി.പി.എം. നേതാവായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി.ബാബു സി.പി.എം. വിട്ട് ബി.ജെ.പിയിൽ ചേർന്നതിൽ സന്തോഷം പ്രകടിപ്പിച്ച് സി.പി.എം. പ്രവർത്തകർ. ബിപിൻ ബാബുവിന്റെ മേഖലയായ കരീലകുളങ്ങര, പത്തിയൂർ എന്നിവിടങ്ങളിലുള്ളവരാണ് കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും ആഘോഷിച്ചത്.
ബിപിൻ ബാബുവിന്റെ ഭാര്യയും മഹിളാ അസോസിയേഷൻ ജില്ലാ നേതാവും ഡി.വൈ.എഫ്.ഐ. നേതാവുമായ മിനിസാ ജബ്ബാർ, സി.പി.എം. പത്തിയൂർ, കരീലകുളങ്ങര ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടത്. ‘പോയിത്തന്നതിന് നന്ദിട എന്ന് എഴുതിയ കേക്കാണ് മുറിച്ചത്. ബിപിൻ ബാബുവും മിനിസാ ജബ്ബാറും കുറേകാലമായി പിരിഞ്ഞ് താമസിക്കുകയാണ്.
ബിപിൻ ബാബു പാർട്ടിവിട്ടത് അച്ചടക്ക നടപടിയെത്തുടർന്നാണെന്ന് സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കിയിരുന്നു. വിഭാഗീയത കാരണമല്ല അദ്ദേഹം പോയത്. സ്വഭാവദൂഷ്യം സംബന്ധിച്ച് ഭാര്യ നൽകിയ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. തുടർന്ന് പാർട്ടിയിൽനിന്നു മാറ്റിനിർത്തി. ഇവരെ ഒരുമിച്ചു കൊണ്ടുപോകുന്നതിനും സി.പി.എമ്മിലേക്കു തിരികെ കൊണ്ടുവരുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരുമ്പോഴാണ് ബി.ജെ.പി.യിലേക്കു പോയത്. വന്നവഴി മറന്ന് പ്രവർത്തിച്ചത് തെറ്റായിപ്പോയി. സി.പി.എമ്മിന്റെ മതേതത്വം നഷ്ടമായെന്നു പറഞ്ഞ് ബിപിൻ പോയത് ആർ.എസ്.എസ്. നയിക്കുന്ന പാർട്ടിയിലേക്കാണെന്നും നാസർ പറഞ്ഞു.