Follow the FOURTH PILLAR LIVE channel on WhatsApp
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഓഗസ്റ്റ് 30 ഞായറാഴ്ച കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാചടങ്ങോടെയാണ് ചിത്രത്തിന് തുടക്കമായത്.
വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, നായിക മീനാക്ഷി മാധവൻ, നിർമാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത്, ഡെൽറ്റ മണി, സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ, സംവിധായിക ഷിഫ്ന എന്നിവരും അണിയറപ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിച്ചു. സംവിധായകൻ അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരനും ശോഭയും ചേർന്നാണ് സ്വിച്ചോൺ നിർവഹിച്ചത്. വിനീത് ശ്രീനിവാസൻ ആദ്യ ക്ലാപ്പ് നൽകി.
തിയേറ്റർ ഓഫ് ഡ്രീംസ്, എം.സ്റ്റാർ എന്റർടെയ്ൻമെന്റ്, ഡ്രീം മർച്ചന്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി, ഷബീർ മലവെട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
മലബാറിലെ ഒരു വീടിനെ പശ്ചാത്തലമാക്കി കുടുംബകഥയും ഭീതിയും നർമ്മവും കൂട്ടിച്ചേർത്താണ് ‘ചടങ്ങ്’ ഒരുക്കുന്നത്. ഹൊററിനും ഹ്യൂമറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനൊപ്പം സുരേഷ് കൃഷ്ണ, സോന നായർ, ജഗദീഷ്, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മീനാക്ഷി മാധവനാണ് നായിക.
അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേർന്നാണ് തിരക്കഥ. ബിബിൻ അശോക് സംഗീതവും ഹലോ റഷാദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കണ്ണൻ മോഹനാണ് ചിത്രസംയോജനം. ദിലീപ് നാഥ് പ്രൊഡക്ഷൻ ഡിസൈനും അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നിർവഹിക്കുന്നു.
രജീഷ് വേലായുധൻ ചീഫ് അസോസിയേറ്റ് ഡയറക്ടറാണ്. കലൈ കിംഗ്സ്റ്റൺ സംഘട്ടനരംഗങ്ങളും സുധി സുരേന്ദ്രൻ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സാജൻ ആർ.ശാരദയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. സുഹൈൽ വരട്ടിപ്പള്ളിയാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ഷെയ്ൻ സാബുറ സ്റ്റിൽ ഫോട്ടോഗ്രാഫറുമാണ്. ഓൾഡ് മങ്ക്സാണ് ഡിസൈൻ. ഷബീർ മലവെട്ടത്ത് പ്രൊഡക്ഷൻ കൺട്രോളറാണ്. പി.ആർ.ഒ. വാഴൂർ ജോസ്.
വണ്ടൂരിലും പരിസരപ്രദേശങ്ങളിലുമായാണ് ‘ചടങ്ങ്’ പ്രധാനമായും ചിത്രീകരിക്കുന്നത്.






























