സെക്രട്ടറി നിയമന വിവാദത്തെ പുച്ഛിച്ച് മുഖ്യമന്ത്രി: ‘യു.ഡി.എഫിന് 102 സീറ്റ് വാങ്ങിത്തന്നത് ഖേൽക്കറാണോ?’

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ യു.ഖേൽക്കർക്ക് തൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നല്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ പുച്ഛിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. യു.ഡി.എഫിന് 102 സീറ്റ് വാങ്ങിത്തന്നത് ഖേൽക്കർ ആണോ എന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പിൽ ബി.ജെ.പിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്.ഐ.ആറിന് നേതൃത്വം നല്കുകയും ചെയ്ത ഉദ്യോഗസ്ഥനെയാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ തിരഞ്ഞെടുത്തിൽ എന്തിനാണ് വിവാദമെന്ന് സതീശൻ ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സി.ഇ.ഒയുടെ ജോലി കഴിഞ്ഞു. ബംഗാളിലെ വിഷയം വേറെയാണ്. കേരളത്തിൽ എസ്.ഐ.ആറിനെക്കുറിച്ച് പരാതികളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നളിനി നെറ്റോയുടെ നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹത്തിൻ്റെ വിശദീകരണം.

‘എന്താണ് വിവാദത്തിൻ്റെ അടിസ്ഥാനം. അദ്ദേഹം സംസ്ഥാന സർവീസിൽ ഉള്ള ഉദ്യോഗസ്ഥനാണ്. സർക്കാർ കൊടുക്കുന്ന പാനലിൽ നിന്നും തിരഞ്ഞെടുപ്പ് നടത്താൻ വേണ്ടി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുപ്പ് നടത്തിക്കഴിഞ്ഞാൽ ആ ജോലി കഴിഞ്ഞു. അതോടെ ഔദ്യോഗിക ജീവിതം പിറ്റേ ദിവസം റിട്ടയർ ചെയ്യണോ? ഇതെന്താണ് ഇവിടെ നടക്കുന്ന ചർച്ച? നളിനി നെറ്റോ ചീഫ് ഇലക്ട്രൽ ഓഫീസറായിരുന്നു. അതിന് ശേഷം ആഭ്യന്തരത്തിലേക്കും ചീഫ് സെക്രട്ടറി സ്ഥാനത്തേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വന്നു. ഇതിന് മുമ്പുള്ള എല്ലാവരും അവരുടെ ഔദ്യോഗിക കാര്യം കഴിഞ്ഞാൽ മറ്റു സ്ഥാനങ്ങളിലേക്ക് പോകും’ -സതീശൻ പറഞ്ഞു.

ബംഗാളുമായിട്ടാണ് ഖേൽക്കറുടെ നിയമനം താരതമ്യം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാളിൽ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും കോൺഗ്രസും ഗുരുതര ആരോപണമാണ് തിരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ ഉന്നയിച്ചത്. വ്യാപകമായ തോതിൽ എസ്.ഐ.ആറിൽ നിന്ന് വോട്ടുകൾ നീക്കം ചെയ്തെന്നാണ് ആരോപണം. അങ്ങനെ ഒരു പരാതി ഇവിടത്തെ ചീഫ് ഇലക്ട്രറൽ ഓഫീസർക്കെതിരേ സി.പി.എമ്മോ ബി.ജെ.പിയോ ഉന്നയിച്ചിട്ടില്ല. സി.പി.എം. നേതൃത്വം കൊടുത്ത സർക്കാരാണ് അദ്ദേഹത്തെ ശുപാർശ ചെയ്തത്. പ്രതിപക്ഷ നേതാവായ ഞാനാണ് തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ പരാതിഅദ്ദേഹത്തിന് നൽകിയത്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹത്തിനെതിരേ പരാതി ഉന്നയിച്ചിട്ടില്ല- അദ്ദേഹം പറഞ്ഞു.

‘രത്തൻ ഖേൽക്കറാണോ യു.ഡി.എഫിന് 102 സീറ്റ് വാങ്ങിത്തന്നത്. എന്തൊരു തമാശയാണ് കേരളത്തിൽ നടക്കുന്നത്. പിണറായി സർക്കാർ പാനൽ കൊടുത്തതിൽ നിന്നാണ് ഖേൽക്കറെ ചീഫ് ഇലക്ട്രറൽ ഓഫീസറാക്കിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് യു.ഡി.എഫിന് 102 സീറ്റു മേടിച്ചു കൊടുക്കാനാണോ പിണറായി സർക്കാർ അദ്ദേഹത്തെ പാനലിൽ പെടുത്തിയത്? ഇതിനേക്കാൾ വലിയ തമാശയുണ്ടോ?’- സതീശൻ ചോദിച്ചു.

ഇന്ധനവർധന പഠിച്ച ശേഷം ഇളവിൽ തീരുമാനമെടുക്കും. ഭൂനിയമങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാതെ ആവശ്യമായ മാറ്റങ്ങൾ വരുത്തും. വയോജന വകുപ്പ് ആർക്ക് നൽകുമെന്ന് അറിയിക്കാം. ഇപ്പോൾ എന്തായാലും മുഖ്യമന്ത്രിയുടെ കൈയ്യിലാണ്. നികുതി വെട്ടിപ്പിനെ കർശനമായി നേരിടുമെന്നും വിവിധ ചോദ്യങ്ങൾക്ക് ഉത്തരമായി സതീശൻ പറഞ്ഞു.

മന്ത്രിസഭാ യോഗത്തിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭാ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ നിയമിക്കാനും തീരുമാനമായി. കെ.സി.വിൻസെൻ്റ് അഡീഷണൽ അഡ്വക്കേറ്റ് ജനറലാകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി നിയമിച്ച ടി.അസഫലിക്ക് ലോകായുക്തയുടെ സ്പെഷ്യൽ അറ്റോണിയുടെ അധിക ചുമതലയും നൽകി.

Recent Articles

Related Articles

Special