പാരിസ്: ഫ്രാൻസിൽ മിഷേൽ ബാർണിയറുടെ നേതൃത്വത്തിലുള്ള സർക്കാർ അവിശ്വസാ വോട്ടെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് നിലംപതിച്ചു. അധികാരമേറ്റെടുത്ത് 3 മാസത്തിനുള്ളിലാണ് സർക്കാർ വീണത്. 1958ൽ രാജ്യത്തിന്റെ അഞ്ചാം റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഒരു പ്രധാനമന്ത്രിയുടെ ഏറ്റവും കുറഞ്ഞ കാലാവധിയാണിത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഫ്രഞ്ച് പാർലമെൻറിലെ 331 പ്രതിനിധികളാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്. 2025ലേക്കുള്ള ബാർണിയറുടെ ബജറ്റ് നിർദേശങ്ങളോടുള്ള കടുത്ത എതിർപ്പാണ് പ്രതിനിധികളെ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ചെലവ് ചുരുക്കലും 60 ബില്യൺ യൂറോ നികുതി വർദ്ധനയുമാണ് സർക്കാർ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിൽ നിർദേശിച്ചിരുന്നത്. തീവ്ര വലതുപക്ഷ നേതാവ് മറൈൻ ലെ പെന്നും ഇടതുപക്ഷ സഖ്യങ്ങളും ഒത്തോരുമിച്ചാണ് ബാർണിയറുടെ പദ്ധതി എതിർത്തത്. പാർലമെന്റിന്റെ അംഗീകാരമില്ലാതെ ബജറ്റിന്റെ ചില ഭാഗങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ബാർണിയർ പ്രത്യേക ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ചുവെന്നും ഇരു കൂട്ടരും ആരോപിച്ചിട്ടുണ്ട്.
രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന സമയത്താണ് സാമ്പത്തിക മേഖലയെ സന്തുലിതമാക്കാനുള്ള ബാർണിയറുടെ നടപടികളുണ്ടായത്. എന്നാൽ, സർക്കാരിന്റെ ചെലവുചുരുക്കൽ നടപടികളോട് വോട്ടർമാരും വിമുഖതയാണ് പ്രകടിപ്പിച്ചത്. ബാർണിയറിന് അധികാരം നഷ്ടമാകുമ്പോൾ പ്രതിസന്ധിയിലാകുന്നത് ഫ്രഞ്ച് പ്രസിഡൻറ് ഇമാനുവൽ മക്രോൺ ആണ്. എത്രയും പെട്ടെന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുകയെന്നതാണ് മാക്രോണിനു മുന്നിലുള്ള വെല്ലുവിളി. ഇങ്ങനെ തിരഞ്ഞെടുക്കുന്ന വ്യക്തി 2025ലെ ബജറ്റ് പാസാക്കാനും തകർന്നു കിടക്കുന്ന സർക്കാരിനെ മുന്നോട്ട് നയിക്കാൻ പ്രാപ്തിയുള്ള ആളുമായിരിക്കണം എന്നതാണ് പ്രശ്‌നം.
വലതുപക്ഷ നേതാവ് ലെ പെന്നിൻറെ വളർന്നു വരുന്ന സ്വാധീനവും പാർലമെൻറിന്റെ അധോസഭയിൽ വിവിധ മുന്നണികൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്ന കക്ഷിനിലയും മക്രോണിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. നിലവിൽ ലെ പെന്നിൻറെ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി, മക്രോണിൻറെ സെൻട്രിസ്റ്റ് സഖ്യം, ഇടതുപക്ഷം എന്നിവയാണ് അധോസഭയിലെ കക്ഷികൾ.