Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: യുവാക്കളിൽ ആരോഗ്യപരിപാലനം പ്രോത്സാഹിപ്പിക്കാനും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്താനുമായി എൻ.സി.സി തിരുവനന്തപുരം ഗ്രൂപ്പ് സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യമുള്ള, മയക്കുമരുന്ന് രഹിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ തലത്തിൽ നടത്തുന്ന ഫിറ്റ് ഇന്ത്യ സൺഡേസ് ഓൺ സൈക്കിൾ പ്രചാരണത്തിൻ്റെ ഭാഗമായാണ് എൻ.സി.സി ഈ പരിപാടി സംഘടിപ്പിച്ചത്. 2 കേരള ബറ്റാലിയൻ എൻ.സി.സിയുടെ ചുമതലക്കാരനായ മേജർ ആനന്ദ് ചന്ദ്രശേഖരൻ നേതൃത്വം നല്കി.
അച്ചടക്കവും നേതൃഗുണവും വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി തിരുവനന്തപുരത്തെ എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ആനന്ദ് കുമാറിൻ്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായിരുന്നു ഈ സൈക്കിൾ റാലി. വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 81 എൻ.സി.സി. കേഡറ്റുകളും 1 ഓഫീസറും 4 പ്രൊഫസർമാരും 2 ജൂനിയർ കമ്മിഷൻഡ് ഓഫീസർമാരും 6 ഇൻസ്ട്രക്ടർമാരും പങ്കെടുത്തു.