Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ സി.പി.എമ്മിലെ കെ.രാധാകൃഷ്ണൻ തൻ്റെ പേര് പരാമർശിച്ചതിൽ പൊട്ടിത്തെറിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വഖഫ് നിയമഭേദഗതി യാഥാർഥ്യമാകുന്നതോടെ കേരള നിയമസഭയില്‍ പാസ്സാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ബില്ലിന് എതിർത്തുകൊണ്ട് മലയാളത്തിലാണ് രാധാകൃഷ്ണൻ സംസാരിച്ചത്. കേരളത്തിലെ ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിൻ്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിൻ്റെ പേരില്‍, അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായ കാര്യം പ്രസംഗത്തിൻ്റെ അവസാനം അദ്ദേഹം പരാമർശിച്ചു. 1987ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്നാണ് നടത്തിയതെന്ന് രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.
ഇക്കാര്യം പറയുന്നതിനിടെ ‘ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെ’ന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. തുടര്‍ന്നാണ് സുരേഷ് ഗോപി ക്ഷുഭിതനായത്.
ആവശ്യമില്ലാതെയാണ് തൻ്റെ പേര് വലിച്ചിഴച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളനിയമസഭയില്‍ ഇവര്‍ ഒരു പ്രമേയം പാസാക്കിയിരുന്നു. രാജ്യസഭയിലെ തീരുമാനത്തിന് ശേഷം ആ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകും. നിങ്ങള്‍ അതിനായി കാത്തിരിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, സുരേഷ് ഗോപിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷത്തുനിന്ന് ബഹളമുയര്‍ന്നു. ഇതോടെ സുരേഷ് ഗോപിയും ചെറുക്കാൻ ശ്രമിച്ചത് അല്പനേരം കശപിശയ്ക്കു കാരണമായി.