Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്. മുന്നോട്ടുവെച്ച 5 ഗ്യാരണ്ടികളിൽ 2 എണ്ണം സംബന്ധിച്ച് ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനം കൈക്കൊണ്ടതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ആദ്യ കാബിനറ്റിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പാക്കും. വയോജനങ്ങൾക്കായുള്ള പ്രത്യേക വകുപ്പ് രൂപവത്കരിക്കും. ബാക്കിയുള്ളവ വഴിയേ നടപ്പാക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപവത്കരിക്കുന്നത്. ഏറ്റവും നന്നായി ഈ വകുപ്പ് നടപ്പാക്കിയ രാജ്യം ജപ്പാനാണ്, അവരുടെ മോഡൽ പരിശോധിച്ചായിരിക്കും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക. വയോജന വകുപ്പിന് പിന്നിൽ സ്വപ്‌ന തുല്യമായ ലക്ഷ്യമുണ്ട്. സമൂഹം പരിഷ്‌കൃതമാകണമെങ്കിൽ മുതിർന്നവരെ സംരക്ഷിക്കണം.’ -അദ്ദേഹം പറഞ്ഞു.
‘സമരം അവസാനിപ്പിക്കുന്നതിന് മുമ്പും, അവസാനിപ്പിക്കുന്ന ദിവസവും ആശ വർക്കർമാരുടെ സമരപ്പന്തലിൽ പോയ ആളാണ് ഞാൻ. ആദ്യത്തെ കാബിനറ്റിൽ അവർക്കുള്ള സഹായങ്ങൾ പ്രഖ്യാപിച്ചു തുടങ്ങും എന്ന് അവർക്ക് വാക്കുകൊടുത്തിരുന്നു. അതിന്റെ ഭാഗമായി, ആദ്യ ഘട്ടമെന്ന് നിലയിൽ അവർക്ക് 3000 രൂപയുടെ വർധന പ്രഖ്യാപിക്കുന്നു’, മുഖ്യമന്ത്രി പറഞ്ഞു.
‘റിട്ടയർമെന്റ് ബെനഫിറ്റ് സംബന്ധിച്ച യോഗം അടുത്ത ഒരു മാസത്തിനുള്ളിൽ തീരുമാനിച്ച് പ്രഖ്യാപിക്കും. കുറച്ചുകൂടി കഴിയുമ്പോൾ ഒരു ഘട്ടം കൂടി പ്രഖ്യാപിക്കും. ആശ വർക്കർമാർക്ക് നൽകിയ വാക്ക് പാലിക്കും. അങ്കണവാടി ജീവനക്കാരുടെയും സഹായികളുടെയും പ്രശ്‌നങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ ഞങ്ങൾ തന്നെ സഭയിൽ ഉന്നയിച്ചിട്ടുള്ളതാണ്. അവരുടെ കാര്യം മറന്നുപോയിട്ടില്ല എന്ന് ഒന്നുകൂടി ഓർമിപ്പിക്കുകയാണ്. വലിയ തുകയൊന്നും അല്ലെങ്കിലും, 1000 രൂപയെങ്കിലും വർധിപ്പിക്കും.’ വി.ഡി.സതീശൻ പറഞ്ഞു.
‘സംസ്ഥാനത്തെ പാചകത്തൊഴിലാളികളുടെ വേതനം 1000 രൂപ വർധിപ്പിപ്പിച്ചിട്ടുണ്ട്. പ്രീപ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി. സാമ്പത്തിക ബാധ്യതകൾ പരിശോധിച്ച ശേഷമാണ് ഈ വർധന വരുത്തിയിട്ടുള്ളത്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മെയ് 21ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടത്താനും മെയ് 22ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ ഒരു പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കറോട് ശുപാർശ ചെയ്തതായി സതീശൻ അറിയിച്ചു. അംഗീകാരം കിട്ടുന്നതനുസരിച്ച് മെയ് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻമന്ത്രി ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കുന്നതിന് തീരുമാനമായെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അഡ്വക്കേറ്റ് ജനറലായി അഡ്വ.ജാജു ബാബുവിനെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി അഡ്വ.ടി.ആസഫലിയേയും നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി സതീശൻ വ്യക്തമാക്കി. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ജാജു ബാബു. വി.ഡി.സതീശനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന ജാജു ബാബു, മുമ്പ് ഗവർണറുടെ അഭിഭാഷകനായിരുന്നു. എന്നാൽ, ഗവർണർ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പിന്നീട് രാജിവെച്ചു. കഴിഞ്ഞ 10 വർഷക്കാലം പ്രതിപക്ഷം, സർക്കാരിനെതിരെ ഹൈക്കോടതിയിൽ നടത്തിയ നിയമപോരാട്ടത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നയാളാണ് ടി.ആസഫലി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആസിഫലിയായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ.
























