ചെന്നൈ: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി 9 പേർ മരിച്ചു. പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചു. പുതുച്ചേരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഫെയ്ഞ്ചൽ ശക്തി ക്ഷയിച്ച് അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ പൂർണ്ണമായി കരയിൽ പ്രവേശിച്ച ഫെയ്ഞ്ചൽ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.
ഫെയ്ഞ്ചൽ കര തൊട്ട പുതുച്ചേരിയെ പ്രളയത്തിൽ മുക്കിയ റെക്കോഡ് മഴയാണ് പെയ്തത്. 24 മണിക്കൂറിൽ 50 സെൻറിമീറ്ററിലേറെ മഴപെയ്തു. കനത്ത മഴയിൽ പ്രധാന ബസ് ഡിപ്പോയിലും നൂറു കണക്കിന് വീടുകളിലും വെള്ളം കയറി. പാതയോരത്ത് നിർത്തിയിട്ടിരുന്ന കാറുകൾ ഒഴുകിപ്പോയി. വൈദ്യുതി സബ്‌സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം താറുമാറായി.
ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരം ചെന്നൈയിൽ നിന്ന് കരസേന സംഘം ഞായറാഴ്ച രാവിലെ പുതുച്ചേരിയിലെത്തി രക്ഷാദൗത്യം ഏറ്റെടുത്തു.
50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം നേരിടുന്ന വിഴുപ്പുറത്തും സ്ഥിതി ആശങ്കാജനകമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം നടക്കുന്നത്. തിരുവണ്ണാമലയിൽ ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയുടെ ചുറ്റുമതിൽ തകർത്ത് വെള്ളം ഉള്ളിൽ കയറി.
കടലൂർ, കള്ളക്കുറിച്ചി ജില്ലകളിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. രാവിലെ മുതൽ മഴ മാറി നിന്നതിനാൽ ചെന്നൈയിൽ മിക്കയിടത്തും വെള്ളം ഇറങ്ങിയിട്ടുണ്ട്. 16 മണിക്കൂർ അടച്ചിട്ട ചെന്നൈ വിമാനത്താവളം പുലർച്ചെ 4 മണിയോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് വിമാനത്താവളം അടച്ചത്.
ചെങ്കൽപെട്ട് അടക്കം 6 ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും ചെന്നൈ ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് വരെ ചെന്നൈയിലും തെക്കൻ ആന്ധ്രയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.