Follow the FOURTH PILLAR LIVE channel on WhatsApp
ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരേ വീണ്ടും കടുത്ത വിമർശനങ്ങൾ ഉന്നയിച്ച് വെള്ളാപ്പള്ളി നടേശൻ. അധികാരം ഉറപ്പായതോടെ ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്നും ഭരണസ്വാധീനം ഉപയോഗിച്ച് മതതീവ്രവാദികൾക്ക് സംരക്ഷണം നൽകുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്.എൻ.ഡി.പി. യോഗം മുഖപത്രമായ ‘യോഗനാദ’ത്തിൻ്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ രൂക്ഷവിമർശനം.
ലീഗിൻ്റെ മതേതര വിരുദ്ധതയെ എതിർക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കുകയാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ലീഗ് അഭിനയിക്കുന്ന മതേതര നാടകം കപടമാണ്. ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപത്തിൻ്റെ നാട്ടിലാണ് ലീഗ് പന്തലിച്ചുവളർന്നത്. അന്ന് അവിടെ നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപ്പോകില്ല. മാറാട് കലാപവും കേരളം മറന്നിട്ടില്ല. ലീഗിൻ്റെ പുതിയ പ്രകടനം കാണുമ്പോൾ പുതിയ മാറാടുകളും മലബാർ കലാപങ്ങളും ഇനിയും സൃഷ്ടിക്കപ്പെടുമെന്ന് കരുതിപ്പോകുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കെ.എം.ഷാജി വർഗീയ വിഷംചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. മതമാണ് മതമാണ് മതമാണ് തങ്ങളുടെ പ്രശ്‌നമെന്നും ഒൻപതര വർഷത്തെ നഷ്ടങ്ങൾ മുസ്‌ലിങ്ങൾക്കുവേണ്ടി വീണ്ടെടുക്കുമെന്നും പ്രസംഗിച്ചുനടന്ന ഷാജിയെപ്പോലെ വർഗീയ വിഷംചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാൽ കേരളത്തിൽ മതസൗഹാർദം പൂത്തുലയുമെന്നാണ് ലീഗ് നേതൃത്വത്തിൻ്റെ നിലപാട്. ഇത് തങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം മുഖപ്രസംഗത്തിൽ പറഞ്ഞു.























