മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. മനുഷ്യജീവന് നേരെയുള്ള ഭീഷണി ചെറുക്കുന്നതിനായി പേവിഷബാധയുള്ളതും അത്യന്തം അപകടകാരികളായതുമായ തെരുവുനായ്ക്കളെ എ.ബി.സി. ചട്ടങ്ങൾക്കും മറ്റ് നിയമപരമായ പ്രോട്ടോക്കോളുകൾക്കും വിധേയമായി ദയാവധത്തിന് ഇരയാക്കാൻ സുപ്രീംകോടതി അനുമതി നൽകി.

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി.അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്. ഈ ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഹൈക്കോടതികൾ വിലയിരുത്തണം. രാജ്യത്തെ എല്ലാ സർക്കാർ ആശുപത്രികളിലും പേവിഷബാധ പ്രതിരോധ വാക്സിൻ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽനിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെ മൃ​ഗസ്നേഹികൾ നൽകിയ അപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

കുട്ടികൾക്കും പ്രായമായവർക്കും എതിരെ ഉൾപ്പെടെ നായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അങ്ങേയറ്റം ആശങ്കാജനകമാണെന്ന് കോടതി വിലയിരുത്തി. പൊതുസ്ഥലങ്ങളിൽ നിന്ന് പിടികൂടുന്ന നായ്ക്കളെ വാക്‌സിനേഷനും വന്ധ്യംകരണത്തിനും ശേഷം അതേ സ്ഥലത്തേക്ക് തന്നെ തിരികെ വിടരുതെന്ന മുൻ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടുതൽ നിർദേശങ്ങൾ കൂടി സുപ്രീംകോടതി പുറപ്പെടുവിച്ചു.

1. എ.ബി.സി. ചട്ടക്കൂടിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമയബന്ധിതവും ഏകോപിതവുമായ നടപടികൾ സ്വീകരിക്കണം.

2 ഓരോ ജില്ലയിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പരിശീലനം ലഭിച്ച ജീവനക്കാരും, ശസ്ത്രക്രിയാ സൗകര്യങ്ങളും, മറ്റ് അനുബന്ധ സംവിധാനങ്ങളുമുള്ള പൂർണ സജ്ജമായ ഒരു എബിസി സെൻ്ററെങ്കിലും സ്ഥാപിക്കുന്നത് ഉറപ്പാക്കണം.

3. ഓരോ ജില്ലയിലെയും ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും കണക്കിലെടുത്ത് എ.ബി.സി. സെൻ്ററുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണം.

4. പൊതുസ്ഥലങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട മുൻ നിർദേശങ്ങൾ യാതൊരുവിധ താമസവും വീഴ്ചയും കൂടാതെ പൂർണമായ അർത്ഥത്തിൽ നടപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതാണ്.

5. പൊതുജനങ്ങൾക്ക് സുരക്ഷിതവും ഭയരഹിതവുമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിൻ്റെ ആവശ്യകത കണക്കിലെടുത്ത്, ജനത്തിരക്കേറിയതും പൊതു ഉപയോഗമുള്ളതുമായ മറ്റ് പൊതുസ്ഥലങ്ങളിലേക്കും ഈ നിർദേശങ്ങൾ അനുസരിച്ച് അധികാരികൾ തീരുമാനമെടുക്കണം. അതത് സ്ഥലങ്ങളുടെ പ്രവർത്തന സ്വഭാവം കൃത്യമായി വിലയിരുത്തി വേണം തീരുമാനമെടുക്കാൻ.

6. ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകൽ, വെറ്ററിനറി സേവനങ്ങൾ വർധിപ്പിക്കൽ, ഷെൽട്ടർ സൗകര്യങ്ങൾ ശക്തമാക്കൽ, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് വാക്‌സിനേഷൻ ഡ്രൈവ് നടത്തൽ എന്നിവയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം.

7. എല്ലാ സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലും ആൻ്റി-റേബീസ് വാക്‌സിനും ഇമ്യൂണോഗ്ലോബുലിനും ആവശ്യത്തിന് ലഭ്യമാണെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കണം. കൂടാതെ നായ്ക്കളുടെ കടിയേൽക്കുന്ന കേസുകൾ കൈകാര്യം ചെയ്യാൻ ഫലപ്രദമായ ഒരു പൊതുജനാരോഗ്യ പ്രതികരണ സംവിധാനം ഏർപ്പെടുത്തുകയും വേണം.

8. ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും തെരുവുനായ്ക്കളുടെയും മറ്റ് മൃഗങ്ങളുടെയും സാന്നിധ്യം ഇല്ലാതാക്കാൻ ദേശീയപാത അതോറിറ്റി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപിപ്പിച്ച് സമയബന്ധിതമായ ഒരു സമഗ്ര സംവിധാനം രൂപീകരിക്കുകയും നടപ്പിലാക്കുകയും വേണം. തെരുവ് കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും മാറ്റുന്നതിനും പ്രത്യേക ഗതാഗത വാഹനങ്ങൾ വിന്യസിക്കുക, അവയെ പാർപ്പിക്കുന്നതിന് അനുയോജ്യമായ ഷെൽട്ടറുകൾ സ്ഥാപിക്കുകയോ കണ്ടെത്തുകയോ ചെയ്യുക, ഇവയുടെ സുരക്ഷിതമായ പുനരധിവാസത്തിനായി മൃഗക്ഷേമ സംഘടനകളുമായി ആവശ്യമായ കരാറുകളിൽ ഏർപ്പെടുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

9. അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾക്കും മറ്റ് നിയമപരമായ പ്രോട്ടോക്കോളുകൾക്കും വിധേയമായി, ഭേദമാക്കാനാവാത്തവിധം രോഗബാധിതരായതോ, പേവിഷബാധയുള്ളതോ അല്ലെങ്കിൽ അത്യന്തം അപകടകാരികളായതോ/അക്രമകാരികളായതോ ആയ നായ്ക്കളുടെ കാര്യത്തിൽ, മനുഷ്യജീവനും സുരക്ഷയ്ക്കും നേരിടുന്ന ഭീഷണി ഫലപ്രദമായി നേരിടുന്നതിനായി ദയാവധം ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ അധികാരികൾക്ക് സ്വീകരിക്കാവുന്നതാണ്.

10. ഈ കോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർക്ക് അർഹമായ സംരക്ഷണം ഉണ്ടായിരിക്കും. ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി എടുത്ത ആത്മാർത്ഥമായ നടപടികളുടെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ സാധാരണ ഗതിയിൽ എഫ്ഐആറോ ക്രിമിനൽ നടപടികളോ ആരംഭിക്കാൻ പാടില്ല; ദുരുദ്ദേശപരമായി അധികാര ദുർവിനിയോഗം നടത്തിയെന്ന് പ്രഥമദൃഷ്ട്യാ തെളിയുന്ന സാഹചര്യങ്ങളിൽ മാത്രമെ ഇതിന് അപവാദമുള്ളൂ.

11. സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് നിരന്തരം നിരീക്ഷിക്കുന്നതിനായി ഹൈക്കോടതികൾ സ്വമേധയാ റിട്ട് ഹർജികൾ രജിസ്റ്റർ ചെയ്ത് നിരീക്ഷണം നടത്തണം. സുപ്രീംകോടതിയുടെ നിർദേശങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടൊപ്പം തന്നെ, ഈ നിർദേശങ്ങളുടെ വീര്യവും ഉദ്ദേശ്യവും ചോർന്നുപോകാത്ത രീതിയിൽ പ്രാദേശിക സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസൃതമായി മാറ്റങ്ങൾ വരുത്താനോ വ്യാപിപ്പിക്കാനോ അതത് ഹൈക്കോടതി ബെഞ്ചുകൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും.

കോടതി നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയോ, നിഷ്ക്രിയത്വം കാണിക്കുകയോ, മനപ്പൂർവ്വം അവഗണിക്കുകയോ ചെയ്യുന്ന വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിലക്ഷ്യ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാൻ അതത് അധികാരപരിധിയിലുള്ള കോടതികൾക്ക് പൂർണഅധികാരമുണ്ടായിരിക്കുമെന്നും സുപ്രീംകോടതി വിധിച്ചു.

സ്‌കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്‌പോർട്‌സ് കോംപ്ലക്സുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ മാറ്റുന്നത് ഉറപ്പാക്കാൻ കഴിഞ്ഞ വർഷം നവംബറിൽ ഈ ബെഞ്ച് അധികാരികൾക്ക് നിരവധി നിർദേശങ്ങൾ നൽകിയിരുന്നു. നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും, എവിടെ നിന്നാണോ ഇവയെ പിടികൂടിയത് അതേ സ്ഥലത്തേക്ക് തിരികെ വിടരുതെന്നും കോടതി നിർദേശിച്ചു. പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ തെരുവ് നീളെ നായ്ക്കൾക്ക് തീറ്റ നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള നിർദേശങ്ങളും ബെഞ്ച് പുറപ്പെടുവിച്ചിരുന്നു.

പിന്നീട് ഈ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹികളും മൃഗസംരക്ഷണ സംഘടനകളും നിരവധി അപേക്ഷകൾ സമർപ്പിച്ചു. ഈ അപേക്ഷകളിൽ വിശദമായ വാദം കേട്ട ശേഷം ജനുവരി 29ന് ബെഞ്ച് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

Recent Articles

Related Articles

Special