Follow the FOURTH PILLAR LIVE channel on WhatsApp
കൊല്ലം: എം.ഡി.എം.എയുമായി പിടിയിലായ യുവതിയുടെ സ്വകാര്യഭാഗത്തു നിന്ന് വീണ്ടും എം.ഡി.എം.എ. കണ്ടെത്തി. പെരിനാട് ഇടവട്ടം സ്വദേശിനിയായ അനില രവീന്ദ്രനെ (34) വൈദ്യ പരിശോധന നടത്തിയപ്പോഴാണ് 46 ഗ്രാം എം.ഡി.എം.എ. സ്വകാര്യഭാഗത്തു നിന്ന് കണ്ടെത്തിയത്. ജനനേന്ദ്രിയത്തിൽ പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചാണ് എം.ഡി.എം.എ. പുറത്തെടുത്തത്. കഴിഞ്ഞ ദിവസം ഇവരിൽനിന്ന് 50 ഗ്രാം എം.ഡി.എം.എ. കണ്ടെത്തിയിരുന്നു. അതിൻ്റെ നടപടിക്രമങ്ങളുടെ ഭാഗമായി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് കൂടുതൽ എം.ഡി.എം.എ. പിടിച്ചത്. 3 ലക്ഷം രൂപയുടെ എം.ഡി.എം.എയാണ് ഇവരിൽ നിന്നു പിടികൂടിയത്.
കർണാടകത്തിൽ നിന്നു കൊല്ലം നഗരത്തിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് എം.ഡി.എം.എയുമായി സ്വന്തം കാറിൽ ഒരു യുവതി വരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ മുതൽ തന്നെ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എ.സി.പി. എസ്.ഷെറീഫിൻ്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന.
വെള്ളിയാഴ്ച വൈകിട്ട് നീണ്ടകര പാലത്തിനു സമീപത്ത് നിന്നാണ് യുവതിയുടെ കാര്‍ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. കാറിന് പൊലീസ് സംഘം കൈ കാണിച്ചെങ്കിലും ഇവർ നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ജനനേന്ദ്രിയത്തിൽ ലഹരി ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
2021ൽ എം.ഡി.എം.എ. കടത്തിയ കുറ്റത്തിന് തൃക്കാക്കരയിൽ അനില അറസ്റ്റിൽ ആയിരുന്നു.