Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന അശരണരും നിരാലംബരുമായവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയ്ക്ക് സംസ്ഥാന സർക്കാർ അനുവദിക്കുന്ന സാമൂഹിക സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ റവന്യൂ വകുപ്പിലെ 34ഉം സർവേ ഭൂരേഖ വകുപ്പിലെ 4ഉം ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു. അനർഹമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കാനും ഉത്തരവായിട്ടുണ്ട്.
അനർഹമായി സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയ 35 പേരുടെ പട്ടികയാണ് ലാൻഡ് റവന്യൂ കമ്മീഷണർ സർക്കാരിനു കൈമാറിയത്. ഈ ഗണത്തിൽ 5 പേരുടെ പട്ടിക സർവേ ഭൂരേഖ വകുപ്പ് ഡയറക്ടറും കൈമാറി. ഇതിൽ സേവനത്തിൽ തുടരുന്ന റവന്യൂ വകുപ്പിലെ 34ഉം സർവേ ഭൂരേഖ വകുപ്പിലെ 4ഉം ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഓഫീസ് അസിസ്റ്റൻ്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്, പാർട് ടൈം സ്വീപ്പർ, ക്ലാർക്ക്, സീനിയർ ഗ്രേഡ് ടൈപിസ്റ്റ്, യു.ഡി. ടൈപിസ്റ്റ്, എൽ.ഡി. ടൈപിസ്റ്റ്, വില്ലേജ് അസിസ്റ്റൻ്റ്, എൽ.ഡി. ക്ലാർക്ക്, പാർട് ടൈം ഗാർഡ്നർ എന്നീ തസ്തികകളിലെ ജീവനക്കാർക്കെതിരെയാണ് നടപടി. ജീവനക്കാരുടെ പേര്, പെൻ (പെർമനന്റ് എംപ്ലോയി നമ്പർ), കൈപ്പറ്റിയ തുക, തസ്തിക എന്നിയവടക്കമാണ് തട്ടിപ്പുകാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. 4,400 മുതൽ 53,400 രൂപ വരെ സാമൂഹിക സുരക്ഷാ പെൻഷനായി കൈപ്പറ്റിയവരുണ്ട്.
1,458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയെന്നാണ് ധനവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്. തുടര്‍ന്ന് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തട്ടിപ്പുകാരെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.