Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: സ്വകാര്യ ബസിടിച്ച് റോഡിൽ തെറിച്ചുവീണു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ യുവതികൾക്കു തുണയായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കാവനാട് അരവിള സെൻ്റ് ജോർജ് ഐലൻഡിൽ ജിൻസി സെബാസ്റ്റ്യൻ (33), അരവിള പാളച്ചഴികത്ത് കിഴക്കതിൽ ആൻസി സാംസൺ (31) എന്നിവർക്കാണ് അപകടത്തിൽ സാരമായി പരിക്കേറ്റത്.
വെള്ളിയാഴ്ച പകൽ 12ന് ഹൈസ്‌കൂൾ ജങ്‌ഷനിലെ കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. അരവിളയിൽനിന്ന് കൊല്ലം തുയ്യംപള്ളിയിലേക്ക് പോകുകയായിരുന്നു സുഹൃത്തുക്കളായ ജിൻസിയും ആൻസിയും. ഇവരെ മറികടക്കാൻ ശ്രമിച്ച ചവറ-ആശ്രാമം റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ എന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഈ സമയം സർക്കാരിൻ്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരണയോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളിൽനിന്നു മടങ്ങുകയായിരുന്നു മന്ത്രി ബാലഗോപാൽ. യുവതികൾ രക്തംവാർന്ന് റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി. തുടർന്ന് അതുവഴി വന്ന ഓട്ടോറിക്ഷ നിർത്തിച്ച് പരിക്കേറ്റവരെ ഇതിൽ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.
അപകടത്തിനിടയാക്കിയ സ്വകാര്യ ബസിനെതിരെ നടപടി സ്വീകരിക്കാൻ കൊല്ലം വെസ്റ്റ് പൊലീസിന് മന്ത്രി നിർദേശം നൽകി. വാരിയെല്ല് പൊട്ടിയ ജിൻസിയെയും ദേഹമാസകലം മുറിവേറ്റ ആൻസിയെയും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.