Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: തൃശ്ശൂർ പൂരം കലക്കാൻ നേതാക്കൾ ശ്രമിച്ചെന്ന മൊഴിയിൽ കുരുങ്ങി ബി.ജെ.പി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ബി.ഗോപാലകൃഷ്ണൻ, ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി എന്നിവരുടെ പ്രവൃത്തികൾ സംശയനിഴലിലാക്കുന്ന വിധത്തിലാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന മൊഴി.
സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും തില്ലങ്കേരിയും പൂരദിനത്തിൽ നിരന്തരം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നും തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നുവെന്നും ദേവസ്വം ജോയിൻ്റ് സെക്രട്ടറി പി.ശശിധരൻ മൊഴി നല്കി. വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ച യോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തെന്ന വിവരവും മൊഴിയിലുണ്ട്.
ദേവസ്വത്തിന്റെ ടാഗ് ധരിച്ചെത്തിയയാൾ ആവശ്യപ്പെട്ടതുപ്രകാരമാണ് സുരേഷ് ഗോപിയെ ആംബുലൻസിൽ തിരുവമ്പാടി ദേവസ്വം ബോർഡിന്റെ യോഗം നടന്ന സ്ഥലത്തെത്തിച്ചതെന്ന് സേവാഭാരതിയുടെ ഡ്രൈവർ പ്രകാശനും മൊഴി നൽകി. ചർച്ച നടക്കുമ്പോൾ ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാറിനെ സുരേഷ്‌ഗോപി ഫോണിൽ വിളിച്ചുവെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ് പ്രസിഡന്റ് സുന്ദർ മേനോൻ മൊഴി നൽകി. 10 മിനിറ്റിനകം തില്ലങ്കേരിക്കും ഗോപാലകൃഷ്‌ണനുമൊപ്പം സുരേഷ് ഗോപി ഓഫീസിലെത്തിയിരുന്നതായും മൊഴിയിലുണ്ട്.
പൂരം നടത്തിപ്പിനെ ബാധിക്കുംവിധം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനാൽ പൂരം നിർത്തിവയ്ക്കണമെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് മൊഴി നൽകി. എന്നാൽ, പാറമേക്കാവിന്റെ എഴുന്നള്ളിപ്പും മേളവും തടസ്സവുമില്ലാതെ നടത്തി.
തൃശ്ശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വം ബോര്‍ഡിനെ പേരെടുത്ത് വിമര്‍ശിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായാണ് പൂരം അട്ടിമറിക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെങ്കിലും അട്ടിമറിക്കാന്‍ ശ്രമിച്ചതും ഇതുവഴി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതും ഏത് പാര്‍ട്ടിയാണെന്ന് പരാമര്‍ശിച്ചില്ല. അതിൽ വ്യക്തത വരുത്തുന്ന നിലയിലാണ് ഇപ്പോഴത്തെ മൊഴികൾ ഉണ്ടായിരിക്കുന്നത്.