Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: രാജ്യത്തെ വെർച്വൽ അറസ്‌റ്റ് തട്ടിപ്പുകളിലെ മുഖ്യസൂത്രധാരനായ രാജ്യാന്തരകുറ്റവാളിയെ കുടുക്കി കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്. പശ്ചിമബംഗാളിലെ ബി.ജെ.പി. നേതാവും യുവമോർച്ച കൃഷ്‌ണഗഞ്ച് മണ്ഡലം പ്രസിഡന്റുമായ ലിങ്കൺ ബിശ്വാസാണ് (27) അറസ്‌റ്റിലായത്.
കാക്കനാട് സ്വദേശിനിയായ റിട്ട.പ്രൊഫസർ ബെറ്റി ജോസഫിൽ നിന്ന് 4.12 കോടി രൂപ തട്ടിയെടുത്ത കേസിലാണ് അറസ്‌റ്റ്. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ.പി.മിഷാബ് (21) എന്നിവരടക്കം 15 പേരെ നേരത്തേ കേസിൽ അറസ്‌റ്റു ചെയ്‌തിരുന്നു. ലിങ്കണ് ചൈനയിലെയും കംബോഡിയയിലെയും സൈബർ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബംഗ്ലാദേശ് അതിർത്തിയായ കൃഷ്ണഗഞ്ചിലെത്തി സാഹസികമായാണ് മുഖ്യസൂത്രധാരനെ കുടുക്കിയത്. കൃഷ്ണഗഞ്ചിൽ പ്രാദേശിക പിന്തുണയുണ്ടായിരുന്ന ഇയാളെ പിടികൂടാൻ അവിടത്തെ പൊലീസിന്റെ സഹായവും തേടിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലെത്തിച്ചു.
കേരളത്തിലെ അമ്പതോളം വെർച്വൽ അറസ്‌റ്റ് ഭീഷണി തട്ടിപ്പുകൾക്കുപിന്നിൽ ഇയാളാണെന്ന വ്യക്തമയിട്ടുണ്ട്. കൊച്ചിയിൽ നിന്നുമാത്രം 25 കോടി തട്ടി. രാജസ്ഥാൻ, ഹരിയാണ, മുംബൈ എന്നിവിടങ്ങളിലെല്ലാം കൂട്ടാളികളുണ്ട്. തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറൻസിയാക്കിയതായാണ് സംശയം.
ഡൽഹി പൊലീസ് ചമഞ്ഞ തട്ടിപ്പ് സംഘം വീഡിയോ കോളിലൂടെയാണ് ബെറ്റിയെ ബന്ധപ്പെട്ടത്. സ്വകാര്യ ബാങ്കിന്റെ ഡൽഹി ബ്രാഞ്ചിൽ ബെറ്റിയുടെ പേരിൽ അക്കൗണ്ട് ഉണ്ടെന്നും അതുപയോഗിച്ച് സന്ദീപ് കുമാർ എന്നയാൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും വിശ്വസിപ്പിച്ചു. തുടർന്ന് വെർച്വൽ അറസ്റ്റിലാണെന്നും പറഞ്ഞു. ബെറ്റിയുടെ അക്കൗണ്ടുകളിലുള്ള പണം നിയമപരമാണെന്ന് ഉറപ്പാക്കാൻ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.
തട്ടിപ്പുകാർ നൽകിയ അക്കൗണ്ടിലേക്ക് ഒക്ടോബർ 16നും 24നും ഇടയിൽ ബെറ്റി 3 അക്കൗണ്ടുകളിലുണ്ടായിരുന്ന 4.1 കോടി കൈമാറി. കേസ് തീരുമ്പോൾ പണം തിരികെ നൽകുമെന്ന് പറഞ്ഞിരുന്നു. തിരികെ കിട്ടാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായത്. തുടർന്നാണ് സൈബർ പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശാനുസരണം സൈബർ എ.സി.പി. എം.കെ.മുരളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിനു രൂപം. തട്ടിയെടുത്ത പണം 450ലേറെ അക്കൗണ്ടുകളിലൂടെ കൈമാറിയിരുന്നു. ഇവയെല്ലാം വിശദമായി പരിശോധിച്ചാണ് പൊലീസ് ലിങ്കൺ ബിശ്വാസിലേക്ക് എത്തിയത്. നഷ്ടമായ തുകയിൽ വലിയ പങ്ക് മലപ്പുറത്തുനിന്ന് പിൻവലിച്ചതായി കണ്ടെത്തിയതിലൂടെ രണ്ടു പ്രതികൾ കുടുങ്ങി. തുടർന്നാണ് സംഘത്തലവനിലേക്ക് പൊലീസെത്തിയത്.
കമ്പിളിപ്പുതപ്പ് വ്യാപാരി കൂടിയാണ് ലിങ്കൺ. തട്ടിച്ചെടുത്ത പണംകൊണ്ട് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു. സൈബർ പൊലീസ് എസ്.എച്ച്.ഒ. പി.ആർ.സന്തോഷ്, എ.എസ്.ഐ. ശ്യാംകുമാർ, എസ്.സി.പി.ഒമാരായ ആർ.അരുൺ, അജിത്‌രാജ്, നിഖിൽ ജോർജ്, സി.പി.ഒമാരായ ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങുന്നതായിരുന്നു അന്വേഷണ സംഘം.
























