Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി മുന്നോട്ടു നീക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. പദ്ധതി സംബന്ധിച്ച് ദക്ഷിണ റെയിൽവേയുടെയും കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷന്റെയും (കെ-റെയിൽ) ഉദ്യോഗസ്ഥർ വ്യാഴാഴ്ച എറണാകുളത്തെ നിർമ്മാണവിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലാണ് കൂടിക്കാഴ്ച നടത്തുക.
സിൽവർലൈൻ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായ പ്രകടനം നടത്തിയതിനു പിന്നാലെയാണ് തുടർനടപടികളുണ്ടായത്. സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ അംഗീകാരത്തിനും തുടർനടപടികൾക്കും കേന്ദ്രം സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഡി.പി.ആർ. പുതുക്കി സമർപ്പിക്കണമെന്ന് കെ-റെയിൽ അധികൃതരോട് ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കും. സ്റ്റാൻഡേഡ് ഗേജ് മാറ്റി ബ്രോഡ് ഗേജ് ആക്കണമെന്നാണ് റെയിൽവേയുടെ ആവശ്യം.
ഇന്ത്യൻ റെയിൽവേയുടെ ശൃംഖലയുമായി ചേർന്നുപോകുന്ന ലൈൻ വേണമെന്നും റെയിൽവേ ആവശ്യമുന്നയിച്ചിട്ടുണ്ട്. സിൽവർലൈനിനായി നിർമ്മിക്കുന്ന പാത വന്ദേ ഭാരതിനു കൂടി സർവ്വീസ് നടത്താൻ പാകത്തിലുള്ളതാകണമെന്നും റെയിൽവേ നിർദ്ദേശിക്കുന്നു. ഇക്കാര്യങ്ങളിലെല്ലാം പ്രാരംഭ ചർച്ച വ്യാഴാഴ്ച കൊച്ചിയിൽ നടക്കും. തുടർചർച്ചകൾക്കുള്ള തീയതിയും അവിടെ നിശ്ചയിക്കപ്പെടും.