രാജി ആവശ്യപ്പെട്ടത് സി.പി.എം. തീരുമാനിച്ച പ്രകാരം
രഞ്ജിത്തിനെതിരായ പ്രതിഷേധം സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കാന്‍ രഞ്ജിത്തിനോടു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടതായി സൂചന. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊട്ടിപ്പുറപ്പെട്ട വിവാദത്തിന് ഇതോടെ പരിസമാപ്തി ആവുകയാണ്. വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് സി.പി.എം. നേതാക്കള്‍ കൂടിയാലോചിച്ച് രഞ്ജിത്തിനെ നീക്കാന്‍ തീരുമാനമെടുത്തത്.
Follow the FOURTH PILLAR LIVE channel on WhatsApp
ശനിയാഴ്ച രാവിലെ വാര്‍ത്താസമ്മേളനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വിവാദവുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ പിന്തുണയ്ക്കുന്ന രീതിയില്‍ സംസാരിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം രഞ്ജിത്തിനെതിരെ കേസെടുക്കാനാവില്ലെന്നു പറഞ്ഞ മന്ത്രി രേഖാമൂലം പരാതി തന്നാല്‍ മാത്രമേ കേസെടുക്കാന്‍ സാധിക്കൂ എന്നും വ്യക്തമാക്കി. രഞ്ജിത്തിനെ ചുമതലകളില്‍ നിന്ന് മാറ്റുന്നതില്‍ തീരുമാനമെടുക്കേണ്ടത് സി.പി.എം. ആണെന്നും സജി ചെറിയാന്‍ പറയുകയുണ്ടായി.
സജി ചെറിയാന്റെ വാക്കുകള്‍ ശരിക്കും സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ടി.സതീദേവി ശക്തമായ ഭാഷയില്‍ രഞ്ജിത്തിനെതിരെ പ്രതികരണവുമായി രംഗത്തുവന്നു. സി.പി.ഐ. ദേശീയ നേതാവ് ആനി രാജയടക്കമുള്ളവര്‍ രഞ്ജിത്തിനെതിരെ രൂക്ഷമായ വിമര്‍ശമുയര്‍ത്തുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫ്. ആകട്ടെ രഞ്ജിത്തിനെതിരെ സമരവുമായി രംഗത്തിറങ്ങി.
ഇടതുപക്ഷ കക്ഷികള്‍ക്കിടയില്‍ തന്നെ വിഷയത്തില്‍ ഭിന്നത പ്രകടമായത് സി.പി.എമ്മിനുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു. ഇതേത്തുടര്‍ന്ന് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് രഞ്ജിത്തിനോടു രാജി ആവശ്യപ്പെടുന്ന കാര്യത്തില്‍ ധാരണയായത്. പാര്‍ട്ടി നിലപാട് സ്വീകരിച്ചതോടു കൂടി രഞ്ജിത്തിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കാര്യമായ ആശയവിനിമയം ഇതു സംബന്ധിച്ച് നടന്നിരുന്നു. ഈ സമയത്ത് വയനാട്ടിലായിരുന്ന രഞ്ജിത്ത് നിര്‍ദ്ദേശം ലഭിച്ചതിന്റെ തുടര്‍ച്ചയായി തന്റെ കാറില്‍ സ്ഥാപിച്ചിരുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ബോര്‍ഡ് അഴിച്ചുമാറ്റുകയും അവിടെ നിന്നു കോഴിക്കോട്ടേക്ക് യാത്ര തിരിക്കുകയും ചെയ്തു. രാജി എപ്പോഴുണ്ടാവും എന്ന കാര്യം ഉറപ്പായിട്ടില്ല.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷമുള്ള ആദ്യ നടപടി അങ്ങനെ രഞ്ജിത്തിന്റെ പേരിലായിരിക്കുകയാണ്. ഹേമ കമ്മിറ്റിക്കു മുമ്പാകെ ശ്രീലേഖ മിത്ര മൊഴി നല്കിയിരുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവരികയും വിഷയം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തതോടെ തന്റെ അനുഭവം തുറന്നു പറയാന്‍ അവര്‍ തയ്യാറാവുകയായിരുന്നു. ശ്രീലേഖയുടെ വാക്കുകള്‍ സംവിധായകന്‍ ജോഷി ജോസഫും ശരിവെച്ചതോടെ രഞ്ജിത്ത് ശരിക്കും കുടുങ്ങി.