29 C
Trivandrum
Thursday, February 6, 2025

വെളുത്ത കോട്ടിടേണ്ടവർ വെള്ള പുതച്ചു മടങ്ങി; ആ 5 പേർ ഇനി ഓർമ്മ മാത്രം

ആലപ്പുഴ: രണ്ടു മാസം മുമ്പ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലേക്ക് കളിയും ചിരിയുമായി എത്തിയ ആ കൂട്ടുകാരിൽ 5 പേർ ഇനി അവിടില്ല. 5 വർഷത്തിനപ്പുറം ഡോക്ടർമാരായി പടിയിറങ്ങേണ്ടിയിരുന്ന അവർ 5 പേരും കാമ്പസിൽനിന്ന് എന്നെന്നേക്കുമായി മടങ്ങി. കോളേജിലെ സെൻട്രൽ ലൈബ്രറി കെട്ടിടത്തിനു മുന്നിൽ ചലനമറ്റു കിടന്ന അവരെ സഹപാഠികളും അധ്യാപകരും നിറകണ്ണുകളോടെ അവസാനമായി കണ്ടു. ആശുപത്രി പരിസരത്ത് ദുഃഖം തളം കെട്ടി നിന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ ആദ്യ വർഷ വിദ്യാർഥികളായ അഞ്ചുപേരാണ് തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കെ.എസ്.ആർ.ടി.സി. ബസ്സിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി 9.20ന് അപകടം നടന്നയുടനെ മെഡിക്കൽ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്ത പരന്നിരുന്നു. അതിനു സ്ഥിരീകരണം ഉണ്ടായതോടെ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളും നാട്ടുകാരും ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഓടിയെത്തി.

ആർക്കാണ് അപകടം പറ്റിയതെന്ന് അപ്പോഴും വ്യക്തതയുണ്ടായിരുന്നില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെയാണ് രാത്രി ഹോസ്റ്റലിൽ നിന്ന് ആലപ്പുഴ നഗരത്തിലേക്കു സിനിമ കാണാൻ പോയ സംഘമാണെന്ന സംശയമുണ്ടായത്. ഹോസ്റ്റലിലെ സഹപാഠികളായ വിദ്യാർഥികൾ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.

ബി.ദേവനന്ദൻ, ശ്രീദീപ് വത്സൻ, ആയുഷ് ഷാജി, മുഹമ്മദ് അബ്ദുൾ ജബ്ബാർ, പി.പി.മുഹമ്മദ് ഇബ്രാഹിം

കോട്ടയം പൂഞ്ഞാർ ചേന്നാട് കരിങ്ങോഴക്കൽ ഷാജിയുടെ മകൻ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറിൽ കെ.ടി.ശ്രീവത്സന്റെ മകൻ ശ്രീദീപ് വത്സൻ (19), മലപ്പുറം കോട്ടയ്ക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ എ.എൻ.ബിനുരാജിന്റെ മകൻ ബി.ദേവാനന്ദൻ (19), കണ്ണൂർ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൾ ജബ്ബാർ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടിൽ പി.മുഹമ്മദ് നസീറിന്റെ മകൻ പി.പി.മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 6 വിദ്യാർഥികൾ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുന്നതിനു മുൻപ് കളക്ടർ അലക്‌സ് വർഗീസ് വണ്ടാനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്, സംസ്‌കാരിക മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി.പ്രസാദ് എന്നിവരും മറ്റ് ജനപ്രതിനിധികളുമെത്തി. രാവിലെ 9 മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ആശുപത്രിയിലെത്തിയ മാതാപിതാക്കളും ബന്ധുക്കളുടെയും കൂട്ടുകാരുടെയും നിലവിളി ഹൃദയം പിളർക്കുന്നതായിരുന്നു.

ശ്രീദേവ് വത്സൻ, ആയുഷ് ഷാജി, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് അബ്ദുൽ ജബ്ബാർ എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ആദ്യം പുറത്തിറക്കി. ദേവനന്ദന്റെ മൃതദേഹമാണ് അവസാനം പുറത്തിറക്കിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ കോളേജിലെ സെൻട്രൽ ല്രൈബറി ഹാളിൽ പൊതുദർശനത്തിന് എത്തിച്ചത്. മരിച്ചവരുടെ ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ച് കോളേജിലെത്തിയിരുന്നു. കഴിഞ്ഞദിവസം വരെ കാമ്പസിലുണ്ടായിരുന്ന പ്രിയപ്പെട്ടവരെ അവസാനമായി കാണാനെത്തിയപ്പോൾ സഹപാഠികളായ പലർക്കും നിയന്ത്രണംനഷ്ടമായി. പലരും വിങ്ങിപ്പൊട്ടി. ചിലർ തേങ്ങലടക്കാൻ പാടുപെട്ടു.

മെഡിക്കൽ കോളേജിലെ പൊതുദർശനചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ അന്ത്യോപചാരമർപ്പിച്ചു. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി. പ്രസാദ് തുടങ്ങിയവരും മെഡിക്കൽ കോളേജിലെത്തിയിരുന്നു. പൊതുദർശനചടങ്ങിനിടെ മന്ത്രി വീണാ ജോർജ് ഉൾപ്പെടെയുള്ളവരും വിതുമ്പി.

ഒന്നര മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം അഞ്ച് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ അവരവരുടെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്റെ മൃതദേഹം എറണാകുളത്തേക്കാണ് കൊണ്ടുപോയത്. ഇന്നലെ വരെ ഒരുമിച്ചായിരുന്ന അവർ പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ വെവ്വേറെ ഇടങ്ങളിലേക്കു മടങ്ങി, അന്ത്യവിശ്രമത്തിനായി.

Recent Articles

Related Articles

Special

Enable Notifications OK No thanks