Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൻ്റെ തുടര്‍ച്ചയായി തലസ്ഥാന നഗരത്തെ രാത്രി മണിക്കൂറുകളോളം നിശ്ചലമാക്കി സംഘർഷം. യൂണിയൻ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയത്തോടെ എസ്.എഫ്.ഐ. ഭരണം നിലനിർത്തി. ആകെയുള്ള 37 സീറ്റുകളിൽ 35ഉം നേടിയാണ് എസ്.എഫ്.ഐ. മികച്ച വിജയം സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് കെ.എസ്.യു. അക്രമം അഴിച്ചുവിട്ടു. സർവകലാശാല സെനറ്റ് ഹാളിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് എസ്.എഫ്.ഐക്കാർ നടത്തിയ ആഹ്ളാദപ്രകടനത്തിനു നേരെ കെ.എസ്.യുക്കാര്‍ പാളയം സാഫല്യം കോംപ്ലക്സിനു സമീപത്തുവെച്ച് കല്ലെറിയുകയായിരുന്നു.

എസ്.എഫ്.ഐക്കാർക്കുനേരെ വടികളും വില്പനയ്ക്കുവെച്ചിരുന്ന കരിക്കുകളും കെ.എസ്.യുക്കാര്‍ എറിഞ്ഞു. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കല്ലെറിഞ്ഞവരെ തടയുന്നതിനു പകരം ഏറുകൊണ്ടവരെ തല്ലുകയാണ് പൊലീസ് ചെയ്തതെന്ന് എസ്.എഫ്.ഐ. ആരോപിച്ചു. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡൻ്റ് എം.ശിവപ്രസാദ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം മനേഷ്, സർവകലാശാല ക്യാമ്പസ് യൂണിറ്റ് സെക്രട്ടറി അതുൽ തുടങ്ങിയവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
ആക്രമണത്തിനെതിരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നതിനിടെയും കല്ലേറുണ്ടായി. രാത്രി 10ഓടെ ആരംഭിച്ച സംഘര്‍ഷം മണിക്കൂറുകൾ നീണ്ടു. പാളയം രക്തസാക്ഷി മണ്ഡപത്തിനും അയങ്കാളി ഹാൾ ജംഗ്ഷനുമിടയിൽ ഗതാഗതം സ്തംഭിച്ചു.
തുടർന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.എ.റഹീം എം.പി. ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി. പൊലീസിന് വി.ഡി.സതീശന്‍ ഭക്തിയെന്ന് റഹീം പറഞ്ഞു. ‘ഇങ്ങനെയൊരു സംഘഷം വിളിച്ചുവരുത്തിയത് കെ.എസ്.യു. മാത്രമല്ല പൊലീസ് കൂടിയാണ്. ഇങ്ങനെ അക്രമം നടത്തിയാല്‍ എസ്.എഫ്.ഐക്കാര്‍ പിരിഞ്ഞുപോകുമെന്നാണോ പൊലീസും കെ.എസ്.യുവും കരുതുന്നത്?’ -അദ്ദേഹം ചോദിച്ചു. പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാര്‍ജ് നടത്തുകയായിരുന്നെന്നും എസ്.എഫ്.ഐ. വിജയാഹ്ളാദ പ്രകടനം നടത്തുന്നതിനിടെ കെ.എസ്.യുക്കാര്‍ കല്ലേറ് നടത്തുകയായിരുന്നെന്ന് റഹിം പഞ്ഞു. കല്ല് എറിയുന്നവരെ നേരിടാതെ പൊലീസ് സമാധാന പരമായി ഇരിക്കുന്ന എസ്.എഫ്.ഐ. വിദ്യാര്‍ഥികള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ എന്നിവരും സ്ഥലത്തെത്തി. കല്ലേറിലും ലാത്തിച്ചാര്‍ജ്ജിലും പരുക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു. നേതാക്കളായ എം.എ.ആസിഫ്, അഭിജിത്ത്, യൂത്ത് കോൺഗ്രസ് നേതാവ് വൈഷ്ണ സുരേഷ് എന്നിവരാണ് നേതൃത്വം നല്കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കേരള സർവകലാശാല യൂണിയൻ ചെയർമാൻ സ്ഥാനത്തടക്കം എസ്.എഫ്.ഐക്കുണ്ടായ വൻ വിജയമാണ് കെ.എസ്.യുക്കാരെ പ്രകോപിപ്പിച്ചത്. എസ്.എഫ്.ഐയുടെ എസ്.ശിവ ആണ് പുതിയ ചെയർമാൻ. സർവകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളിൽ തങ്ങൾക്കുള്ള ശക്തമായ സ്വാധീനം ഒരിക്കൽക്കൂടി തെളിയിക്കുന്നതായി എസ്.എഫ്.ഐയുടെ ഈ തിളക്കമാർന്ന വിജയം. യൂണിയനിലെ 3 വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്നിൽ മാത്രമാണ് കെ.എസ്.യുവിന് വിജയിക്കാനായത്. വൈസ് ചെയർപേഴ്സൺ സ്ഥാനത്തിന് പുറമെ ഒരു അക്കൗണ്ട്സ് കമ്മിറ്റി സ്ഥാനം കൂടിയേ കെ.എസ്.യുവിന് കിട്ടിയുള്ളൂ.
























