Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതായി പ്രഖ്യാപിക്കാൻ യു.ഡി.എഫിൻ്റെയും ബി.ജെ.പിയുടെയും നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മത്സരിക്കുകയാണ്. ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള പാലക്കാട് മുൻസിപ്പാലിറ്റിയുടെ പ്രഖ്യാപനമാണ് ഇതിൽ ഏറ്റവും വാർത്താപ്രാധാന്യം നേടിയത്. എന്നാൽ, ഈ പ്രഖ്യാപനം നടപ്പാക്കാനുള്ള ഫണ്ട് എവിടെ നിന്നു കണ്ടെത്തും എന്ന ചോദ്യമുണ്ട്. ചെറുതല്ലാത്ത ചോദ്യം. അങ്ങനെ വരുമ്പോൾ യു.ഡി.എഫും ബി.ജെ.പിയും ആശമാരെ പറഞ്ഞുപറ്റിക്കുകയല്ലേ?
തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ടു തരം ഫണ്ടുകളാണുള്ളത് -പ്ലാൻ ഫണ്ടും തനത് ഫണ്ടും. രണ്ടും കൈകാര്യം ചെയ്യുന്നതിന് അതിൻ്റേതായ മാനദണ്ഡങ്ങളുണ്ട്.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങൾക്ക് ജനകീയാസൂത്രണത്തിൻ്റെ ഭാഗമായി നൽകിവരുന്ന വിഹിതമാണ് പ്ലാൻ ഫണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് നിർവ്വഹണത്തിനായി കൈമാറിയ വകുപ്പുകളിൽ ഓരോ പ്രദേശത്തും ഏറ്റെടുക്കേണ്ട പദ്ധതികൾ വികസന സെമിനാറിലൂടെ തീരുമാനിക്കും. ഇവ സർക്കാർ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമാണോ എന്ന് പരിശോധിച്ച് ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി.) അംഗീകാരം നൽകും. ദേദഗതിയോ തിരുത്തലോ ഡി.പി.സി. നിർദ്ദേശിച്ചാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനം പദ്ധതിയിൽ മാറ്റം വരുത്തിയ ശേഷം വീണ്ടും ആസൂത്രണ സമിതി അംഗീകാരത്തിനയക്കണം. ഇത് നടപ്പാക്കാൻ ഗഡുക്കളായാണ് സംസ്ഥാന വിഹിതം ലഭിക്കുക. ഇതിൽ നിന്ന് എന്തായാലും 5 പൈസ ആശമാർക്കെന്നല്ല ഒരാൾക്കും നൽകാൻ കഴിയില്ല.
കെട്ടിട നികുതി, തൊഴിൽ നികുതി, പരസ്യ ഫീസ്, നിർമ്മാണ പെർമിറ്റ് ഫീസ്, വിനോദനികുതി, മറ്റിനങ്ങളിലെ ഫീസ്/ചാർജ് എന്നിവയിൽ നിന്നുള്ള വരുമാനമാണ് തനതു ഫണ്ട്. പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി ആക്ടിനും അതിനു കീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾക്കും വിധേയമായി മാത്രമേ ഈ ഫണ്ടും ചെലവാക്കാൻ കഴിയൂ. ബജറ്റിൽ ഉൾപ്പെടുത്തി ആശമാർക്ക് ഫണ്ട് നൽകുമെന്ന് ഭരണസമിതിക്ക് തിരുമാനിക്കാം. പക്ഷേ അത് നടപ്പാക്കിയാൽ തദ്ദേശ സ്ഥാപനത്തിൻ്റെ സെക്രട്ടറിക്ക് പെൻഷൻ വാങ്ങാൻ പറ്റില്ല. കാരണം നിയമത്തിലും ചട്ടത്തിലും പറയാത്ത, അനുവദിക്കാത്ത ഒരു കാര്യത്തിനും ഫണ്ട് ചെലവിടാൻ സെക്രട്ടറിക്ക് അധികാരമില്ല . ഭരണസമിതിക്ക് സാമ്പത്തിക വിനിയോഗത്തിൽ തന്നിഷ്ടം കാണിക്കാൻ കഴിയില്ല എന്ന് ചുരുക്കം. അപ്പോൾ ആ വഴിക്കും ഫണ്ട് ഉപയോഗിക്കാൻ പറ്റില്ല.
പിന്നെ ഏത് ഫണ്ട് ആണ് ബി.ജെ.പി. ഭരിക്കുന്ന പാലക്കാട് മുൻസിപ്പാലിറ്റി ആശമാർക്ക് കൊടുക്കാൻ പോകുന്നത് എന്നറിയില്ല. ഇതുപോലെ ഭരണസമിതി എടുത്ത പല തീരുമാനങ്ങളും നടപ്പാക്കാനാവാതെ പോയതിൻ്റെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും പറയാനാവും. കെട്ടിട നികുതി കുട്ടാൻ സർക്കാർ തീരുമാനിച്ചപ്പോൾ യു.ഡി.എഫും ബി.ജെ.പിയും ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വർധിപ്പിച്ച നിരക്ക് വാങ്ങില്ലെന്ന് യോഗം കൂടി തീരുമാനമെടുത്തു. എന്നാൽ അതു നടപ്പായില്ലെന്നു മാത്രം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും വർധിപ്പിച്ച നികുതി തന്നെ ഈടാക്കുന്നുണ്ട്.
പ്രാദേശിക സർക്കാരുകളായാണ് തദ്ദേശ സ്ഥാപനങ്ങളെ വിഭാവനം ചെയ്തിട്ടുള്ളത്. പ്രാദേശിക വികസനത്തിൽ നിർണായക അധികാരമുണ്ട് എന്നല്ലാതെ ഇഷ്ടം പോലെ പണം പിരിക്കാനും ചെലവാക്കാനും പഞ്ചായത്തുകൾക്കോ മുൻസിപ്പാലിറ്റികൾക്കോ കോർപറേഷനുകൾക്കോ അധികാരമില്ല.
1992ൽ വരുത്തിയ 73ാം ഭരണഘടനാ ഭേദഗതി അതിൻ്റെ പൂർണ അർത്ഥത്തിൽ നടപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളം. ഇതിൻ്റെ ചുവടുപിടിച്ച് 1996ൽ ഇടതു സർക്കാരാണ് ജനകീയാസൂത്രണവും അധികാര-സമ്പത്ത് വികേന്ദ്രീകരണവും ഒക്കെ നടപ്പാക്കിയത്. ഭരണം കിട്ടിയപ്പോഴൊക്കെ അധികാര വികേന്ദ്രീകരണം അട്ടിമറിക്കാൻ ശ്രമിച്ചവരാണ് യു.ഡി.എഫ്. തദ്ദേശസ്വയംഭരണ വകുപ്പ് പലതായി വിഭജിച്ച് പല മന്ത്രിമാരുടെ കീഴിലാക്കി കുളമാക്കിയത് അതിൻ്റെ പ്രകടമായ ഉദാഹരണമാണ്.
തദ്ദേശസ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ടും തനത് ഫണ്ടും വകമാറ്റാനാവില്ലെന്ന് യു.ഡി.എഫ്.-ബി.ജെ.പി. നേതാക്കൾക്ക് നന്നായറിയാം. മാസങ്ങൾക്കകം നടക്കുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായാണ് ‘ഓണറേറിയം വർധിപ്പിച്ചു’ എന്നതുപോലുള്ള വ്യാജനിർമ്മിതികൾ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് ഇല്ലാത്ത അധികാരം പ്രയോഗിക്കും എന്ന പ്രഖ്യാപനമാണിത്.
രാജ്യത്തെ ഭരണഘടന അനുസരിച്ച് ഓരോ തട്ടിലുമുള്ള ഭരണകൂടങ്ങൾക്ക് അവരുടേതായ അധികാരങ്ങൾ നിഷ്കർഷിച്ചു നല്കിയിട്ടുണ്ട്. ഒരു ഭരണകൂടത്തിൻ്റെ അധികാരത്തിൽ മറ്റൊരു ഭരണകൂടം ഇടപെടാതിരിക്കുന്നതാണ് ഫെഡറലിസത്തിൻ്റെ ആണിക്കല്ല്. ഉദാഹരണമായി രാജ്യരക്ഷ യൂണിയൻ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള കാര്യമാണ്. അതിനാൽത്തന്നെ സൈനികരുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അവരാണ് തീരുമാനിക്കുന്നത്. കേരളത്തിനകത്ത് ജോലി ചെയ്യുന്ന സൈനികർക്ക് 2,000 രൂപ ശമ്പളം കൂട്ടിക്കൊടുക്കാം എന്ന് കേരള സർക്കാരിന് തീരുമാനിക്കാനാവില്ല.
കേന്ദ്രത്തിൻ്റെ അഗ്നിവീർ പദ്ധതിക്ക് സി.പി.എം. എതിരാണ്. അതിനാൽ കേരളത്തിലെ അഗ്നിവീർമാർക്ക് പ്രത്യേക ഇൻസൻ്റീവ് നല്കിക്കളയാം എന്ന് സി.പി.എം. നയിക്കുന്ന കേരള സർക്കാർ തീരുമാനിക്കുമോ? അതിനു സാധിക്കില്ല എന്നു തന്നെയാണുത്തരം. അതുപോലെ തന്നെ കേന്ദ്ര പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വൊളൻ്റിയർമാരുടെ പ്രതിഫലം സംബന്ധിച്ച് ഒരു തീരുമാനവുമെടുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണകൂടങ്ങൾക്ക് അധികാരമില്ല. അവരുടെ ഫണ്ടിൽ ഈയിനത്തിലുള്ള വിഹിതം വകയിരുത്തപ്പെടുന്നില്ല. ഇല്ലാത്ത വിഹിതം വിതരണം ചെയ്യാനുമാവില്ല.
നടക്കാത്ത കാര്യം പ്രഖ്യാപിച്ച് വെറുതെ ആശമാരെ കളിയാക്കുകയല്ലേ യു.ഡി.എഫും ബി.ജെ.പിയും ചെയ്യുന്നത്? സമരം സംഘടിപ്പിക്കുന്ന എസ്.യു.സി.ഐക്കെന്ന പോലെ ഇക്കൂട്ടർക്കും ആശമാർ വെറുമൊരു രാഷ്ട്രീയ കളിപ്പാട്ടം മാത്രമാണ്.