ന്യൂഡൽഹി: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ ലോക്സഭയിൽ കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തു. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ വെല്ലുവിളിക്കുന്ന ബിൽ ഉടൻ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് ബിൽ പാർലമെന്ററി സംയുക്ത സമിതിക്ക് വിടാൻ സർക്കാർ തീരുമാനിച്ചു.
Follow the FOURTH PILLAR LIVE channel on WhatsApp
ബില്ലിൽ വിശദമായ ചർച്ച നടക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. ബിൽ ജെ.പി.സിക്ക് വിടാനുള്ള പ്രമേയം ലോക്സഭയിൽ അവതരിപ്പിച്ചില്ല. ജെ.പി.സി. അംഗങ്ങളെ തീരുമാനിച്ചശേഷം അവതരിപ്പിക്കും.
ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം നിയമമന്ത്രി അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഡിവിഷന്‍ വോട്ട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 269 പേര്‍ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 198 പേര്‍ എതിര്‍ത്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ ഭരണഘടാ ഭേദഗതി ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ കഴിയൂ എന്ന് പ്രതിപക്ഷം ഓര്‍മപ്പെടുത്തി. ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കേവലഭൂരിപക്ഷം മാത്രമാണ് സര്‍ക്കാരിന് ലഭിച്ചതെന്നും മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ് വേണ്ടതെന്നും കോണ്‍ഗ്രസ് എം.പിമാരായ മാണിക്കം ടാഗോര്‍, ശശി തരൂര്‍ തുടങ്ങിയവര്‍ പറഞ്ഞു.
വോട്ടെടുപ്പിനൊടുവിൽ 8 പേജുള്ള ബില്ലാണ് ലോക്‌സഭക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്. ഏതെങ്കിലും നിയമസഭയിൽ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്ന ഭേദഗതിയും ഇതിൽ ഉൾപ്പെടുന്നു.
ഒരു നേതാവ് ഒരു രാജ്യം ഒരു ആശയം എന്നതിന്റെ മറ്റൊരു വശമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലെന്ന് ജോൺ ബ്രിട്ടാസ് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഫെഡറലിസം തകർക്കാനുള്ള നീക്കമാണ് ഭരണഘടനക്കെതിരായ ബില്ലിലൂടെ കേന്ദ്രം നടത്തുന്നതെന്നും ധൈര്യമുണ്ടെങ്കിൽ ഭരണഘടനയ്ക്ക് എതിരാണെന്ന് തുറന്ന സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണഘടനയുടെ അടിസ്ഥാനഘടനയെ തന്നെ വെല്ലുവിളിക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസിൻ്റെ മനീഷ് തിവാരി പറഞ്ഞു. ഏകാധിപത്യം കൊണ്ടു വരാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് സമാജ്‍വാദി പാർടിയിലെ ധർമേന്ദ്ര യാദവ് പറഞ്ഞു. ഇത് തിരഞ്ഞെടുപ്പ് പരിഷ്‍കരിക്കാനുള്ള ബില്ല് അല്ലെന്നും ഒരാളുടെ സ്വപ്നം മാത്രമാണെന്നും തൃണമൂൽ കോൺഗ്രസിലെ കല്യാൺ ബാനർജി പറഞ്ഞു. ഡി.എം.കെയും ബില്ലിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.
‘ഇന്ന് സഭയില്‍ ഹാജരായത് 461 എംപിമാരാണ്. ഇതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 307 എംപിമാരുടെ പിന്തുണ വേണം. എന്നാല്‍ സര്‍ക്കാരിന് ലഭിച്ചത് 263 വോട്ടുകള്‍ മാത്രമാണ്. പ്രതിപക്ഷത്തിന് 198 വോട്ട് ലഭിച്ചു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് നിര്‍ദേശം മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടു’ മാണിക്കം ടാഗോര്‍ എക്‌സില്‍ കുറിച്ചു.