വത്തിക്കാൻ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്‌നിക്കണമെന്നും ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ നടന്ന സർവമത സമ്മേളനം ആഹ്വാനംചെയ്തു. മാനവികതയുടെ ഏകത്വവും സാഹോദര്യവുമാണ് അതിനാവശ്യമെന്നും സമ്മേളനം ഓർമ്മിപ്പിച്ചു.
സമ്മേളനത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിക്കാട്ടി . സമ്മേളനത്തിലെ ആശീർവാദ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഗുരുവിനെ പരാമർശിച്ചത്.
സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച പരിഷ്‌കർത്താവാണ് ശ്രീനാരായണ ഗുരു. ജാതിവ്യവസ്ഥയെ എതിർത്തുകൊണ്ട്, വംശ-മത-സംസ്‌കാരഭേദമന്യേ എല്ലാവരും ഒരൊറ്റ മനുഷ്യകുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം അദ്ദേഹം ലോകമാകെ വ്യാപിപ്പിച്ചു -മാർപാപ്പ അഭിപ്രായപ്പെട്ടു. ആരോടും ഏതെങ്കിലും രീതിയിലുള്ള വിവേചനം പാടില്ലെന്നും അദ്ദേഹം പ്രഭാഷണത്തിൽ പറഞ്ഞു.
ഇറ്റാലിയൻ ഭാഷയിലേക്ക് തർജമചെയ്ത ഗുരുവിന്റെ കൃതിയായ ‘ദൈവദശകം’ ചൊല്ലിയാണ് ലോക മതപാർലമെന്റിന് തുടക്കംകുറിച്ചത്. ശ്രീനാരായണഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിപ്രമാണിച്ചാണ് വത്തിക്കാനിൽ ലോകമത പാർലമെന്റ് സംഘടിപ്പിച്ചത്. കർദിനാൾ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്തു.
‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. മതം, രാഷ്ട്രം, ഭാഷ മുതലായ അതിർവരമ്പുകളില്ലാത്ത മാനവികതയുടെ ഏകത്വമാണ് വേണ്ടതെന്ന് സെമിനാറിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മോൺസിങ്ങൂർ ഇൻഡുനിൽ ജെ.കൊടിത്തുവാക്, കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സംഘാടകസമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എം.എൽ.എ., കെ.മുരളീധരൻ മുരളിയ, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻനായർ, കെ.ജി.ബാബുരാജൻ, ഗ്യാനി രഞ്ജിത് സിങ്, ഫാ. ഡേവിസ് ചിറമേൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ.മിഥുൻ ജെ.ഫ്രാൻസിസ്, മോൺ.സാന്തിയാഗോ മൈക്കേൽ, റവ.ജോർജ് മൂത്തോലിൽ, കുണ്ഡേലിങ് തത്സക് റിമ്പോച്ചെ, സ്വാമിനി സുധാനന്ദഗിരി, ഡോ.ലോറന്റ് ബാസനീസ്, ആന്റണി ബ്രൗൺ, ഫാ.ബെൻ ബോസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
വത്തിക്കാൻ സ്‌ക്വയറിലെ അഗസ്റ്റിരിയൻ ഹാളിൽ നടന്ന സെമിനാറിൽ എം.എൽ.എ.മാരായ സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, പി.വി.ശ്രീനിജൻ, മാർത്തോമാ സഭ അൽമായ ട്രസ്റ്റി അഡ്വ.ആൻസിൽ കോമാട്ട് തുടങ്ങി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു.