Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ ഇന്ധനവില വർധയ്ക്കെതിരെ രൂക്ഷവിമർശവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അന്താരാഷ്ട്ര വിപണിയിൽ ബ്രെൻ്റ് ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും ആഭ്യന്തര വിപണിയിൽ വിലകൂട്ടി ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്രമെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് വില വർധിപ്പിക്കാതെ പിടിച്ചുനിർത്തുകയും വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ജനങ്ങളുടെ പോക്കറ്റടിക്കുന്ന പതിവ് തട്ടിപ്പ് ബി.ജെ.പി. ആവർത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ പുതിയ യു.ഡി.എഫ്. സർക്കാരിനെയും മുൻമുഖ്യമന്ത്രി പോസ്റ്റിൽ പരാമർശിച്ചു. മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിരുന്നവരാണ് യു.ഡി.എഫ്. നേതാക്കൾ. ഇപ്പോൾ വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ, സ്വന്തം വാദം നടപ്പാക്കാൻ അവർ തയ്യാറാകുമോയെന്ന് പിണറായി വിജയൻ ചോദിച്ചു.
നികുതി കുറയ്ക്കാനും കേന്ദ്ര സർക്കാരിനെതിരേ ശബ്ദമുയർത്താനും അവർ എന്ത് നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.
























