Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്‌ട്രീയത്തിന് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറി. എസ്.എഫ്.ഐയുടെ പ്രതിഷേധത്തെത്തുടർന്നാണ് അധികൃതര്‍ പിന്നാക്കം പോയത്.
സർവകലാശാലകളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനം നിയന്ത്രിക്കണമെന്ന ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഉത്തരവിൻ്റെ മറവിലാണ് ക്യാമ്പസിൽ വിദ്യാർഥി രാഷ്‌ട്രീയത്തിന് വിലക്ക് കൊണ്ടുവന്നത്. ഇതിനെതിരെ നൂറുകണക്കിന് വിദ്യാർഥികളെ അണിനിരത്തി എസ്.എഫ്.ഐ ശക്തമായ പ്രതിഷേധം ഉയർത്തി. തുടർന്ന് എസ്.എഫ്.ഐ പ്രതിനിധികളോട് സിൻഡിക്കേറ്റ് അംഗങ്ങൾ നടത്തിയ ചർച്ചയിൽ വിവാദ ഉത്തരവ് പിൻവലിക്കാൻ തീരുമാനമായി.
ക്യാമ്പസിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പിന്തിരിയാതെ സർവകലാശാലയ്‌ക്ക് മുന്നിൽ വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എൻ.ആദിൽ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡൻ്റ് എൻ സുജിൻ അധ്യക്ഷനായി.
വിദ്യാർഥികളുടെ പെരുമാറ്റച്ചട്ടം– നിയമവലി 2026 എന്ന പേരിലാണ് വിവാദ ഉത്തരവ് ഇറങ്ങിയത്. ക്യാമ്പസിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ ‘അതിപ്രസരം’ എന്നാണ് ഉത്തരവിൽ വിശേഷിപ്പിച്ചത്. ക്യാമ്പസിൽ വിദ്യാർഥികൾ കൂട്ടം കൂടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല, മുൻകൂട്ടി അറിയിക്കാതെ പ്രതിഷേധിക്കരുത് എന്നിങ്ങനെ നിർദേശങ്ങളുണ്ടായിരുന്നു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ- സംഘടന സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ് സർവകലാശാലയിൽ നടന്നതെന്ന് എസ്.എഫ്.ഐ. ചൂണ്ടിക്കാട്ടി. കേരള സമൂഹത്തെ ‘പ്രബുദ്ധ മലയാളി’ പദവിയിലേക്ക് എത്തിച്ചതിൽ വിദ്യാർഥി സംഘടന പ്രവർത്തനം വഹിച്ച പങ്ക് വലുതാണ്. ഈ കാരണത്താൽ തന്നെ കേരളത്തെ കീഴടക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ സംഘപരിവാറുകാരനായ ഗവർണർ, സമൂഹത്തിൽ അരാഷ്ട്രീയത പടർത്താനും, അതുവഴി അപരമത വിദ്വേഷം സൃഷ്ടിക്കാനും ഉള്ള വഴിയായിട്ടാണ് പുതിയ ഉത്തരവിറക്കിയത്. കേരളത്തെ കീഴടക്കാനുള്ള ആർഎസ്എസ് മോഹത്തെ ശക്തമായ സമരപോരാട്ടങ്ങളിലൂടെ ചെറുത്തുതോൽപ്പിക്കുമെന്നും എസ്.എഫ്.ഐ. പറഞ്ഞു.
























