ഉമ്മൻ ചാണ്ടിയുടെ പേരിൽ പ്രതികാരമോ?

Follow the FOURTH PILLAR LIVE channel on WhatsApp 

ഉമ്മൻ ചാണ്ടിയോട് ചെയ്തത് മറക്കരുത്; പിണറായി വിജയനും അതേ അനുഭവം നൽകണം — സി.എം.ആർ.എൽ.–എക്സാലോജിക് കേസിനെച്ചൊല്ലി കോൺഗ്രസിനകത്ത് ഉയർന്ന പുതിയ തർക്കത്തിന്റെ ഒരു ധാര ഇതാണ്.

പിണറായി വിജയനെതിരെ ഉടൻ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി മാത്യു കുഴൽനാടൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ, മുൻ എൽ.ഡി.എഫ്. സർക്കാർ ഉമ്മൻ ചാണ്ടിയോട് സ്വീകരിച്ച സമീപനവും വീണ്ടും ചർച്ചയായി. ചില കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സമൂഹമാധ്യമങ്ങളിൽ ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ പങ്കുവച്ച് ‘അന്ന് കിട്ടാത്ത നീതി ഇന്ന് പിണറായിക്ക് എന്തിന്’ എന്ന ചോദ്യമുയർത്തി. മറുവശത്ത് മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രാഷ്ട്രീയ പക തീർക്കാൻ ഭരണാധികാരം ഉപയോഗിക്കില്ലെന്ന നിലപാടെടുത്തു.

ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പോലും രണ്ട് കാര്യങ്ങൾ ഒരേസമയം പറഞ്ഞു: തന്റെ പിതാവ് വേട്ടയാടപ്പെട്ടുവെന്ന നിലപാട് ആവർത്തിച്ചെങ്കിലും പിണറായി വിജയന്റെ കാര്യത്തിൽ നിയമനടപടി നിയമത്തിന്റെ വഴിക്കുതന്നെ പോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ഉമ്മൻ ഇതിനിടെ പിതാവിന്റെ പഴയൊരു വീഡിയോ പങ്കുവച്ചു. അതിൽ ഉമ്മൻചാണ്ടി പറയുന്നത് — തനിക്ക് പ്രതികാരം ഇഷ്ടമല്ല എന്നാണ്.  അപ്പോൾ ചരിത്രം ചോദിക്കേണ്ട ചോദ്യം മറ്റൊന്നാണ്. ഉമ്മൻ ചാണ്ടിയെ പിണറായി വിജയൻ വ്യക്തിപരമായി വേട്ടയാടിയെന്ന ഒറ്റവാചകത്തിൽ ആ കാലത്തെ മുഴുവൻ രാഷ്ട്രീയചരിത്രവും ഒതുക്കാനാകുമോ? രേഖകൾ നോക്കിയാൽ ചിത്രം അത്ര ലളിതമല്ല.

സോളാർ കമ്മീഷനെ നിയമിച്ചത് പിണറായി അല്ല

ഉമ്മൻചാണ്ടിയെ ‘വേട്ടയാടി’ എന്ന ആരോപണത്തിൽ ആദ്യം ഉയർത്തിക്കാട്ടുന്നത് സോളാർ കേസും ജസ്റ്റിസ് ജി.ശിവരാജൻ കമ്മീഷനുമാണ്. എന്നാൽ ആദ്യത്തെ വസ്തുത വ്യക്തമാണ്. സോളാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് പിണറായി വിജയൻ സർക്കാരല്ല. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന യുഡിഎഫ് സർക്കാരാണ്.

സോളാർ വിവാദം 2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് പൊട്ടിപ്പുറപ്പെട്ടത്. എൽ.ഡി.എഫ്. വലിയ പ്രക്ഷോഭം സംഘടിപ്പിച്ചു. അതിനു പിന്നാലെ 2013 ഒക്ടോബറിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭ ജസ്റ്റിസ് ശിവരാജനെ ഏകാംഗ അന്വേഷണ കമ്മീഷനായി നിയമിച്ചു. അതിന്റെ അന്വേഷണത്തിനുമുന്നിൽ ഉമ്മൻ ചാണ്ടി ഹാജരായതും പിണറായി ഭരണകാലത്തല്ല. 2016 ജനുവരിയിൽ, ഉമ്മൻ ചാണ്ടി തന്നെയാണ് മുഖ്യമന്ത്രി. അന്ന് അദ്ദേഹം കമ്മീഷനു മുന്നിൽ ഏകദേശം 14 മണിക്കൂർ മൊഴി നൽകി. കേരളത്തിൽ ഒരു സിറ്റിങ് മുഖ്യമന്ത്രി ജുഡീഷ്യൽ കമ്മീഷനു മുന്നിൽ ഹാജരാകുന്ന ആദ്യ സംഭവമായിരുന്നു അത്. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഉമ്മൻ ചാണ്ടി അന്ന് കമ്മീഷനോട് പറഞ്ഞു.

ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ 4 വാല്യമായ റിപ്പോർട്ട് സർക്കാരിന് ലഭിച്ചത് 2017 സെപ്റ്റംബർ 26നാണ്. അപ്പോഴാണ് പിണറായി വിജയൻ മുഖ്യമന്ത്രി. അതായത് കമ്മീഷന്റെ രൂപവത്കരണവും അന്വേഷണത്തിന്റെ വലിയൊരു ഭാഗവും ഉമ്മൻ ചാണ്ടിയുടെ സ്വന്തം സർക്കാരിന്റെ കാലത്തായിരുന്നു. അതിനാൽ ‘പിണറായി ഒരു കമ്മീഷൻ ഉണ്ടാക്കി ഉമ്മൻചാണ്ടിയെ അതിനു മുന്നിൽ നിർത്തി’ എന്ന തരത്തിലുള്ള ലളിതമായ പ്രചാരണം ചരിത്രത്തോട് പൊരുത്തപ്പെടില്ല.

പക്ഷേ അതോടെ സോളാർ ചരിത്രം തീരുന്നില്ല

അതേസമയം മറുവശത്തെ വസ്തുത മറച്ചുവയ്ക്കുന്നതും ശരിയാകില്ല. ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം എൽ.ഡി.എഫ്. സർക്കാർ അതിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ പ്രഖ്യാപിച്ചു. സരിത നായരുടെ കത്തിലെ ലൈംഗികാരോപണങ്ങൾ ഉൾപ്പെടെ അന്വേഷണത്തിലേക്ക് കൊണ്ടുവന്നു. ഇവിടെയാണ് പിന്നീട് കോടതിയുടെ ഇടപെടലുണ്ടായത്. 2018 മേയിൽ കേരള ഹൈക്കോടതി സരിതയുടെ കത്തിലെ ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട ശിവരാജൻ കമ്മീഷന്റെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ശുപാർശകളും റിപ്പോർട്ടിൽനിന്ന് നീക്കംചെയ്യാൻ ഉത്തരവിട്ടു. മറ്റ് ഭാഗങ്ങൾ കോടതി നിലനിർത്തി.

പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ച ലൈംഗികാരോപണ കേസുകൾ സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പരാതിക്കാരി 2020ൽ മുഖ്യമന്ത്രിക്ക് കത്തുനൽകി. 2021ൽ പിണറായി സർക്കാർ കേസുകൾ സി.ബി.ഐയ്ക്ക് കൈമാറി. അതാണ് കോൺഗ്രസ് ഇപ്പോൾ ഏറ്റവും ശക്തമായി ചൂണ്ടിക്കാട്ടുന്ന ഭാഗം. സി.ബി.ഐ. അന്വേഷണത്തിൽ ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണം തെളിയിക്കാൻ നേരിട്ടോ സാഹചര്യപരമായോ തെളിവില്ലെന്ന് കണ്ടെത്തി. ക്ലിഫ് ഹൗസിൽ സംഭവമുണ്ടായി എന്ന് പരാതിക്കാരി പറഞ്ഞ ദിവസം ഉമ്മൻ ചാണ്ടി അവിടെയുണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. സി.ബി.ഐ. നൽകിയ ക്ലോഷർ റിപ്പോർട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 2023 സെപ്റ്റംബറിൽ അംഗീകരിച്ചു.

ഉമ്മൻ ചാണ്ടിയുടെ അവസാന നാളുകളിൽ മറ്റൊരു ചിത്രം

വ്യക്തിപരമായ ശത്രുതയായിരുന്നു പിണറായി വിജയന്റെ സമീപനത്തിന്റെ അടിസ്ഥാനം എന്ന വാദത്തെ ചോദ്യംചെയ്യുന്ന മറ്റൊരു രേഖ ഉമ്മൻ ചാണ്ടിയുടെ അവസാനകാല ചികിത്സയിലാണ്. 2023 ഫെബ്രുവരിയിൽ ഉമ്മൻ ചാണ്ടിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് വി.ചാണ്ടിയടക്കം 42 ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പിണറായി കുടുംബവുമായി ബന്ധപ്പെട്ടു. ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിലേക്ക് അയച്ചു. വിവിധ ചികിത്സാവിഭാഗങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സർക്കാർ ആറംഗ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയും തുടർചികിത്സയും ബോർഡ് നിരീക്ഷിച്ചു.

ഇത് ഇടതുപക്ഷത്തിന്റെ അവകാശവാദമല്ല. ഉമ്മൻ ചാണ്ടിയുടെ മകൻ തന്നെ പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചു. 2023 സെപ്റ്റംബറിൽ ‘ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ ചാണ്ടി ഉമ്മൻ പറഞ്ഞത്, പിണറായി വിജയൻ തന്റെ പിതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക താൽപര്യം കാണിച്ചുവെന്നാണ്. പിണറായി പ്രത്യേകമായി എത്തി ഉമ്മൻ ചാണ്ടിയെ കണ്ടതായും ആരോഗ്യസ്ഥിതി അന്വേഷിച്ച് തന്നെ പല തവണ വിളിച്ചതായും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആക്രമണങ്ങളെ താൻ പിന്തുണയ്ക്കുന്നില്ലെന്നും അതേ അഭിമുഖത്തിൽ വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റുന്ന കാര്യത്തിലും മുഖ്യമന്ത്രിയായിരുന്ന പിണറായി കുടുംബവുമായി തുടർച്ചയായി ബന്ധപ്പെട്ടു. സർക്കാർ എല്ലാ സഹായവും നൽകുമെന്ന് പിണറായി പരസ്യമായും അറിയിച്ചിരുന്നു. രാഷ്ട്രീയ വൈരുധ്യം ഉണ്ടായിരുന്നുവെന്നതും വ്യക്തിപരമായ തലത്തിൽ ഇത്തരം ഇടപെടലുകൾ ഉണ്ടായിരുന്നുവെന്നതും ഒരേസമയം ചരിത്രത്തിന്റെ ഭാഗമാണ്. ഒന്ന് പറയാൻ മറ്റൊന്ന് മായ്ച്ചുകളയേണ്ട കാര്യമില്ല.

ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുസ്തകം പറയുന്നത്

ഇതിനേക്കാൾ നേരിട്ടുള്ള രേഖ ഉമ്മൻ ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’ തന്നെയാണ്. 2006–2011 കാലത്ത് ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന സമയത്തെ ഒരു കുടുംബസംഭവം അദ്ദേഹം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

മകളെ ലക്ഷ്യമിട്ട് അപവാദപ്രചാരണം നടന്നു. ലഘുലേഖകൾ ഇറങ്ങി. വാർത്താസമ്മേളനവും നടത്തി. ഈ ആരോപണങ്ങളുമായി ചിലർ അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണ തേടിയെങ്കിലും അവർക്കത് ലഭിച്ചില്ലെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിലെ വിവരണം. പിണറായി നിലപാട് പിന്നീട് പി. ജയരാജൻ മുഖേന തന്നെ അറിയിച്ചുവെന്നും ഇത്തരം വ്യക്തിഹത്യകൾക്ക് സി.പി.എം. കൂട്ടുനിൽക്കില്ലെന്ന സന്ദേശമാണ് ലഭിച്ചതെന്നും പുസ്തകം രേഖപ്പെടുത്തുന്നു.

ആത്മകഥയിലെ സംഭവത്തിന്റെ കാതൽ പി. ജയരാജനും 2023ൽ സ്ഥിരീകരിച്ചു. കുടുംബകാര്യത്തെ രാഷ്ട്രീയ ആയുധമാക്കരുതെന്നായിരുന്നു പിണറായി വിജയന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ഇത് പിണറായി വിജയനെക്കുറിച്ച് സി.പി.എം. എഴുതിയ സാക്ഷ്യപത്രമല്ല. അദ്ദേഹത്തിന്റെ ദീർഘകാല രാഷ്ട്രീയ എതിരാളിയായിരുന്ന ഉമ്മൻ ചാണ്ടി സ്വന്തം ആത്മകഥയിൽ രേഖപ്പെടുത്തിയ അനുഭവമാണ്. അതിനാൽ ഉമ്മൻ ചാണ്ടിയുടെ പേരിൽ ഇന്നൊരു രാഷ്ട്രീയചരിത്രം നിർമ്മിക്കുമ്പോൾ ഈ പേജും അതിൽനിന്ന് കീറിമാറ്റാനാവില്ല.

ലാവലിൻ: മറുവശത്തെ ചരിത്രവും വായിക്കണം

ഇന്ന് ‘ഉമ്മൻചാണ്ടിയെ വേട്ടയാടിയതിനുള്ള മറുപടി’ എന്ന വാദം ഉയർത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് അസൗകര്യമുണ്ടാക്കുന്ന മറ്റൊരു അധ്യായമാണ് എസ്.എൻ.സി.–ലാവലിൻ കേസ്. 2006 ഫെബ്രുവരി 7ന് കേരള സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേസ് സി.ബി.ഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും നിലപാടെടുത്തിരുന്നു. ഫെബ്രുവരി 10ന് വിജിലൻസ് ഡയറക്ടർ അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകി. ഫെബ്രുവരി 27ന് വിജിലൻസ് 8 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അതിൽ പിണറായി വിജയന്റെ പേര് ഉണ്ടായിരുന്നില്ല. ഉമ്മൻ ചാണ്ടി പിന്നീട് ഇതു പരസ്യമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്; അതേസമയം വിജിലൻസ് പിണറായിയെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും അന്വേഷണം തുടർന്നിരുന്നുവെന്നും അദ്ദേഹം വാദിച്ചു.

പിന്നെ സംഭവിച്ചത് ശ്രദ്ധേയമാണ്. 2006 മാർച്ച് 1ന് ഉമ്മൻ ചാണ്ടി മന്ത്രിസഭ കേസ് സി.ബി.ഐയ്ക്ക് വിടാൻ തീരുമാനിച്ചു. അന്നുതന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനവും വന്നത്. 2007ലെ കേരള ഹൈക്കോടതി വിധിയിൽ ഈ തീരുമാനവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചപ്പോൾ, സി.ബി.ഐയ്ക്ക് വിടാനുള്ള മാറ്റത്തിന് കാരണങ്ങൾ ഫയലിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രത്യേക ‘നോട്ട്’ കണ്ടെത്താനായില്ലെന്നും വിഷയം സാധാരണ അജൻഡയ്ക്ക് പുറത്താണ് പരിഗണിച്ചതെന്നുമുള്ള സർക്കാർ വാദങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനദിവസത്തെ തീരുമാനം, അതിനു കുറച്ച് ആഴ്ച മുമ്പ് സർക്കാർ സ്വീകരിച്ചിരുന്ന വിരുദ്ധ നിലപാട്, വിജിലൻസ് എഫ്.ഐ.ആറിൽ രാഷ്ട്രീയനേതാക്കളുടെ പേരില്ലായിരുന്നത് എന്നിവ രാഷ്ട്രീയലക്ഷ്യത്തിന്റെ തെളിവായി സി.പി.എം. വർഷങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.

പിന്നീട് കോടതിയിൽ എന്തുണ്ടായി?

സി.ബി.ഐ. പിന്നീട് പിണറായി വിജയനെ പ്രതിയാക്കി. എന്നാൽ തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി 2013ൽ അദ്ദേഹത്തെ കേസിൽനിന്ന് ഒഴിവാക്കി. 2017ൽ കേരള ഹൈക്കോടതിയും ആ തീരുമാനം ശരിവെച്ചു. ലഭ്യമായ വസ്തുതകളില്ലാതെ സി.ബി.ഐ. പിണറായി വിജയനെ തിരഞ്ഞെടുത്തുവെന്ന വിമർശനവും ഹൈക്കോടതി വിധിയിൽ ഉണ്ടായിരുന്നു.

അതുകൊണ്ട് ലാവലിൻ ചരിത്രവും സോളാർ ചരിത്രവും ഒപ്പംവച്ചാൽ ഒരു കാര്യം വ്യക്തമാണ്: രാഷ്ട്രീയമായി എതിർചേരികളിലുണ്ടായിരുന്ന രണ്ടു നേതാക്കൾക്കെതിരെയും അന്വേഷണങ്ങളും ഏജൻസികളും കേസുകളും രാഷ്ട്രീയപ്രചാരണത്തിന്റെ കേന്ദ്രമായി. ഓരോ കേസിന്റെയും നിയമചരിത്രം വേറെയാണ്. അതിനെ ‘ഞങ്ങൾക്ക് ചെയ്തത്, ഇനി ഞങ്ങളും ചെയ്യും’ എന്ന സമവാക്യത്തിലേക്ക് ചുരുക്കുന്നതാണ് പ്രശ്നം.

‘എനിക്ക് പ്രതികാരം ഇഷ്ടമല്ല’

ഇപ്പോഴത്തെ വിവാദത്തിൽ ഏറ്റവും ശ്രദ്ധേയമായ ഇടപെടൽ ഒരുപക്ഷേ കോൺഗ്രസ് നേതാക്കളുടേതല്ല. ഉമ്മൻ ചാണ്ടിയുടെ മകൾ മരിയയുടേതാണ്. കോൺഗ്രസിനകത്ത് ‘പഴയത് മറക്കരുത്’ എന്ന വാദം ശക്തമാകുന്നതിനിടെയാണ് പിതാവിന്റെ പഴയൊരു വീഡിയോ അവർ പങ്കുവച്ചത്. അതിൽ ഉമ്മൻ ചാണ്ടിയുടെ സന്ദേശം ലളിതമാണ്: പ്രതികാരത്തോട് തനിക്ക് താൽപര്യമില്ല. ആ വീഡിയോയ്ക്ക് ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ പ്രത്യേക പ്രസക്തിയുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരിൽ പ്രതികാരം ആവശ്യപ്പെടുന്നവർക്ക് അദ്ദേഹത്തിന്റെ സ്വന്തം രാഷ്ട്രീയഭാഷ തന്നെ വേറൊരു മറുപടി നൽകുന്നു.

ചാണ്ടി ഉമ്മന്റെയും ഏറ്റവും പുതിയ നിലപാട് അതിൽനിന്ന് ഏറെ അകലെയല്ല. പിതാവിനോട് അനീതി നടന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതേസമയം പിണറായി വിജയന്റെ കാര്യത്തിലും നിയമത്തിന്റെ നടപടിക്രമം പാലിക്കണം; കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കണം എന്നതാണ് അദ്ദേഹത്തിന്റെ വാദം.

കേസ് അന്വേഷിക്കട്ടെ; പ്രതികാരം നിയമമാകരുത്

ഇന്ന് സി.എം.ആർ.എൽ.–എക്സാലോജിക് ആരോപണങ്ങൾ നിയമനടപടിയുടെ ഘട്ടത്തിലാണ്. ഇ.ഡി. നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണം നടത്താനാണ് ആദ്യം യു.ഡി.എഫ്. സർക്കാർ തീരുമാനിച്ചത്. ലഭ്യമായ വിവരങ്ങൾ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ മതിയെന്നും മറ്റൊരു പ്രാഥമികാന്വേഷണം അനാവശ്യമാണെന്നും ഒക്ടോബർ 9ന് കേരള ഹൈക്കോടതി വിധിച്ചു. തുടർന്ന് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തു. പിണറായി വിജയൻ ആരോപണങ്ങൾ നിഷേധിക്കുകയും നിയമപരമായി ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്.

ഈ കേസിലെ തെളിവ് എന്ത്? ആർക്കെതിരെ ഏത് കുറ്റം നിലനിൽക്കും? അത് കോടതി തീരുമാനിക്കേണ്ട കാര്യമാണ്. കോൺഗ്രസിന് അന്വേഷണം ആവശ്യപ്പെടാം. സർക്കാരിന് നിയമോപദേശം തേടാം. ഹൈക്കോടതിയുടെ നിർദേശം നടപ്പാക്കാം. പ്രതിപക്ഷത്തിന് അതെല്ലാം ചോദ്യംചെയ്യാം. ഇവ ജനാധിപത്യത്തിന്റെ വഴികളാണ്. പക്ഷേ ‘ഉമ്മൻ ചാണ്ടിയോട് അവർ ചെയ്തത് ഓർക്കുക; അതുകൊണ്ട് പിണറായിയോടും അതുതന്നെ ചെയ്യുക’ എന്നത് തെളിവിന്റെ ഭാഷയല്ല. പ്രതികാരത്തിന്റെ ഭാഷയാണ്.

ചരിത്രം തിരഞ്ഞെടുത്ത് വായിക്കരുത്

ഉമ്മൻ ചാണ്ടി–പിണറായി ബന്ധത്തിന്റെ ചരിത്രം ഒറ്റനിറത്തിലുള്ളതല്ല. കടുത്ത രാഷ്ട്രീയ പോരാട്ടമുണ്ട്. സോളാർ പ്രക്ഷോഭമുണ്ട്. ഉമ്മൻ ചാണ്ടിക്കെതിരായ പിന്നീട് തെളിയാതെ പോയ ലൈംഗികാരോപണവും സി.ബി.ഐ. അന്വേഷണവും ഉണ്ട്. അതിനൊപ്പം ഉമ്മൻ ചാണ്ടിയുടെ സ്വന്തം സർക്കാർ നിയമിച്ച സോളാർ കമ്മീഷനുമുണ്ട്. പിണറായി വിജയന്റെ ആരോഗ്യകാര്യ ഇടപെടലുണ്ട്. “വ്യക്തിഹത്യയ്ക്ക് കൂട്ടുനിൽക്കില്ല” എന്ന നിലപാട് പിണറായി സ്വീകരിച്ചത് ഉമ്മൻ ചാണ്ടി സ്വന്തം ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. മറുവശത്ത് ലാവലിൻ കേസ് സി.ബി.ഐയ്ക്ക് വിട്ട ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ തീരുമാനവും അതിന്റെ  വിവാദ സമയക്രമവും ചരിത്രത്തിലുണ്ട്. ഇവയിൽ ഇഷ്ടമുള്ള പകുതി മാത്രം എടുത്ത് മറ്റേ പകുതി മറച്ചുവച്ചാൽ അത് ചരിത്രമല്ല. രാഷ്ട്രീയ ഉപയോഗത്തിനായി നിർമ്മിച്ച ഓർമ്മയാണ്.

പ്രതികാരമല്ല, ഒരേ നിയമം

രാഷ്ട്രീയ എതിരാളിയാണെന്നതുകൊണ്ട് ഒരാളെ സംരക്ഷിക്കേണ്ടതില്ല. അതുപോലെ രാഷ്ട്രീയ എതിരാളിയാണെന്നതുകൊണ്ട് വേട്ടയാടാനും പാടില്ല. ഉമ്മൻചാണ്ടിയായാലും പിണറായി വിജയനായാലും ഒരേ മാനദണ്ഡമാണ് വേണ്ടത്: പരാതിയുണ്ടെങ്കിൽ പരിശോധിക്കുക. പ്രാഥമിക തെളിവുണ്ടെങ്കിൽ കേസെടുക്കുക. അന്വേഷിക്കുക. തെളിവില്ലെങ്കിൽ അവസാനിപ്പിക്കുക. കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കുക.

അതിലപ്പുറം പഴയ രാഷ്ട്രീയവേദനയുടെ കണക്ക് പുതിയ കേസിൽ തീർക്കുക എന്നത് നിയമവാഴ്ചയല്ല. ഉമ്മൻ ചാണ്ടിയുടെ പാരമ്പര്യം തന്നെയാണ് അതിന് മികച്ച മറുപടി നൽകുന്നത്. അദ്ദേഹത്തിന്റെ പേരിൽ പ്രതികാരം ആവശ്യപ്പെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ ഓർക്കണം: പ്രതികാരം വേണ്ട. ചരിത്രത്തെ പ്രതികാരത്തിന്റെ ആയുധമാക്കാതെ, മുഴുവൻ ചരിത്രവും വായിക്കുക — അതാണ് ജനാധിപത്യത്തിന് യോജിച്ച വഴി.

COMMENT

Recent Articles

Related Articles

Special