Follow the FOURTH PILLAR LIVE channel on WhatsApp
നെയ്യാറ്റിൻകര ആറാലുമൂട്ടിൽ 81 വയസ്സുകാരനായ ഗോപൻസ്വാമിയെ മക്കൾ ‘സമാധിയിരുത്തി’ എന്ന ആരോപണത്തെ തുടർന്ന് വിവാദമായ കേസിൽ പൊലീസ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ഗോപൻസ്വാമിയുടെ മരണത്തിൽ അസ്വാഭാവികതയോ കൊലപാതകസാധ്യതയോ കണ്ടെത്താനായിട്ടില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും വ്യക്തമാക്കിയാണ് അന്വേഷണം അവസാനിപ്പിച്ചത്.
ആറാലുമൂട് കാവുവിളാകം വീട്ടിൽ ഗോപൻസ്വാമി മരിച്ചതായി അറിയിക്കുന്ന പോസ്റ്ററുകൾ 2025 ജനുവരി 11ന് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗോപൻസ്വാമി ‘സമാധിയായി’ എന്നായിരുന്നു ഭാര്യയും മക്കളും പറഞ്ഞത്. എന്നാൽ മരണം എപ്പോൾ, എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം പുറത്തുവരാത്തത് നാട്ടുകാരിൽ സംശയമുണ്ടാക്കി.
ജനുവരി 10ന് രാവിലെ 11 മണിയോടെ ഗോപൻസ്വാമി മരിച്ചെന്നും രാത്രിയോടെ ആചാരപ്രകാരം സംസ്കരിച്ച് ‘സമാധിയിരുത്തി’ എന്നുമായിരുന്നു കുടുംബത്തിന്റെ വിശദീകരണം. എന്നാൽ നാട്ടുകാരിൽ ചിലർ സംഭവത്തിൽ ദുരൂഹത ആരോപിച്ച് വാർഡ് അംഗത്തെയും പൊലീസിനെയും സമീപിച്ചതോടെ അന്വേഷണം ആരംഭിച്ചു.
വീടിനോട് ചേർന്ന് ശിവക്ഷേത്രം നിർമിച്ച് വർഷങ്ങളായി പൂജാകർമങ്ങൾ നടത്തിയിരുന്നയാളാണ് ഗോപൻസ്വാമി. മരണത്തിന് മാസങ്ങൾക്ക് മുമ്പ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും മരിച്ചശേഷം തന്നെ സാധാരണരീതിയിൽ സംസ്കരിക്കാതെ സമാധിയിരുത്തണമെന്ന ആഗ്രഹം അദ്ദേഹം കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നുവെന്നും ഭാര്യയും മക്കളും പൊലീസിന് മൊഴിനൽകിയിരുന്നു.
ഇതിനായി ഏറെ മുമ്പുതന്നെ വീട്ടുവളപ്പിൽ സ്ഥലം കണ്ടെത്തി പദ്മപീഠം ഒരുക്കിയിരുന്നുവെന്നും ആവശ്യമായ കല്ലുകളും എത്തിച്ചിരുന്നുവെന്നും കുടുംബം വിശദീകരിച്ചു. മരണവിവരം പുറത്തറിയിക്കുന്നതിന് മുമ്പ് ചടങ്ങുകൾ പൂർത്തിയാക്കണമെന്നും ഗോപൻസ്വാമി നിർദേശിച്ചിരുന്നതായും അവർ പറഞ്ഞു. ശിവഭക്തനായിരുന്ന അദ്ദേഹം തന്റെ വിശ്വാസത്തിന്റെ ഭാഗമായാണ് ഇത്തരമൊരു സംസ്കാരം ആഗ്രഹിച്ചതെന്നാണ് കുടുംബത്തിന്റെ വാദം.
അതേസമയം, അർധരാത്രികളിൽ ക്ഷേത്രത്തിൽ പൂജകൾ നടക്കാറുണ്ടായിരുന്നുവെന്നും ചില അനുഷ്ഠാനങ്ങളെക്കുറിച്ച് സംശയമുണ്ടെന്നും നാട്ടുകാരിൽ ചിലർ ആരോപിച്ചിരുന്നു. മരണത്തിൽ മക്കൾക്ക് പങ്കുണ്ടോയെന്ന സംശയവും ഉയർന്നതോടെയാണ് പൊലീസ് കൂടുതൽ വിശദമായ അന്വേഷണം നടത്തിയത്.
പിന്നീട് ‘സമാധി’ സ്ഥലം തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലും ആന്തരികാവയവങ്ങളുടെ പരിശോധനയിലും കൊലപാതകത്തിലേക്കോ ബലപ്രയോഗത്തിലേക്കോ വിരൽചൂണ്ടുന്ന തെളിവുകളൊന്നും ലഭിച്ചില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത്.
സാക്ഷിമൊഴികളും ശാസ്ത്രീയ പരിശോധനാഫലങ്ങളും മറ്റ് സാഹചര്യങ്ങളും പരിശോധിച്ചശേഷം മരണത്തിൽ കുറ്റകൃത്യസാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ചത്.
പരിശോധനയ്ക്കായി പുറത്തെടുത്ത ഗോപൻസ്വാമിയുടെ മൃതദേഹം പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സംന്യാസിമാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ആചാരപരമായി വീണ്ടും സമാധിയിരുത്തിയിരുന്നു.































