ചിരിയും ചിന്തയും ചേർത്ത് ‘ഓട്ടം തുള്ളൽ’ ടീസർ

Follow the FOURTH PILLAR LIVE channel on WhatsApp 

ഗ്രാമീണ ജീവിതത്തിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ജി.മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്തിറങ്ങി. ടൊവിനോ തോമസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ചിരിയോടൊപ്പം സാമൂഹിക വിമർശനവും മുന്നോട്ടുവയ്ക്കുന്ന ചിത്രമായിരിക്കും ‘ഓട്ടം തുള്ളൽ’ എന്ന സൂചനയാണ് ടീസർ നൽകുന്നത്.

“ഹായ് ഫ്രണ്ട്‌സ്, നമസ്കാരം… ഞാൻ നിങ്ങളുടെ സ്വപ്നേഷ്…” എന്ന സംഭാഷണത്തോടെയാണ് ടീസറിലെ ശ്രദ്ധേയ ഭാഗങ്ങളിലൊന്ന് തുടങ്ങുന്നത്. പുതുതായി ആരംഭിക്കുന്ന ഒരു ശവപ്പെട്ടിക്കടയ്ക്ക് ആശംസ നേർന്നുകൊണ്ടുള്ള സ്വപ്നേഷിന്റെ വാക്കുകൾ നർമം നിറയ്ക്കുന്നു.

“ഇവിടെ എല്ലാം സെറ്റാണ്… പെണ്ണൊക്കെ ഓക്കെയാണ്… പൊരുത്തങ്ങളെല്ലാം ഓക്കെയാണ്, ഒരു പൊരുത്തം ഒഴിച്ച്…” എന്ന സംഭാഷണവും അതിന് പിന്നാലെയുള്ള ചോദ്യവും മറുപടിയും ടീസറിലെ മറ്റൊരു പ്രധാന ഭാഗമാണ്. വിവാഹപ്പൊരുത്തം മുതൽ ഗ്രാമീണ വിശ്വാസങ്ങൾ വരെ രസകരമായി അവതരിപ്പിക്കുന്ന രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന ഐ.എസ്.ആർ.ഒ. പോലും പുതിയ റോക്കറ്റ് വിക്ഷേപണത്തിന് മുമ്പ് ഗണപതിഹോമം നടത്തുന്നു എന്ന പരാമർശത്തിലൂടെ വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള വൈരുദ്ധ്യവും ചിത്രം നർമത്തോടെ സ്പർശിക്കുന്നുണ്ട്.

തനി ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ചേർത്തൊരുക്കുന്ന ഫാമിലി ഹ്യൂമർ ചിത്രമായാണ് ‘ഓട്ടം തുള്ളൽ’ അവതരിപ്പിക്കുന്നത്. വിജയരാഘവനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു., ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർഥ് ശിവ, കുട്ടി അഖിൽ, ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദനൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത്, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതുലക്ഷ്മി, ജസ്ന്യ കെ. ജയദീഷ്, ചിത്ര നായർ, പ്രിയ കോട്ടയം, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ആദ്യ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമിക്കുന്നു. സിറിയക് ആലഞ്ചേരി സഹനിർമാതാവാണ്. ഹിരൺ മഹാജനും ജി.മാർത്താണ്ഡനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്.

ബിനു ശശിറാമാണ് തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി ചിത്രസംയോജനവും നിർവഹിക്കുന്നു. സുജിത് രാഘവാണ് കലാസംവിധാനം. അമൽ സി.ചന്ദ്രൻ മേക്കപ്പും സിജി തോമസ് നോബൽ വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ എന്നിവർ ചീഫ് അസോസിയേറ്റ് ഡയറക്ടർമാരും സജ്യു പൊറ്റയിൽക്കട, ഡിഫിൻ ബാലൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരുമാണ്.

അജി മസ്കറ്റാണ് സ്റ്റിൽസ്. റഫീഖ് ഖാൻ, മെൽബിൻ ഫെലിക്സ് എന്നിവർ പ്രൊഡക്ഷൻ മാനേജർമാരും ബിജു കടവൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്. പി.ആർ.ഒ. വാഴൂര്‍ ജോസ്.

സെപ്റ്റംബർ 18ന് ചിത്രം തിയേറ്ററുകളിലെത്തും. ഗുഡ്‌വിൽ റിലീസാണ് ‘ഓട്ടം തുള്ളൽ’ പ്രദർശനത്തിനെത്തിക്കുന്നത്.

COMMENT

Recent Articles

Related Articles

Special