Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഐ.ബി. ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. തങ്ങളോട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ മേഘ പെട്ടെന്ന് റൂട്ട് മാറ്റാന്‍ കാരണമെന്തെന്നറിയണമെന്ന് കുടുംബവും ആവര്‍ത്തിക്കുന്നു.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കു വരികയായിരുന്ന ട്രെയിനിടിച്ചാണ് മേഘ മരിച്ചത്. ലോക്കോ പൈലറ്റ് തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ട്രെയിന്‍ വരുമ്പോള്‍ ട്രാക്കിൻ്റെ സമീപത്തുകൂടി ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്ന മേഘ പെട്ടെന്നാണ് അതിവേഗത്തില്‍ ട്രാക്കിലേക്ക് ഓടിക്കയറിയത്. ഫോണ്‍വിളി നിര്‍ത്താതെ തന്നെ ട്രാക്കില്‍ തലവച്ചുകിടന്നു, ട്രെയിന്‍ ശരീരത്തിലൂടെ കയറിയിറങ്ങി. മൊബൈല്‍ഫോണ്‍ തകര്‍ന്നു തരിപ്പണമായി.
ഈ അവസാന ഫോണ്‍കോള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഫോണ്‍ വിളിച്ചതാരാണെന്ന് കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടി. ഫോണ്‍ തകര്‍ന്ന അവസ്ഥയിലായതിനാല്‍ ഏറ്റവും ഒടുവില്‍ വിളിച്ചയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ജീവനൊടുക്കാന്‍ മാത്രം പോന്ന പ്രശ്നമെന്തായിരുന്നുവെന്ന് കണ്ടെത്തണമെങ്കില്‍ മേഘ അവസാനമായി സംസാരിച്ചതാരെയെന്ന് കണ്ടെത്തണം. ഈ ഫോണ്‍വിളിയും മരണവുമായി ബന്ധമുണ്ടോയെന്നും വ്യക്തമാകണം. ഫോണ്‍ തകര്‍ന്ന് പോയതിനാല്‍ സി.ഡി.ആര്‍ എടുത്ത് ആ വിളിയാരുടേതെന്ന് അറിയാനാണ് തീരുമാനം.
സ്വന്തം ബാച്ചിലുണ്ടായിരുന്ന ഐ.ബി. ഉദ്യോഗസ്ഥനുമായുണ്ടായിരുന്ന പ്രണയബന്ധം തകര്‍ന്നതിൻ്റെ മനോവിഷമത്തിലാണ് മരണമെന്ന് അഭ്യൂഹമുണ്ട്. വിവാഹത്തിലേക്ക് നീങ്ങിയിരുന്ന പ്രണയത്തില്‍ നിന്ന് സുഹൃത്ത് പിന്‍മാറിയതിൽ മേഘ നിരാശയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് ഇതിലും വ്യക്തത വരുത്തും.
1 വര്‍ഷം മുന്‍പാണ് മേഘ കേന്ദ്ര ഇൻ്റലിജന്‍സ്ബ്യൂറോയില്‍ ജോലിക്കു കയറിയത്. മരണപ്പെടുന്നതിനു തലേദിവസം ഞായറാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നു. വിമാനത്താവളത്തിനു ഒന്നര കിലോമീറ്റര്‍ അപ്പുറത്താണ് വാടകവീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മേഘ താമസിച്ചിരുന്നത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മേഘ വീട്ടിലേക്കു പോകാതെ റെയില്‍വേ ട്രാക്കിലേക്ക് നടന്നു. ചാക്ക മേല്പാലത്തിന് സമീപത്തുള്ള സര്‍വീസ് റോഡിലൂടെ ട്രാക്കിലേക്ക് കടന്നു.ഐ.ഡി. കാര്‍ഡ് കണ്ടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
23ാം വയസ്സിലാണ് മേഘ ഐ.ബിയിൽ ജോലിക്ക് പ്രവേശിച്ചത്. ഏറ്റവും പ്രായം കുറഞ്ഞ മേഘയോട് കരുതലോടെയാണ് സഹപ്രവർത്തകർ ഇടപെട്ടിരുന്നത് എന്ന് അച്ഛൻ മധുസൂദനൻ പറഞ്ഞു. മേഘയുടെ വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മേഘയുടെ അച്ഛൻ മധുസൂദനൻ റിട്ടയേർഡ് അധ്യാപകനും അമ്മ നിഷ പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥയുമാണ്. പത്തനംതിട്ട കലഞ്ഞൂരിലെ വീട്ടുവളപ്പിൽ മേഘയെ സംസ്കരിച്ചു.