Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തനിക്കിഷ്ടമുള്ളിടത്ത് ബസ് നിർത്തണമെന്നാവശ്യപ്പെട്ട യുവതി അത് വഴങ്ങാത്തതിനാൽ പ്രശ്നമുണ്ടാക്കിയ വീഡിയോ നാടൊട്ടുക്കും വൈറലായ സാഹചര്യത്തെ പുതിയ പരീക്ഷണമാക്കി കെ.എസ്.ആർ.ടി.സി. കോർപറേഷൻ്റെ സൂപ്പർ ക്ലാസ് ബസുകളിൽ ടിക്കറ്റ് ചാർജിനെക്കാൾ അധികം 20 രൂപ നൽകിയാൽ ഇഷ്ടമുള്ളിടത്തു നിന്ന് കയറാനും ഇറങ്ങാനും ബസ് നിർത്തുന്ന പദ്ധതിക്കു തുടക്കമായി.
എ.സി. പ്രീമിയം ബസുകളിൽ തുടക്കമിടുന്ന പദ്ധതി ടിക്കറ്റ് റിസർവേഷൻ സൗകര്യമുള്ള എല്ലാ ബസുകളിലും നടപ്പാക്കും. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ റിസർവേഷൻ സൗകര്യമുള്ള പ്രധാന സ്റ്റോപ്പിൽ നിന്നു മാത്രമേ യാത്രക്കാർക്ക് ഇപ്പോൾ കയറാൻ സാധിക്കൂ. അംഗീകൃത സ്റ്റോപ്പിൽ മാത്രമേ ഇറങ്ങാനും പറ്റു.
20 രൂപയടച്ചാൽ ബസിൻ്റെ റൂട്ടിൽ ഏത് ചെറിയ സ്റ്റോപ്പിൽ നിന്നും കയറാനും ഇറങ്ങാനും സാധിക്കും. കയറാനും ഇറങ്ങാനും സൗകര്യമുള്ള സ്റ്റോപ്പുകൾ യാത്രക്കാരന് നിർദേശിക്കാം. 20 രൂപയും ഓൺലൈനായി അടയ്ക്കാം. കണ്ടക്ടർക്കുള്ള ചാർട്ടിൽ ഇത് ലഭിക്കും. കണ്ടക്ടർ യാത്രക്കാരെ വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്യും.
5 എ.സി. ലോ ഫ്ലോർ ബസുകളിൽ തുടങ്ങിയ പുതിയ രീതി യാത്രക്കാർ അറിഞ്ഞുവരുന്നതേയുള്ളൂ. പലരും ടിക്കറ്റ് ബുക്ക് ചെയ്ത പ്രധാന സ്റ്റോപ്പിലേക്ക് ഓട്ടോയിലും ടാക്സിയിലും മറ്റുമായാണ് എത്തുന്നത്. 20 രൂപ അധികം നല്കിയാൽ ഈ അധികചെലവ് ഒഴിവാക്കാനാവും.






















