Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി. ഉദ്യോഗസ്ഥയായ മേഘയുടെ (24) മരണത്തിൽ സുഹൃത്തായ ഐ.ബി. ഉദ്യോഗസ്ഥൻ മലപ്പുറം എടപ്പാൾ വട്ടംകുളം സ്വദേശി സുകാന്ത് സുരേഷിലേക്ക് അന്വേഷണം. മേഘയുടെ വീട്ടുകാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സുകാന്തിനെ ചോദ്യംചെയ്യാൻ അന്വേഷണസംഘം വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിൻ്റെ ഫോൺ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്.
മേഘയുടെ ബാങ്ക് അക്കൗണ്ടുകളും ടെലിഫോൺ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുമ്പത്തെ കോൾ സുകാന്തിൻ്റേതാണെന്ന് കോൾ ഡാറ്റാ റെക്കോഡിൽ നിന്നു വ്യക്തമായിട്ടുണ്ട്. ഒരാഴ്ചയായി ഇയാൾ വീട്ടിലില്ലെന്നാണ് പൊലീസിനു ലഭിച്ച വിവരം. മേഘയുടെ മരണത്തെത്തുടർന്ന് ഇയാൾ അവധിയിൽ പോയെന്നാണ് ജോലിസ്ഥലത്തുനിന്നു ലഭിച്ച വിവരമെന്നും പൊലീസ് പറയുന്നു.
വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ സെക്യൂരിറ്റി അസിസ്റ്റന്‍റായ മേഘയ്ക്ക് മരണത്തിന്‍റെ തലേദിവസമായ മാര്‍ച്ച് 23ന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. രാജ്യാന്തര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലാണ് ജോലി നോക്കിയത്. വൈകിട്ട് 6 മണിക്ക് ഡ്യൂട്ടി തുടങ്ങി. 9ന് ഭക്ഷണം കഴിക്കാന്‍ പോയ സമയം മേഘ പെട്ടെന്ന് പൊട്ടിക്കരഞ്ഞെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞത്. കരയാന്‍ കാരണമെന്താണെന്ന് ചോദിച്ചിട്ട് കൃത്യമായ മറുപടിയൊന്നും പറഞ്ഞില്ല. പിന്നീട് കുറച്ച് നേരം റെസ്റ്റ് റൂമില്‍ വിശ്രമിച്ച ശേഷം വീണ്ടും ജോലി തുടര്‍ന്നു. രാത്രി മുഴുവന്‍ ദുഖിതയായാണ് കാണപ്പെട്ടതെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
രാവിലെ 7 മണിയോടെയാണ് ജോലി കഴിഞ്ഞത്. ആ സമയം പതിവ് പോലെ അമ്മയെ വിളിച്ചു. ഭക്ഷണം കഴിക്കാന്‍ പോകുവാണെന്നും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുന്നതായുമുള്ള പതിവ് സംസാരം മാത്രമായിരുന്നു ആ ഫോണ്‍ വിളിയില്‍. രാത്രിയിലെ വിഷമത്തേക്കുറിച്ചൊന്നും പറഞ്ഞില്ലെന്നാണ് അമ്മ പറയുന്നത്. വെറും 62 സെക്കന്‍ഡു കൊണ്ട് ആ ഫോണ്‍ വിളി അവസാനിച്ചു.
അതിന് ശേഷമാണ് ചാക്കയിലെ റെയില്‍വേ ട്രാക്ക് ലക്ഷ്യമിട്ട് നടന്ന് തുടങ്ങിയത്. ഇതിനിടെ 4 തവണ സുകാന്തും മേഘയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. എല്ലാ വിളികളും 25 സെക്കന്‍റില്‍ താഴെ മാത്രമാണ്. അവസാനത്തെ കോള്‍ 8 സെക്കന്‍ഡും. ഈ കോളുകളിൽ സംസാരിച്ചതെന്തെന്നു വ്യക്തമായാൽ മേഘയുടെ ആത്മഹത്യയുടെ കാരണവും തെളിയും. ഫോൺ ചെയ്തുകൊണ്ട് ട്രാക്കിലൂടെ നടക്കുന്നതിനിടെ തീവണ്ടി വരുന്നതുകണ്ട് പെട്ടെന്ന് മേഘ ട്രാക്കിൽ കിടക്കുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റിൻ്റെ മൊഴി. മേഘയുടെ ഫോൺ തീവണ്ടിക്കടിയിൽപ്പെട്ട് ചതഞ്ഞ നിലയിലായിരുന്നു. അതിനാൽ സൈബർ സംഘത്തിന് ഫോണിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കാനായില്ല. ഫോൺ ഫൊറൻസിക് പരിശോധനയ്ക്കു കൈമാറിയിരിക്കുകയാണ്.
സുകാന്തിനെതിരെ മേഘയുടെ അച്ഛൻ പരാതി നല്കിയിട്ടുണ്ട്. മേഘയുടെ ശമ്പളം മുഴുവൻ 8 മാസമായി സുകാന്ത് തട്ടിയെടുക്കുകയായിരുന്നെന്നാണ് അച്ഛൻ മധുസൂദനൻ്റെ ആരോപണം. ഇക്കാര്യം കാണിച്ച് അദ്ദേഹം ഐ.ബി., എ.ഡി.ജി.പി., പേട്ട പൊലീസ് സ്റ്റേഷൻ, കൂടൽ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
മേഘയുടെ ബാങ്ക് അക്കൗണ്ടിൻ്റെ സ്റ്റേറ്റ്മെൻ്റ് എടുത്തപ്പോഴാണ് ശമ്പളമെല്ലാം സുകാന്തിൻ്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയുന്നത്. 50,000 രൂപയോളം ശമ്പളമുണ്ടായിരുന്ന മേഘയുടെ അക്കൗണ്ടിൽ ഇപ്പോൾ ബാലൻസുള്ളത് 861 രൂപ മാത്രം.
യു.പി.ഐ. അക്കൗണ്ട് വഴി 3.5 ലക്ഷത്തോളം രൂപയാണ് സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടത്. ഇതിൽ ഹോസ്റ്റൽ ഫീസിനും മറ്റ് ചെലവുകൾക്കുമായി 1.5 ലക്ഷത്തോളം രൂപ മേഘയുടെ അക്കൗണ്ടിലേക്ക് സുകാന്ത് തിരിച്ചിട്ടതായും ബാങ്ക് സ്റ്റേറ്റ്‌മെൻ്റിൽ വ്യക്തമായിട്ടുണ്ട്. സ്റ്റേറ്റ്മെൻറിൻ്റെ പകർപ്പ് ഐ.ബിക്ക് നൽകിയിട്ടുണ്ട്.
മേഘയ്ക്കൊപ്പം രാജസ്ഥാനിൽ ജോധ്പൂരിൽ ഐ.ബിയുടെ ട്രെയിനിങ്ങിനായി ഒപ്പമുണ്ടായിരുന്ന ആളാണ് സുകാന്ത് സുരേഷ്. സുകാന്ത് ഐ.ബിയിൽ എറണാകുളത്താണ് ജോലിചെയ്യുന്നതെന്നും മേഘയുടെ അച്ഛൻ മധുസൂദനൻ പറഞ്ഞു.