Follow the FOURTH PILLAR LIVE channel on WhatsApp
നീട്ടി വളർത്തിയ മുടിയും താടിയും, കൈയിൽ പിസ്റ്റളുമായി ജയസൂര്യ. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ എന്ന ചിത്രത്തിലെ ജയസൂര്യയുടെ പുതിയ ലുക്കാണ് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ഫാന്റസി ഹ്യൂമർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നതാണ് പുതിയ ലുക്ക്. കൈയിലെ പിസ്റ്റളും വ്യത്യസ്തമായ രൂപഭാവവും കഥാപാത്രത്തിനുപിന്നിലെ ദുരൂഹതകളിലേക്കുള്ള സൂചനയായാണ് അവതരിപ്പിച്ചിരിക്കുന്നത്.
നേരമ്പോക്കിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം.ഹസ്സൻ, പ്രദീപ് സി.എസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സുനിൽ സിംഗ്, സജിത്ത് പി.വൈ. എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
വിനായകനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ജയസൂര്യയും വിനായകനും ഒരുമിക്കുന്ന രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, മണികണ്ഠൻ ആചാരി എന്നിവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
വലിയ മുതൽമുടക്കിൽ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായാണ് പൂർത്തിയാക്കിയത്. വ്യത്യസ്തമായ ലൊക്കേഷനുകളും ഫാന്റസി സ്വഭാവമുള്ള ദൃശ്യാവിഷ്കാരവും ചിത്രത്തിന്റെ പ്രത്യേകതകളായിരിക്കും.
ജെയിംസ് സെബാസ്റ്റ്യനാണ് തിരക്കഥ. ഷാൻ റഹ്മാൻ സംഗീതവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഷമീർ മുഹമ്മദാണ് എഡിറ്റർ. അരുൺ വെഞ്ഞാറമൂട് പ്രൊഡക്ഷൻ ഡിസൈനറും മഹേഷ് പിറവം കലാസംവിധായകനുമാണ്.
രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ് എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരാണ്. ഫീനിക്സ് പ്രഭുവാണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. യെല്ലോ ടൂത്താണ് ഡിസൈൻ. സുഹൈബ് എസ്.ബി.കെ. സ്റ്റിൽസും നജീർ നസീം പ്രൊഡക്ഷൻ മാനേജ്മെന്റും കൈകാര്യം ചെയ്യുന്നു. രാജേഷ് സുന്ദരം പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂർ ജോസ്.
ചിത്രത്തിന്റെ നിർമാണാനന്തര ജോലികൾ പുരോഗമിക്കുകയാണ്. ‘ടൈറ്റൻസ്’ ഒക്ടോബർ 1ന് തിയേറ്ററുകളിലെത്തും.


























