കർണാടകത്തിൽ ‘തല’മാറ്റം; സിദ്ധരാമയ്യ രാജ്യസഭയിലേക്ക്?

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: കര്‍ണാടകത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി മാറുമെന്ന സൂചനകൾ ശക്തമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും വെവ്വേറെയായി കോൺഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തുകയാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ രാജ്യസഭയിലെത്തിക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. എന്നാൽ, പകരം മുഖ്യമന്ത്രിയാവുക ശിവകുമാറായിരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

സിദ്ധരാമയ്യ സർക്കാർ 3 വർഷം പിന്നിട്ട പശ്ചാത്തലത്തിലാണ് കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ നിർണായക ചർച്ചകൾ നടക്കുന്നത്. ബിഹാറിൽ നിതീഷ് കുമാറിനെ രാജ്യസഭയിലേക്കു മാറ്റി സ്ഥാപിച്ചതിന് സമാനമായ തന്ത്രമാണ് കർണാടകയിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടമക്കം അവിടെയുണ്ട്.

രണ്ടര വർഷത്തിന് ശേഷം അധികാരം ശിവകുമാറിന് പങ്കിടുമെന്നായിരുന്നു നേരത്തെയുള്ള ധാരണ. അധികാരമേൽക്കുമ്പോഴുണ്ടാക്കിയ ധാരണയനുസരിച്ച് അധികാരക്കൈമാറ്റം അനിവാര്യമാണെന്നാണ് ഡി.കെ. പക്ഷത്തിൻ്റെ നിലപാട്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്ത് 5 വർഷം തികയ്ക്കുമെന്നാണ് സിദ്ധരാമയ്യ പറയുന്നത്. തന്നെ അനുകൂലിക്കുന്ന ഒരു കൂട്ടം മന്ത്രിമാർക്കൊപ്പമാണ് സിദ്ധരാമയ്യ ഡൽഹിയിലെത്തിയിരിക്കുന്നത്.

താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുന്നതിനെ സിദ്ധരാമയ്യ എതിർക്കുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കൂടുതൽ എം.എൽ.എമാർ തനിക്കൊപ്പമെന്ന സമ്മർദ്ദ തന്ത്രം സിദ്ധരാമയ്യ ഈ നീക്കത്തിന് ഉപയോഗിച്ചേക്കും. ശിവകുമാറിനെ ഒഴിവാക്കുന്നതിനായി ഒരു സമവായ നീക്കമെന്ന നിലയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് സിദ്ധരാമയ്യ ആവശ്യപ്പെടുമെന്നാണ് വിവരം.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി.വേണുഗോപാലിനെ കൊണ്ടുവരുന്നതിന് ഈ നീക്കത്തെ ഹൈക്കമാൻഡ് പിന്തുണച്ചേക്കുമെന്നാണ് സിദ്ധരാമയ്യയെ അനുകൂലിക്കുന്നവർ പ്രതീക്ഷിക്കുന്നത്. കേരളത്തിൽ വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധിക്കാതിരുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന് മികച്ച പദവി നൽകുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. തൻ്റെ മകൻ യതീന്ദ്രയെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാനും സിദ്ധരാമയ്യ ശ്രമം നടത്തുന്നുണ്ട്.

Recent Articles

Related Articles

Special