അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വിട്ടയച്ച് ഹൈക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി. ഇവർക്ക് 2 ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിൻ്റെ അപ്പീൽ പരിഗണിച്ച് ഹൈക്കോടതിയുടെതാണ് നടപടി. അതേസമയം ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.

പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയർത്തിയത്. 7 വർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികൾക്ക് വിധിച്ചിരുന്നത്. 16ാം പ്രതി മുനീറിന് 1 വർഷം തടവും നൽകി. ഇയാൾക്ക് 3 മാസം തടവ് മാത്രമേ വിധിച്ചിരുന്നുള്ളൂ.

മരക്കാർ (2ാം പ്രതി), ഷംസുദ്ദീൻ (3ാം പ്രതി), രാധാകൃഷ്ണൻ (5ാം പ്രതി), അബൂബക്കർ (6ാം പ്രതി), സിദ്ധിഖ് (7ാം പ്രതി), ഉബൈദ് (8ാം പ്രതി), നജീബ് (9ാം പ്രതി), ജൈജുമോൻ (10ാം പ്രതി), സജീവ് (12ാം പ്രതി), സതീഷ് (13ാം പ്രതി), ഹരീഷ് (14ാം പ്രതി), ബിജു (15ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

4ാം പ്രതിയേയും 11ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മധുവിൻ്റെ കുടുംബവും പ്രതികളും നൽകിയ അപ്പീൽ കോടതിയുടെ പരിഗണനക്ക് വന്നിരുന്നു.

2018 ഫെബ്രുവരി 22നാണ് മുക്കാലിയിൽ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.

മധു കൊലക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ 5നാണ് ശിക്ഷ വിധിച്ചത്. ഇതിൽ ഇപ്പോൾ ഒന്നാം പ്രതിയെ കൂടി വെറുതെവിട്ടതോടെ കുറ്റക്കാരായ പ്രതികളുടെ എണ്ണം 13 ആയി. ഇതിൽ 12 പേർക്ക് ജീപര്യന്തം തടവും ഒരാൾക്ക് ഒരു വർഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്.

Recent Articles

Related Articles

Special