Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: യു.ഡി.എഫ്. മന്ത്രിസഭാ രൂപവത്കരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കവെ ഘടകകക്ഷികൾക്കിടയിലെ അധികാരത്തർക്കം പുതിയ തലത്തിലേക്ക്. അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലിയാണ് മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമായത്. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. മന്ത്രിസ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് മുന്നോട്ടുവെച്ച ‘ടേം വ്യവസ്ഥ’ തള്ളി മാണി സി.കാപ്പനും അനൂപ് ജേക്കബും രംഗത്തെത്തി.
മുന്നണിയിലെ വലിയ കക്ഷിയെന്ന നിലയിൽ അഞ്ചാം മന്ത്രിപദവി വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുമ്പോൾ, ഈ വിഷയത്തിൽ പുനരാലോചന വേണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നിലപാട്. കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ അന്തിമ തീരുമാനമെടുക്കാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം അടിയന്തരമായി ചേരും. ഞായറാഴ്ച ഉച്ചയോടെ ലീഗ് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന് കൈമാറാനിരിക്കെയാണ് അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി മുന്നണിയിൽ കടുത്ത അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്. മുന്നണിയിൽ 22 എം.എൽ.എമാരുള്ള തങ്ങൾക്ക് അർഹമായ പരിഗണന വേണമെന്നാണ് ലീഗിൻ്റെ വാദം. ഈ 22 പേരിൽ ആർക്കും മന്ത്രിമാരാകാമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു.
മാണി സി.കാപ്പനും അനൂപ് ജേക്കബിനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന കോൺഗ്രസ് വാഗ്ദാനമാണ് ഇരുനേതാക്കളും തള്ളിയത്. സി.എം.പിക്ക് മാത്രം 5 വർഷം പൂർണ്ണ ടേം മന്ത്രിസ്ഥാനം നൽകാനുള്ള നീക്കത്തിലും ഇവർ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. മുന്നണിയിലെ 1 എം.എൽ.എമാരുള്ള എല്ലാ കക്ഷികൾക്കും തുല്യനീതി ഉറപ്പാക്കണമെന്നും തങ്ങളെ രണ്ടാംതരം പൗരന്മാരായി കാണരുതെന്നുമാണ് ഇവരുടെ നിലപാട്.
പാലായിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പരസ്യമായ ഉറപ്പ് പാലിക്കണമെന്നാണ് മാണി സി.കാപ്പൻ്റെ ആവശ്യം. അങ്ങോട്ടുപോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് വി.ഡി.സതീശൻ പാലായിൽ വന്ന് പ്രസംഗിച്ചത്. ‘ടീം യു.ഡി.എഫ്.’ എന്നല്ലേ നേതാക്കൾ പറയുന്നത്, താനും അതിൻ്റെ ഭാഗമല്ലേ? അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാണി സി.കാപ്പൻ പ്രതികരിച്ചു.
അതേസമയം, 7 എം.എൽ.എമാരുള്ള തങ്ങൾക്ക് 2 മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. പാർട്ടി ഉന്നയിച്ചത് തികച്ചും ന്യായമായ ആവശ്യമാണെന്നും കോൺഗ്രസ് അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.























