29 C
Trivandrum
Friday, April 25, 2025

പാർട്ടി കോൺഗ്രസ് തുടങ്ങി: സംഘപരിവാറിനെതിരെ പോരാടാൻ ജനാധിപത്യ ശക്തികളുമായി കൈകോർക്കുമെന്ന് സി.പി.എം.

Follow the FOURTH PILLAR LIVE channel on WhatsApp 

മധുര: ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരായ പോരാട്ടം വിജയകരമാക്കാൻ ഏറ്റവും വിശാല ഐക്യം കെട്ടിപ്പടുക്കാനായി എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെയുമായും കൈകോർക്കാൻ സി.പി.എം. പ്രതിബദ്ധതയോടെ നിലകൊള്ളുമെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. സി.പി.എം. 24ാം പാർട്ടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിലോമതയുടെ ഇരുണ്ട ശക്തികൾക്ക് തിരിച്ചടി നൽകാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണം. ജനങ്ങളുടേതായ ജനാധിപത്യവും സോഷ്യലിസവും യാഥാർഥ്യമാക്കാൻ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഒന്നിച്ചു നിൽക്കണമെന്നും പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തു.

ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും ഇടതുപക്ഷ രാഷ്ട്രീയ ഇടപെടൽ വിപുലീകരിക്കുകയും ചെയ്യേണ്ട സമയമാണിത്. നവ ഉദാരവത്കരണ നയങ്ങൾക്കെതിരെ സുസ്ഥിര പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്. ഹിന്ദുത്വ നവഫാഷിസത്തെ ചെറുക്കാൻ ആശയപരമായ സമരം നടത്തുന്നതും ഇടതുപക്ഷമാണ്. നമ്മുടെ രാജ്യത്തിനു നേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണങ്ങളെ ചെറുക്കുന്നതും ഇടതുപക്ഷമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

അമേരിക്കൻ സാമ്രാജ്യത്വവുമായി അടുത്ത ചങ്ങാത്തം പുലർത്തുന്ന ഹിന്ദുത്വ – കോർപറേറ്റ് കൂട്ടുകെട്ടിൻ്റെ പ്രതിനിധികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി. സർക്കാരും. മൂന്നാം തവണയും അധികാരത്തിൽ വന്ന മോദി സർക്കാർ ആർ.എസ്.എസിൻ്റെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടുപോവുകയും തീവ്രമായ നവഉദാരവത്കരണ നയങ്ങൾ നടപ്പാക്കുകയും അമിതാധികാരം പ്രയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇതിനിടെ നവഫാഷിസ്റ്റ് പ്രവണതകളും പ്രകടിപ്പിക്കുന്നു.

ആർ.എസ്.എസിൻ്റെ ഫാഷിസ്റ്റ് സ്വഭാവമുള്ള അജണ്ട നടപ്പാക്കുന്നതിൻ്റെ ഭാഗമാക്കി മുസ്ലിം വിഭാഗത്തെ സ്ഥിരമായി വേട്ടയാടുന്നു. ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിടുന്ന വർഗീയ കലാപങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വിധേയരാവുകയാണ്. ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ അധികാര സംവിധാനങ്ങളുടെ പിന്തുണയും സഹായവും ഈ വേട്ടക്കാർക്ക് ലഭിക്കുന്നു. രാജ്യവ്യാപകമായി ഹിന്ദുത്വ ഏകോപനത്തിനായി വർഗീയ ധ്രുവീകരണം സ്ഥിരമായി നിലനിർത്തുകയാണ് മുസ്ലീങ്ങൾക്കുനേരെയുള്ള തുടർച്ചയായ അക്രമണം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ്. – ബി.ജെ.പി. ദ്വന്ദ്വത്തിനും ഹിന്ദുത്വ ശക്തികൾക്കും എതിരായി ബഹുമുഖ പോരാട്ടം നടത്താൻ ആവശ്യമായ രാഷ്ട്രീയ അടവുനയം പാർട്ടി കോൺഗ്രസ് കൈക്കൊള്ളണമെന്ന് കാരാട്ട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാനും നവ ഉദാരനയങ്ങളുടെ കടന്നാക്രമണത്തിനും എതിരായി സി.പി.എമ്മും ഇതര ഇടതുപക്ഷ പാർട്ടികളും ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തിവരുന്നുണ്ട്. ഇത്തരം പോരാട്ടങ്ങളിൽ അണിനിരക്കുന്ന ബഹുജനങ്ങളെ രാഷ്ട്രീയവൽക്കരിക്കണം. ഇവരിൽ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ അതിശക്തമായ പ്രചാരണം നടത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

സമ്മേളനത്തിൽ മണിക് സർക്കാർ അധ്യക്ഷനായിരുന്നു.

Recent Articles

Related Articles

Special

Enable Notifications OK No thanks