29 C
Trivandrum
Sunday, April 20, 2025

സി.പി.എം. പാർട്ടി കോൺഗ്രസിന് മധുര ഒരുങ്ങി

Follow the FOURTH PILLAR LIVE channel on WhatsApp 

മധുര: സി.പി.എം. 24ാം പാർട്ടി കോൺഗ്രസിന് ബുധനാഴ്ച മധുരയുടെ മണ്ണിൽ തുടക്കമവും. നഗരമധ്യത്തിലെ തമുക്കം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ മാർച്ച് 6 വരെയാണ്‌ പാർട്ടി കോൺഗ്രസ്‌. 53 വർഷത്തിനുശേഷമാണു പാർട്ടി കോൺഗ്രസിനു മധുര വേദിയാകുന്നത്. ചെങ്കൊടികളും തോരണങ്ങളുംകൊണ്ട്‌ മധുര നഗരം ചുവപ്പണിഞ്ഞിരിക്കുകയാണ്.

ശിങ്കാരവേലു, സേലം ജയിൽ രക്തസാക്ഷികൾ, കോയമ്പത്തൂർ ചിന്നയ്യംപാളയം രക്തസാക്ഷികൾ, വിദ്യാർഥി രക്തസാക്ഷികളായ സോമു–സെംബു, മധുര രക്തസാക്ഷികൾ എന്നിവരുടെ സ്‌മൃതിമണ്ഡപങ്ങളിൽനിന്നും ആരംഭിച്ച ദീപശിഖകൾ ചൊവ്വാഴ്ച വൈകിട്ട്‌ തമുക്കം മൈതാനത്ത്‌ സംഗമിച്ചു. കീഴ്‌വെൺമണി രക്തസാക്ഷികളുടെ സ്‌മൃതികുടീരത്തിൽനിന്ന്‌ കേന്ദ്ര കമ്മിറ്റി അംഗം യു.വാസുകിയുടെ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാക ബുധൻ രാവിലെ 8ന്‌ കൺട്രോൾ കമ്മീഷൻ ചെയർമാൻ എ.കെ.പത്മനാഭൻ ഏറ്റുവാങ്ങും. തുടർന്ന്‌ ബുദ്ധദേബ്‌ ഭട്ടാചാര്യ കവാടത്തിൽ ബിമൻ ബസു പതാക ഉയർത്തും.

പകൽ 10.30ന്‌ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാളിൽ പൊളിറ്റ്‌ ബ്യൂറോ കോ–ഓർഡിനേറ്റർ പ്രകാശ്‌ കാരാട്ട്‌ പാർട്ടികോൺഗ്രസ്‌ ഉദ്‌ഘാടനംചെയ്യും. മണിക്‌ സർക്കാർ അധ്യക്ഷനാകും. സി.പി.ഐ. ജനറൽ സെക്രട്ടറി ഡി.രാജ ഉൾപ്പെടെയുള്ളവർ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ബുധനാഴ്ച ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം 6 വരെ തുടരും.

‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തിൽ വ്യാഴാഴ്ച നടക്കുന്ന സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുക്കും. 4നും 5നും വൈകിട്ട്‌ സാംസ്‌കാരിക സംഗമം നടക്കും. 6നു പകൽ മൂന്നിന്‌ റെഡ്‌ വളൻ്റിയർ പരേഡ്‌ ആരംഭിക്കും. വൈകീട്ട് 4ന് റിങ്‌ റോഡ്‌ ജങ്‌ഷന്‌ സമീപം എൻ ശങ്കരയ്യ സ്‌മാരക ഗ്രൗണ്ടിൽ പൊതുസമ്മേളനം ചേരും.

പാർട്ടി കോൺഗ്രസിനു മുന്നോടിയായി മധുരയിൽ പി.ബി., കേന്ദ്ര കമ്മിറ്റി യോഗങ്ങൾ ചേർന്നു. 80 നിരീക്ഷകർ അടക്കം 881 പ്രതിനിധികളാണു പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികളുള്ളതു കേരളത്തിൽനിന്നാണ് – 175. അഭിനേതാക്കളായ വിജയ് സേതുപതി, സമുദ്രക്കനി, പ്രകാശ് രാജ്, സംവിധായകരായ രാജ്മുരുകൻ, ശശികുമാർ, വെട്രിമാരൻ, ടി.എസ്.ജ്ഞാനവേൽ, മാരി സെൽവരാജ് എന്നിവർ വിവിധ പരിപാടികളിൽ പങ്കാളികളാകും. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള കലാപ്രവർത്തകരുടെ പരിപാടികളും ഒരുക്കിയിട്ടുണ്ട്.

പ്രായപരിധി കണക്കിലെടുത്തു സി.പി.എം. പൊളിറ്റ് ബ്യൂറോയിൽനിന്നു താനടക്കം 2 വനിതാ അംഗങ്ങളും ഒഴിയുമെന്നു വൃന്ദ കാരാട്ട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. അതേസമയം, പിണറായി വിജയൻ്റെ കാര്യത്തിൽ അത്തരത്തിലൊരു കടുംപിടിത്തമുണ്ടാകില്ലെന്ന സൂചനയും വൃന്ദ നൽകി.

ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ ശക്തമായ നിലപാടുമായി സംസ്ഥാന ഭരണത്തിനു നേതൃത്വം നൽകുന്ന പിണറായിക്ക് കഴിഞ്ഞ തവണയും ഇളവു നൽകിയിരുന്നു. അതിൽ ഇത്തവണ മാറ്റം വരേണ്ട സാഹചര്യമില്ല. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റിയുടേതാണ്. സി.പി.എമ്മിന് ഇത്തവണ വനിതാ ജനറൽ സെക്രട്ടറി ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, പി.ബിയിലേക്കു പുതിയ വനിതാ അംഗങ്ങളെത്തും. ഭാവിയിൽ വനിതാ ജനറൽ സെക്രട്ടറി ഉണ്ടായേക്കാമെന്നും വൃന്ദ കൂട്ടിച്ചേർത്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks