വത്തിക്കാൻ സിറ്റി: മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാട് അടക്കം 21 പേരെ കർദിനാൾമാരായി ഫ്രാൻസിസ് മാർപാപ്പ അഭിഷേകം ചെയ്തു. വത്തിക്കാനിലെ സെൻറ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർഥനാ നിർഭരമായചടങ്ങിൽ ഓരോ കർദിനാളിനേയും പേരുചൊല്ലി വിളിച്ച് സ്ഥാനീയ ചിഹ്നങ്ങൾ അണിയിച്ചു. 21 പേരിൽ ഇരുപതാമനായാണ് ജോർജ് കൂവക്കാട് സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
രക്തം കൊടുത്തും വിശ്വാസങ്ങളെ സംരക്ഷിക്കും എന്നുള്ള ഉറപ്പിന്റെ ചിഹ്നമായ ചുവന്ന തൊപ്പിയും വിശ്വസ്തതയുടെ അടയാളമായ മോതിരവുമാണ് കർദിനാൾമാർക്ക് സ്ഥാനചിഹ്നമായി നൽകുന്നത്. കൽദായ പാരമ്പര്യത്തിലുള്ള പ്രത്യേക തൊപ്പിയാണ് മാർപ്പാപ്പ ജോർജ് കൂവക്കാടിനെ ധരിപ്പിച്ചത്. കറുപ്പും ചുവപ്പും നിറമുള്ള തലപ്പാവും പത്രോസിന്റെയും പൗലോസിൻറെയും പേരുകൾകൊത്തിയ മോതിരവും മാർപ്പാപ്പ അണിയിച്ചു. 21 കർദിനാൾമാരും ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ മാർപ്പാപ്പയുമൊത്ത് കുർബാന അർപ്പിക്കും.
ഭാരത കത്തോലിക്ക സഭയ്ക്കും സീറോമലബാർ സഭയ്ക്കും ലഭിച്ച ക്രിസ്മസ് സമ്മാനമായിരുന്നു മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനലബ്ധി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലികയിൽ ഇന്ത്യൻ സമയം 8.30ന് സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചു. ക്രിസ്തുവിനോടും ക്രൈസ്തവ സഭയോടും വിശ്വാസം പുലർത്തുമെന്ന വിശ്വാസ പ്രമാണം ഏറ്റുചൊല്ലിയ ശേഷം കർദിനാൾമാർക്ക് മാർപ്പാപ്പ സ്ഥാന ചിഹ്നങ്ങൾ നൽകി അനുഗ്രഹിച്ചു.
ലോകത്തോടൊപ്പം നടക്കാനും കണ്ണീരൊപ്പാനും കർദിനാൾമാരോട് മാർപാപ്പ ആഹ്വാനം ചെയ്തു. ദൈവസങ്കൽപം ഹൃദയത്തിൽ ഉറപ്പിക്കുക. പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന വഴിയാണ് നമ്മുടെ മുന്നിലുള്ളത്. അകത്ത് ഒളിക്കുന്നവരാകരുത്, ലോകത്തോടൊപ്പം നടക്കുക, അവരുടെ കണ്ണീരൊപ്പുക. എല്ലാവരെയും ഉൾക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം. അധികാരം ആധിപത്യം പുലർത്താനാകരുത്, പരസ്പരം ശുശ്രൂഷകരാകണമെന്നും മാർപ്പാപ്പ പറഞ്ഞു.
ഇതോടെ കത്തോലിക്കസഭയിലെ കര്‍ദിനാള്‍മാരുടെ എണ്ണം 256 ആയി. ഇതില്‍ 141 പേരാണ് 80 വയസിന് താഴെയുള്ളത്. 21 കർദിനാൾമാരിൽ 20 പേരും 80 വയസിന് താഴെയുള്ളായതിനാൽ മാർപാപ്പയെ തിരഞ്ഞെടുക്കേണ്ട സാഹചര്യത്തിൽ ഇവർക്ക് കോൺക്ലേവിൽ പങ്കെടുക്കാനാകും. 99 വയസുകാരൻ ഇറ്റാലിയൻ ആർച്ച് ബിഷപ് ആഞ്ചെലോ അസെർബിയാണ് കൂട്ടത്തിൽ ഏറ്റവും മുതിർന്നത്. 44കാരൻ യുക്രെനിയൻ ഗ്രീക്ക് സഭയിലെ ആർച്ച് ബിഷപ്പ് മികോല ബൈചോകാണ് ഏറ്റവും ജൂനിയർ.
2021 മുതൽ മാർപാപ്പയുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ സംഘാടകനായിരുന്ന ജോർജ് കൂവക്കാടിനെ കഴിഞ്ഞ ഒക്ടോബറിലാണ് മാർപാപ്പ കർദിനാൾ ആയി പ്രഖ്യാപിച്ചത്. നവംബർ 25ന് ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്ത് അദ്ദേഹം മെത്രാനായി അഭിഷിക്തനായിരുന്നു. ഇന്ത്യയിൽ നിന്നും നേരിട്ട് കർദിനാൾ പദവിയിലെത്തുന്ന ആദ്യ വൈദികനെന്ന ബഹുമതിയും കൂവക്കാടിനെ തേടിയെത്തിയിരുന്നു.
ചടങ്ങുകൾക്ക് സാക്ഷിയാവാൻ ജോർജ് കൂവക്കാടിന്റെ കുടുംബവും കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധി സംഘവും വത്തിക്കാനിൽ എത്തിയിരുന്നു. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ള സഭാ പ്രതിനിധികളും ചടങ്ങുകൾക്ക് സാക്ഷിയായി. ജോർജ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനലബ്ധി ഭാരതത്തിന് അഭിമാനകരമായ കാര്യമെന്ന് പ്രധാനമന്ത്രിയും, ഇന്ത്യയിലെയും കേരളത്തിലെയും ക്രൈസ്തവർക്ക് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആശംസിച്ചു.
ഡിസംബർ 15ന് കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് ജന്മനാടായ ചങ്ങനാശ്ശേരിയിൽ മടങ്ങിയെത്തും. നാട്ടിലെത്തുന്ന കർദിനാളിന് വലിയ സ്വീകരണം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ചങ്ങനാശ്ശേരി അതിരൂപതയും വിശ്വാസി സമൂഹവും.