Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വി.ഡി.സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ചു. മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം 14 പേർ പുതുമുഖങ്ങളാണ്.
രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരൻ, എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ബിന്ദു കൃഷ്ണ, എം.ലിജു, ടി.സിദ്ദീഖ്, കെ.എ.തുളസി, ഒ.ജെ.ജനീഷ് എന്നിവരാണ് കോൺഗ്രസ് മന്ത്രിമാർ. തിരുവഞ്ചൂർ രാധാകൃഷ്ൺ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും. ഗവർണർ രാജേന്ദ്ര ആർലേക്കറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തിയാണ് സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
കോൺഗ്രസ് മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ പല മേഖലകളിൽ നിന്നുള്ള അതൃപ്തിയും പുറത്തുവന്നിട്ടുണ്ട്. എം.വിൻസെൻ്റിനെ ഒഴിവാക്കിയതിൽ ലത്തീൻ സഭയാണ് അതൃപ്തി പ്രകടമാക്കി ആദ്യം രംഗത്തുവന്നത്. സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാനാണ് സഭയുടെ തീരുമാനം. ഫിഷറീസ് വകുപ്പ് ലീഗിന് നല്‍കിയതിലും സഭയ്ക്ക് അതൃപ്തിയുണ്ട്. യുഡിഎഫിന് പരസ്യ പിന്തുണ നല്‍കിയിട്ടും ലത്തീന്‍ സഭയെ പരിഗണിച്ചില്ല എന്നാണ് ആക്ഷേപം. ലത്തീന്‍ സഭയെ അവഗണിച്ചാണ് മന്ത്രിസഭാ രൂപവത്കരണമെന്നും സഭയെ വോട്ട് ബാങ്ക് ആയി മാത്രം കണ്ടെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര പറഞ്ഞു.
‘മന്ത്രിസഭാ രൂപീകരണത്തില്‍ സഭയെ പൂര്‍ണമായും അവഗണിച്ചു. തീരദേശ ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ നിര്‍ണായക പങ്കാണ് സഭ വഹിച്ചത്. തീരുമാനം നിരാശാജനകമാണ്. അമര്‍ഷവും അതൃപ്തിയും രേഖപ്പെടുത്തി. നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലത്തീന്‍ സഭ പ്രതിനിധികള്‍ പങ്കെടുക്കുന്നതില്‍ പുനരാലോചന നടത്തും’- യൂജിന്‍ പെരേര പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങില്‍ 5 പാസുകളാണ് ലത്തീന്‍ അതിരൂപതയ്ക്ക് നല്‍കിയിരുന്നത്. അതേസമയം, സഭ പറയുന്നത് സഭയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ തനിക്ക് പരാതിയില്ലെന്നും വിന്‍സെൻ്റ് പറഞ്ഞു.
ചാണ്ടി ഉമ്മൻ്റെ മന്ത്രിയാകുമെന്ന പ്രതീക്ഷ വെച്ചുപുലർത്തിയിരുന്ന ഓര്‍ത്തഡോക്സ് സഭയും അതൃപ്തിയിലാണ്. യുവാക്കൾ മന്ത്രി സ്ഥാനത്തേക്ക് എത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ചാണ്ടി ഉമ്മൻ മന്ത്രിയാകും എന്ന് തന്നെയാണ് അറിയാൻ കഴിഞ്ഞിരുന്നതെന്നും കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു.
മന്ത്രിയാവില്ല എന്നുറപ്പായതോടെ ‘തൃത്താല എം.എൽ.എ.’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നു. അവസാനനിമിഷം വരെ മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന ഐ.സി.ബാലകൃഷ്ണനും കടുത്ത അമർഷത്തിലാണ്. എന്നാൽ, രണ്ടര വർഷത്തിനു ശേഷം ടേം വ്യവസ്ഥയനുസരിച്ച് ബാലകൃഷ്ണൻ മന്ത്രിയാവും എന്ന സൂചന പുറത്തേക്കുവരുന്നുണ്ട്.
പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ, പി.കെ.ബഷീർ, കെ.എം.ഷാജി, വി.ഇ.അബ്ദുൾ ഗഫൂർ എന്നിവരായിരിക്കും ലീഗ് മന്ത്രിമാരെന്ന് നേരത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചിരുന്നു. ലീഗിലും ടേം വ്യവസ്ഥയുണ്ട്. രണ്ടര വർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിൻ്റെ ഭാഗമാണിത്.
കേരളാ കോൺഗ്രസ്സിൽ നിന്ന് മോൻസ് ജോസഫും ആർ.എസ്.പിയിൽ നിന്ന് ഷിബു ബേബി ജോണും സി.എം.പിയിൽ നിന്ന് സി.പി.ജോണും മന്ത്രിമാരാകും. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെ.ഡി.പിയിലെ മാണി സി.കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം പങ്കിടും എന്നാണ് തീരുമാനം. ഇതിൽ ഇരുവരും അസംതൃപ്തരാണ്.
ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിനാണെന്നും അതാരാണെന്ന് പി.ജെ.ജോസഫ് അറിയിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. എം.പിമാരായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സുഖു എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് അദ്ദേഹം അറിയിച്ചു.























