Follow the FOURTH PILLAR LIVE channel on WhatsApp
കോഴിക്കോട്: മലയാളത്തിൻ്റെ മഹാസാഹിത്യകാരൻ വിടവാങ്ങി. മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ ആ ദ്വയക്ഷരത്തിൻ്റെ ഉടമ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എം.ടി.വാസുദേവൻ നായർ അന്തരിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു 91കാരനായ അദ്ദേഹത്തിൻ്റെ അന്ത്യം. മലയാള സാഹിത്യത്തിന്റെ രമണീയമായ ഒരു കാലം പടിയിറങ്ങി. ഇനി എം.ടി. ഇല്ലാത്ത കാലം.
സാഹിത്യവും സിനിമയും പത്രപ്രവര്‍ത്തനവുമടക്കം കൈവെച്ചതെല്ലാം പൊന്നാക്കിയ സര്‍ഗതീവ്രതയാണ് എം.ടി. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും അദ്ദേഹം വിരൽമുദ്ര പതിപ്പിച്ചു. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമ്മാല്യം ഉൾപ്പെടെ 6 സിനിമകളും 2 ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. തിരക്കഥകളുടെ രൂപത്തിലുള്ള സംഭാവന വേറെ. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി.
1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായരുടെ ജനനം. പുന്നയൂര്‍ക്കുളം ടി.നാരായണന്‍ നായരും അമ്മാളു അമ്മയുമാണ് മാതാപിതാക്കള്‍. 4 ആണ്‍മക്കളില്‍ ഇളയ മകന്‍. കോപ്പൻ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. 1954ൽ പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിൽ പിന്നെ ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. രണ്ടിടത്തും കണക്കാണ് പഠിപ്പിച്ചിരുന്നത്. 1955-56 കാലത്ത് പാലക്കാട് എം.ബി. ട്യൂട്ടോറിയലിൽ അധ്യാപകനായും ജോലിനോക്കി. ഇതിനിടയിൽ തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ച് എം.ബിയിൽ തിരിച്ചെത്തി. തുടര്‍ന്ന് 1956ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ദീര്‍ഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം. ഔദ്യോഗിക ജീവിതം കൂടുതലും കോഴിക്കോടായിരുന്നു.
സ്കൂളിൽ വെച്ചുതന്നെ എഴുത്തു തുടങ്ങിയിരുന്നു. ജ്യേഷ്ഠൻ എം.ടി.നാരായണൻ നായർ, സ്കൂളിലെ സീനിയറും അയൽനാട്ടുകാരനുമായ അക്കിത്തം അച്യുതൻ നമ്പൂതിരി എന്നിവരുടെ സ്വാധീനം എം.ടിയെ വായനയിലും എഴുത്തിലും വഴി കാട്ടി. ആദ്യകാലത്ത് കവിതയാണ് എഴുതിയിരുന്നത്. പിന്നീട് ഗദ്യത്തിലേക്കു വഴിമാറി. ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച രക്തം പുരണ്ട മണ്‍തരികള്‍.
1953ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ വളർത്തുമൃഗങ്ങൾ എന്ന കഥ ഒന്നാമതെത്തിയതോടെ എഴുത്തുകാരന്‍ എന്ന നിലയിൽ എം.ടി. ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഇക്കാലത്ത് പാതിരാവും പകല്‍വെളിച്ചവും എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശ്ശയായി പുറത്തുവന്നു. 1958ല്‍ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. തകരുന്ന നായര്‍ തറവാടുകളെയും അതിലെ മനുഷ്യരുടെ അന്തഃക്ഷോഭങ്ങളെയും ആവിഷ്‌കരിച്ച ഈ കൃതി 1959ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. 1960കളോടെ എം.ടി. മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരനായി അംഗീകരിക്കപ്പെട്ടു.
1968ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. മലയാളത്തിലെ സാഹിത്യ പത്രപ്രവർത്തനത്തെ പുതിയ ദിശയിലേക്കു നയിക്കാൻ എം.ടിക്കു കഴിഞ്ഞു. മലയാളത്തിൽ പിൽക്കാലത്തു തലയെടുപ്പുള്ളവരായി വളർന്ന മിക്ക എഴുത്തുകാരെയും പ്രോത്സാഹിപ്പിച്ചതും അവരുടെ രചനകൾ പ്രസിദ്ധീകരിച്ചതും എം.ടിയായിരുന്നു. 1981ല്‍ ആഴ്ചപ്പതിപ്പിന്റെ പത്രാധിപ സ്ഥാനം രാജിവെച്ചു. 1989ല്‍ പീരിയോഡിക്കല്‍സ് എഡിറ്റര്‍ എന്ന പദവിയില്‍ തിരികെ മാതൃഭൂമിയിലെത്തി. 1999ല്‍ മാതൃഭൂമിയില്‍നിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവില്‍ തുഞ്ചന്‍ സ്മാരക സമിതിയുടെ അധ്യക്ഷനാണ്.
എം.ടിയുടെ കരസ്പര്‍ശമേറ്റതെല്ലാം മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. കാലം, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എന്‍.പി. മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം, വാരാണസി തുടങ്ങിയ നോവലുകള്‍. കൂടാതെ ഒട്ടനവധി ചെറുകഥകളും നോവലെറ്റുകളും. 1984ലാണ് രണ്ടാമൂഴം പുറത്തുവരുന്നത്. ഭീമനെ കേന്ദ്രകഥാപാത്രമാക്കി, മഹാഭാരതത്തെ ഭീമന്റെ വീക്ഷണത്തില്‍ കാണുന്ന ഈ നോവൽ എം.ടിയുടെ മാസ്റ്റര്‍പീസായി വിലയിരുത്തപ്പെടുന്നു. രണ്ടാമൂഴം സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥാ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്.
സാഹിത്യജീവിതത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു എം.ടിക്ക് സിനിമയും. 1965ൽ സ്വന്തം കൃതിയായ മുറപ്പെണ്ണ് എന്ന ചെറുകഥ തിരക്കഥയാക്കിയാണ് സിനിമയിലെ തുടക്കം. തുടര്‍ന്ന് തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അനേകം ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. നിര്‍മ്മാല്യം (1973), ബന്ധനം (1978), മഞ്ഞ് (1982), വാരിക്കുഴി (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ആദ്യ സംവിധാന സംരംഭമായ നിർമ്മാല്യത്തിന് 1973ലെ രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. 50ലേറെ സിനിമകൾക്കു തിരക്കഥയെഴുതി. അവയിൽ പലതും ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടി. ഒട്ടുമിക്കതും വാണിജ്യ വിജയങ്ങളുമായിരുന്നു.
2005ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ പ്രഥമ കേരളജ്യോതി 2022ൽ എം.ടിക്ക് ലഭിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ലും മലയാള ചലച്ചിത്ര മേഖലയിൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം 2013ലും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (നാലുകെട്ട്), വയലാര്‍ അവാര്‍ഡ് (രണ്ടാമൂഴം), എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കാലിക്കറ്റ് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു.
30ലേറെ ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ എം.ടിക്കു ലഭിച്ചിട്ടുണ്ട്. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 3 തവണ ലഭിച്ചു.
നൃത്താധ്യാപിക കലാമണ്ഡലം സരസ്വതിയാണ് ഭാര്യ. യു.എസില്‍ ബിസിനസ് എക്സിക്യുട്ടീവായ സിതാര, നര്‍ത്തകിയും സംവിധായികയുമായ അശ്വതി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സഞജയ് ഗിര്‍മേ, ശ്രീകാന്ത് നടരാജന്‍. അധ്യാപികയും വിവര്‍ത്തകയുമായിരുന്ന പരേതയായ പ്രമീള നായരാണ് ആദ്യ ഭാര്യ.
പ്രധാന കൃതികൾ
നോവൽ: കാലം, നാലുകെട്ട്, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ്, പാതിരാവും പകൽ വെളിച്ചവും, വിലാപയാത്ര, വാരണാസി.
കഥ: ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പതനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർ-എസ്-സലാം, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, കളിവീട്, വേദനയുടെ പൂക്കൾ, ഷെർലക്ക്, വിത്തുകൾ, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, കല്പാന്തം, പെരുമഴയുടെ പിറ്റേന്ന്, കാഴ്ച, ശിലാലിഖിതം, കുപ്പായം.
തിരക്കഥ: ഓളവും തീരവും, മുറപ്പെണ്ണ്, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, നഗരമേ നന്ദി, അസുരവിത്ത്, പകൽക്കിനാവ്, ഇരുട്ടിൻ്റെ ആത്മാവ്, ബന്ധനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വെള്ളം, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളിൽ, പഞ്ചാഗ്നി, നഖക്ഷതങ്ങൾ, അമൃതം ഗമയ, ഋതുഭേദം, വൈശാലി, ഒരു വടക്കൻ വീരഗാഥ, കടവ്, പെരുന്തച്ചൻ, താഴ്‌വാരം, സുകൃതം, സദയം, പരിണയം, എന്നു സ്വന്ത ജാനകിക്കുട്ടി, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി, തീർത്ഥാടനം.
നാടകം: ഗോപുരനടയിൽ.
ലേഖനസമാഹാരം: കാഥികന്റെ കല, കാഥികന്റെ പണിപ്പുര.