Follow the FOURTH PILLAR LIVE channel on WhatsApp
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ബഹിരാകാശത്തു പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാകും.
ശുക്ലയുൾപ്പെടെ 4 യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എ.എക്സ്.-4) മെയിൽ ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെൻ്ററിൽനിന്ന് പുറപ്പെടും. സ്പെയ്സ് എക്സിൻ്റെ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ലയുടെ യാത്ര. ദൗത്യത്തിൻ്റെ പൈലറ്റാണ് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൻ്റെ കമാൻഡറാണ് അദ്ദേഹം.
1984ൽ ബഹിരാകാശയത്രനടത്തിയ രാകേഷ് ശർമയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ. മെയിൽ പോയാൽ ശുക്ല രണ്ടാമനാകും.
നാസയും ഐ.എസ്.ആർ.ഒയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്‌സിയോം സ്‌പെയ്‌സും ചേർന്നാണ് എ.എക്സ്.-4 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സനാണ് കമാൻഡർ. ടിബോർ കപു (ഹംഗറി), സാവോസ് ഉസ്‌നൻസ്‌കി നിസ്‌നീവ്സ്‌കി (പോളണ്ട്) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.